വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ പുതിയ ന്യൂനമർദം രൂപപ്പെടും. ഇന്ത്യയിൽ ദുർബലമായ കാലവർഷം വീണ്ടും സജീവമാകാൻ ഇത് കാരണമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ കേരളത്തിൽ ഒറ്റപ്പെട്ട മഴ മാത്രം പ്രതീക്ഷിച്ചാൽ മതിയാകും. ബംഗാൾ ഉൾക്കടലിന്റെ വടക്കു കിഴക്കൻ മേഖലയോട് ചേർന്ന് കിഴക്ക് മധ്യ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 4.5, 7.6 കി.മി മേഖലയിൽ ചക്രവാതച്ചുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ ന്യൂനമർദം രൂപപ്പെടാൻ അനുകൂല അന്തരീക്ഷവുമാണുള്ളത്. ഈ മേഖലയിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് നേരത്തെ സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്‌കൈമെറ്റ് വെതർ പ്രവചിച്ചിരുന്നു. ഇവിടെ വെള്ളിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്കുള്ള ബുള്ളറ്റിനിലാണ് ഇക്കാര്യം കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയത്.
ന്യൂനമർദ സാധ്യതയെ തുടർന്ന് ഒഡിഷ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിൽ കാലവസ്ഥാ അലർട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഒഡിഷയിലും ജൂൺ 1 മുതൽ ഓഗസ്റ്റ് 16 വരെയുള്ള കണക്കനുസരിച്ച് മഴക്കുറവാണുള്ളത്. 749 എം.എം മഴ രേഖപ്പെടുത്തേണ്ടതിനു പകരം 673 എം.എം മഴയാണ് രേഖപ്പെടുത്തിയത്. 11 ജില്ലകളിൽ മഴക്കുറവാണുള്ളതെന്ന് ഐ.എം.ഡി ഭുവനേശ്വർ പ്രസ്താവനയിൽ പറയുന്നു.
ഈ വർഷം ബംഗാൾ ഉൾക്കടൽ ശാന്തമായതിനാൽ കാലവർഷവും തെക്കൻ, കിഴക്കൻ ഇന്ത്യയിൽ മന്ദഗതിയിലാണ്. ഓഗസ്റ്റ് 15 വരെയുള്ള കണക്കനുസരിച്ച് കിഴക്കൻ ഇന്ത്യയിൽ 65 ശതമാനം മഴക്കുറവുണ്ട്. വീണ്ടും മൺസൂൺ ശക്തിപ്പെടാനുള്ള സാഹചര്യങ്ങൾ ഒന്നും ഇല്ലാത്തപ്പോഴാണ് പ്രതീക്ഷയേകി ന്യൂനമർദം രൂപപ്പെടുന്നത്. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന് രൂപപ്പെടുന്ന ന്യൂനമർദം ബംഗാൾ, ബംഗ്ലാദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒഡിഷ എന്നിവിടങ്ങളിൽ കൂടുതൽ മഴ നൽകും. തീരത്തോട് ചേർന്ന് രൂപപ്പെടുന്ന ന്യൂനമർദം കൂടുതൽ ശക്തിപ്പെടാൻ സാധ്യതയിലില്ല. ഓഗസ്റ്റ് 23 വരെ ഈ ന്യൂനമർദത്തിന്റെ സ്വാധീനം നിലനിൽക്കും. ഒഡിഷ, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ, മധ്യപ്രദേശ് എന്നിവിടങ്ങളിലും കരകയറിയ ന്യൂനമർദം മഴ നൽകുമെന്നാണ് സ്‌കൈമെറ്റ് പറയുന്നത്.
അതേസമയം, കേരളത്തിൽ ന്യൂനമർദം നേരിയ തോതിലേ സ്വാധീനിക്കൂവെന്ന് കേരളത്തിലെ സ്വാകാര്യ കാലാവസ്ഥാ സ്ഥാപനമായ മെറ്റ്ബീറ്റ് വെതർ പറയുന്നു. മൺസൂൺ ബ്രേക്കിന് സമാനമായ അന്തരീക്ഷസ്ഥിതിയാണ് കേരളത്തിലുള്ളത്. കന്യാകുമാരി മേഖലയിലെ കാറ്റിന്റെ സർക്കുലേഷൻ, ന്യൂനമർദപാത്തി തുടങ്ങിയ അനുകൂല ഘടകങ്ങളുണ്ടെങ്കിലും അറബിക്കടലിലെ മേഘരൂപീകരണം നടക്കാത്തതാണ് കേരളത്തിൽ മഴ കുറയ്ക്കുന്നത്. പുതുതായി രൂപപ്പെടുന്ന ന്യൂനമർദവും കേരളത്തിലെ മഴയുടെ കാര്യത്തിൽ വലിയ പുരോഗതി നൽകില്ല. നിലവിൽ 44 ശതമാനം മഴക്കുറവാണുള്ളത്. ഇന്നുവരെ 1572.1 എം.എം മഴ കിട്ടേണ്ടതിനു പകരം 877.2 എം.എം ആണ് മഴ ലഭിച്ചത്. 60 ശതമാനം മഴക്കുറവുള്ള ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത്. ന്യൂനമർദം രൂപപ്പെടുന്നതോടെ കേരളത്തിൽ എത്രത്തോളം മഴ ലഭിക്കുമെന്ന കാര്യത്തിൽ കൂടുതൽ കൃത്യമായ വിവരം നൽകാനാകുമെന്ന് മെറ്റ്ബീറ്റ് വെതർ എം.ഡി കെ. ജംഷാദ് പറയുന്നു. നിലവിൽ സംസ്ഥാനത്തുള്ള മഴക്കുറവ് 2024 ലെ വരൾച്ചാ സൂചനയാണ് നൽകുന്നത്. എൽനിനോ വർഷമായതിനാൽ തുലാവർഷത്തിലും കാര്യമായ പ്രതീക്ഷ ഇത്തവണ കേരളത്തിലില്ല. ഇക്കാര്യം മെറ്റ്ബീറ്റ് വെതർ നേരത്തെ സൂചന നൽകിയിരുന്നു. 2023 ലെ മഴക്കാലത്തേക്കാൾ കരുതേണ്ടത് 2024 ലെ വേനലിനെയാണ്. കർക്കിടകത്തിൽ തന്നെ ജലസംഭരണികളിലും മറ്റും സാധാരണ അളവിൽ ഉണ്ടാകേണ്ട വെള്ളമില്ല. കൃഷിയെയും പ്രതികൂലമായി ബാധിക്കും. 2024 ലെ വരൾച്ചയെ നേരിടാൻ സർക്കാർ തലത്തിൽ അടിയന്തര നടപടികൾ ഉണ്ടാകേണ്ടതുണ്ട്. പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ മേഖലയ്ക്കു പകരം കിഴക്കൻ മേഖലയാണ് നിലനിൽ സജീവമായിട്ടുള്ളത്. അതിനാൽ കേരളത്തിൽ മഴ കുറയുകയാണ്. അടുത്ത മാസം രണ്ടാം വാരം തുടക്കത്തിലും കേരളത്തിൽ മഴ ലഭിക്കുമെങ്കിലും മഴക്കുറവ് നികത്താനുള്ള മഴയൊന്നും പ്രതീക്ഷിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.