ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു, തെക്കൻ കേരളത്തിൽ മഴ ഇന്നും തുടരും
ബംഗാൾ ഉൾകടലിൽ ഇന്നലെ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ തെക്കൻ കേരളത്തിൽ ഉൾപ്പെടെ ഇന്നും മഴ സാധ്യത. തെക്കൻ ജില്ലകളിൽ ഇന്നലെത്തെ പോലെ ഇന്നും മഴ ലഭിക്കും.
മധ്യ മ്യാൻമറിനോട് ചേർന്ന് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് ബംഗാൾ ഉൾക്കടലിൽ ഇന്നലെ ന്യൂനമർദ്ദം രൂപം കൊള്ളാൻ ഇടയാക്കിയത്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം മൺസൂൺ ന്യൂനമർദ്ദമായി മാറിയതിനാൽ കാലവർഷക്കാറ്റിനെ സജീവമാക്കിയിട്ടുണ്ട്. വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് കാലവർഷം വിടവാങ്ങുന്നത് പുരോഗമിക്കുകയാണ്.
ന്യൂനമർദ്ദത്തിനൊപ്പം ഫിലിപ്പൈൻസിന് സമീപത്തെ പുതിയ ചുഴലിക്കാറ്റ് കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. ഇതോടൊപ്പം ബംഗാൾ ഉൾ കടലിലെ സ്വാധീനവും മൂലം കൂടുതൽ ഈർപ്പം കേരളം വഴി കടന്നു പോകുന്നത് മഴ സാധ്യത വർധിപ്പിക്കും.
കേരളത്തിനൊപ്പം തമിഴ്നാട്ടിലും, തീരദേശ ആന്ധ്രാ പ്രദേശിലും മഴ വർധിക്കും. കന്യാകുമാരി ഉൾപ്പെടെയുള്ള കേരളത്തോട് ചേർന്ന് തമിഴ്നാട് ജില്ലകളിൽ ഇടിയോടുകൂടിയുള്ള മഴക്ക് പകരം ഇടത്തരം മഴ ലഭിക്കും. വടക്കൻ തമിഴ്നാട്ടിലും ആന്ധ്രപ്രദേശ് മേഖലകളിലും മഴ സജീവമാകും. എന്നാൽ തമിഴ്നാടിന്റെ ഉൾനാടൻ മേഖലകളിൽ വരണ്ട കാലാവസ്ഥ തുടരും.
കേരളത്തിൽ എറണാകുളത്തിന് തെക്കോട്ടുള്ള ജില്ലകളിലാണ് ഇന്ന് മഴ സാധ്യത. കോഴിക്കോട് മുതൽ തെക്കോട്ടുള്ള ജില്ലകളിൽ രാവിലെ മുതൽ മേഘാവൃതം. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.
English Summary: A new depression has formed in the Bay of Bengal, bringing continued rainfall to southern Kerala. Stay updated on weather developments and impacts