രാജവെമ്പാലയേക്കാൾ വിഷമുള്ള പക്ഷി, വലയിൽ കുടുങ്ങിയ പക്ഷിയെ പിടിച്ച ശാസ്‌ത്രജ്ഞൻ്റെ കൈകൾക്ക് പൊള്ളലേറ്റു
പ്രകൃതിയുടെ മറ്റൊരു വരദാനമാണ് പക്ഷികൾ. സ്വാതന്ത്രത്തെ അടയാളപ്പെടുത്തുന്ന ഈ പക്ഷികളുടെ ചിലമ്പൊലി ശബ്‌ദംകേട്ടാണ് പ്രഭാതം പൊട്ടിവിരിയുന്നത് തന്നെ. എന്തുഭംഗിയിലാണ് ഓരോ പക്ഷികളേയും സൃഷ്‌ടിച്ചിരിക്കുന്നത്. പക്ഷികൾ പ്രകൃതിയുടെ ഏറ്റവും മനോഹരമായ സൃഷ്‌ടികളിലൊന്നാണ്. നിറമാർന്ന ചിറകുകളും മധുരമായ കൂകലുകളും വർണാഭമായ തൂവലുകളും എല്ലാം അവയെ എല്ലാവർക്കും പ്രിയങ്കരമാക്കുന്നു.
ചില പക്ഷികൾ വിത്തുകൾ പരത്തി അവ വളർന്ന് പ്രകൃതിക്ക് തണലാകുന്നു. എന്നാൽ ചില പക്ഷികൾ മാരകമായ രഹസ്യങ്ങൾ ഒളിപ്പിച്ചുവക്കുന്നവയാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ അങ്ങനെ ചില രഹസ്യങ്ങൾ സൂക്ഷിക്കുന്ന പക്ഷികളുമുണ്ട്. അതാണ് ഹൂഡഡ് പിറ്റോഹുയി എന്ന പക്ഷി.
രാജവെമ്പാലയേക്കാൾ വിഷം
രാജവെമ്പാലയെക്കാൾ വിഷമുള്ള ഒരു പക്ഷി ന്യൂ ഗിനിയയിലെ നിഗൂഢമായ മഴക്കാടുകൾക്കുള്ളിൽ ജീവിക്കുന്നുണ്ട് . അതിന്റെ പേരാണ് ഹൂഡഡ് പിറ്റോഹുയി (Hooded Pitohui). ലോകത്തിലെ ഏക വിഷ പക്ഷിയായി അറിയപ്പെടുന്ന പക്ഷിയാണിത്. സൗന്ദര്യവും അപകടവും ഒരുപോലെ ഒത്തുചേർന്ന പ്രകൃതിയുടെ അത്ഭുതവുമാണ് ഇവ. മനോഹരമായ കടും ഓറഞ്ചും കറുപ്പും കലർന്ന നിറത്തിൽ കാണപ്പെടുന്ന ഈ പക്ഷി വെറും സുന്ദരൻ മാത്രമല്ല, മനുഷ്യന്റെ നാഡീവ്യൂഹത്തെപ്പോലും നിശ്ചലമാക്കാൻ ശേഷിയുള്ള മാരകമായ വിഷാംശം ഉള്ളിൽ പേറുന്ന ഒരു നിഗൂഢ ജീവി കൂടിയാണ്.
വിഷതവളകളിൽ കാണുന്ന അതേ വിഷം
ഈ പക്ഷിയെ സ്‌പർശിക്കുന്നത് പോലും മനുഷ്യശരീരത്തിൽ അസ്വസ്ഥതകളുണ്ടാക്കാൻ കാരണമാകുന്നു. ഹൂഡഡ് പിറ്റോഹുയിയെ കൈകാര്യം ചെയ്‌താൽ ശരീരത്തിൽ കത്തുന്നതു പോലെയോ അല്ലെങ്കിൽ മരവിപ്പോ അനുഭവപ്പെടാറുണ്ട്. ഇതിന് കാരണം ഈ പക്ഷിയിലടങ്ങിയിരിക്കുന്ന 'ബാട്രാചോട്ടോക്സിൻ' (Btarachotoxin) എന്ന അതിശക്തമായ ന്യൂറോടോക്സിനാണ്. ലോകത്തിലെ ഏറ്റവും മാരകമായ വിഷ തവളകളിൽ കാണപ്പെടുന്ന അതേ വിഷം തന്നെയാണ് ഇതിലുമുള്ളത്. പക്ഷിയുടെ തൂവലുകളിലും തൊലിയിലും എന്തിന് മാംസത്തിൽ പോലും ഈ വിഷാംശം അടങ്ങിയിട്ടുണ്ട്. ഈ പക്ഷിയെ തൊടുകയോ അതിന്റെ മാംസം കഴിക്കുകയോ ചെയ്യുന്നത് കടുത്ത വേദനയ്ക്കും ഭാഗികമായ പക്ഷാഘാതത്തിനും വരെ കാരണമായേക്കാം.
പക്ഷിയുടെ നിറം ശത്രുക്കൾക്കുള്ള മുന്നറിയിപ്പ്
ഹൂഡഡ് പിറ്റോഹുയിയുടെ ആകർഷകമായ നിറങ്ങൾ കേവലം സൗന്ദര്യത്തിനല്ല, മറിച്ച് ശത്രുക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പു കൂടിയാണ്. താൻ അതീവ അപകടകാരിയാണെന്നും തന്നെ ഭക്ഷിക്കാൻ മുതിരരുതെന്നും വേട്ടക്കാരെ അറിയിക്കാനുള്ള പ്രകൃതിയുടെ ഒരു പ്രതിരോധ സംവിധാനവുമാണിത്. ശാസ്ത്രലോകത്ത് ഇതിനെ 'അപ്പോസെമാറ്റിസം' എന്നാണ് വിളിക്കുന്നത്. ഈ വിഷാംശം കാരണം തദ്ദേശീയരായ ന്യൂ ഗിനിയക്കാർ ഈ പക്ഷിയെ കൈകാര്യം ചെയ്യുന്നതിൽ നിന്നും അത് കഴിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നു. 'ചവറ് പക്ഷി' എന്നാണ് ഈ പ്രദേശത്തുള്ളവർ പിറ്റോഹുയിയെ വിശേഷിപ്പിക്കുന്നത്.
പക്ഷിയെ തൊട്ടപ്പോൾ ശാസ്ത്രജ്ജൻ്റെ കൈകൾക്ക് പൊള്ളലേറ്റു
1980കളുടെ അവസാനത്തിൽ ശാസ്ത്രജ്ഞനായ ജാക്ക് ഡംബാച്ചർ ആണ് ഈ പക്ഷിയുടെ വിഷരഹസ്യം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നത്. ന്യൂ ഗിനിയയിൽ ഗവേഷണം നടത്തുന്നതിനിടെ വലയിൽ കുടുങ്ങിയ പക്ഷിയെ മോചിപ്പിക്കാൻ ശ്രമിച്ച അദ്ദേഹത്തിന് വിരലുകളിൽ കടുത്ത പൊള്ളലും മരവിപ്പും അനുഭവപ്പെട്ടിരുന്നു. തുടർന്ന് 1992ൽ നടത്തിയ വിശദമായ പഠനങ്ങളിലാണ് പക്ഷിയുടെ തൂവലിലും ചർമ്മത്തിലും ബാട്രാചോട്ടോക്സിൻ അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ഏറ്റവും രസകരമായ വസ്‌തുത, ഈ പക്ഷി സ്വയം വിഷം ഉൽപ്പാദിപ്പിക്കുന്നില്ല എന്നതാണ്. 'സീക്വെസ്ട്രേഷൻ' എന്ന പ്രക്രിയയിലൂടെ താൻ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് പിറ്റോഹുയി വിഷം ആർജ്ജിക്കുന്നത്. മഴക്കാടുകളിൽ കാണപ്പെടുന്ന വിഷാംശമുള്ള 'മെലിറിഡ് വണ്ടുകളെ' (Melyrid Beetles) ഭക്ഷിക്കുന്നതിലൂടെയാണ് ഈ പക്ഷിയിലേക്ക് വിഷം എത്തുന്നത്.
ഈ വിഷം പക്ഷി തൻ്റെ ചർമ്മത്തിലും തൂവലുകളിലും ശേഖരിച്ചു വെക്കുന്നു. ഹൂഡഡ് പിറ്റോഹുയിക്ക് പുറമെ 'ബ്ലൂ ക്യാപ്പ്ഡ് ഇഫ്രിറ്റ്' പോലുള്ള മറ്റ് ചില ന്യൂ ഗിനിയ പക്ഷികളിലും ചെറിയ അളവിൽ ഈ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രകൃതിയിലെ വിസ്മയകരവും അതേസമയം പേടിപ്പെടുത്തുന്നതുമായ ഒരു യാഥാർത്ഥ്യമാണ്.
English Summary : Discover the captivating colors of the Hooded Pitohui, a bird that warns predators of its toxicity. Learn about its unique defense mechanism, 'aposematism.'