അണക്കെട്ടുകളിൽ സംഭരണശേഷി കുറവ്; കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക്

കേരളത്തിലെ പ്രധാന അണക്കെട്ടായ ഇടുക്കി അണക്കെട്ടിൽ ഉൾപ്പെടെ സംഭരണശേഷി കുറഞ്ഞതോടെ കേരളം വൈദ്യുത പ്രതിസന്ധിയിലേക്ക്. പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 32 ശതമാനം മാത്രമാണ് ജലമുള്ളത്. കെഎസ്ഇബിയുടെ 22 അണക്കെട്ടുകളിലെ മൊത്തം സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്. ഇതുപയോഗിച്ച് പരമാവധി ഉത്പാദിപ്പിക്കാവുന്ന വൈദ്യുതി 1543 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം 3445 ദശലക്ഷം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലസംഭരണമുണ്ടായിരുന്നു. ഇതോടെ 1902 ദശലക്ഷം യൂണിറ്റ് വൈദ്യുതി ക്ഷാമമാണ് സംസ്ഥാനം നേരിടുന്നത്. 15 മുതല്‍ 20 ദശലക്ഷം മെഗാവാട്ട് വൈദ്യുതി പ്രതിദിനം ഉത്പാദിപ്പിക്കേണ്ടയിടത്ത് നിലവില്‍ 12 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 44 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലസംഭരണം കുറവാണ്. കൂടാതെ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം കുറഞ്ഞതും 450 മെഗാവാട്ടിന്റെ ദീര്‍ഘകാല കരാര്‍ റദ്ദാക്കേണ്ടി വന്നതുമാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണമാണ്.

കടുത്ത തീരുമാനങ്ങൾക്ക് ഒരുങ്ങി സർക്കാർ

സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ കടുത്ത തീരുമാനങ്ങള്‍ക്കൊരുങ്ങി സര്‍ക്കാര്‍. പ്രതിദിന ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി കമ്മി നികത്താന്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഉണ്ടാകും.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ പ്രതിദിനം 10 കോടി രൂച ചിലവഴിച്ച് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് നിലവില്‍ പരിഹാരം കാണുന്നത്. ഇപ്പോള്‍ പ്രതിദിനം 63 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഓണം അടുക്കുന്നതോടെ ഉപഭോഗം കൂടും. അതോടെ കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും. കൂടിയ വിലയ്ക്ക്‌ വാങ്ങേണ്ടതിനാല്‍ പ്രതിദിനം 15 കോടി രൂപയ്ക്കടുത്ത് ചിലവ് വരുമെന്നാണ് വിലയിരുത്തല്‍.

നിരക്ക് വർദ്ധനയ്ക്കും സാധ്യത

നിരക്ക് വര്‍ധനയും വൈദ്യുതി സെസ് കൂട്ടലുമടക്കുമുള്ള നടപടികളെക്കുറിച്ച് സര്‍ക്കാരിന് ആലോചിക്കേണ്ടതായി വരും. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള സമയപരിധി മൂന്നു മാസം മുമ്പേ പിന്നിട്ടിരുന്നു പുതിയ സാഹചര്യത്തില്‍ എന്തു തീരുമാനം കൈക്കൈാള്ളണമെന്ന് ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

സംസ്ഥാനത്തിനു പുറത്തുനിന്ന് വെദ്യുതി വാങ്ങുമ്പോഴുള്ള നഷ്ടം നികത്താന്‍ സെസ് പിരിക്കാന്‍ കെഎസ്ഇബിക്ക് അനുമതിയുണ്ട്. എന്നാല്‍ യൂണിറ്റ് 10 പൈസയായി ഇത്‌ റഗുലേറ്ററി കമ്മിഷന്‍ നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കൂടിയ വിലയ്ക്ക് വൈദ്യുതി പവര്‍ഗ്രിഡില്‍ നിന്നു വാങ്ങുമ്പോള്‍ അധിക തുക ചിലവുവരും.

ഈ സാഹചര്യത്തില്‍ സെസ് ഉയര്‍ത്താതെ നിര്‍വാഹമില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിയമമനുസരിച്ച് പരിധിയില്ലാതെ സെസ് ഏര്‍പ്പെടുത്താമെങ്കിലും റഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശം വിലങ്ങു തടിയാണ്. ഇതിനെ മറികടക്കാന്‍ എന്തു ചെയ്യാനാകുമെന്നാണ് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യുക. നിരക്ക് വര്‍ധനയും ചര്‍ച്ചാ വിഷയമാകും.

സെപ്റ്റംബറിൽ വീണ്ടും മഴ

ഓഗസ്റ്റ് മാസം മഴ കുറഞ്ഞു നില്‍ക്കുമെങ്കിലും സെപ്റ്റംബറില്‍ കേരളത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് Metbeat Weather നിരീക്ഷണം. പസഫിക് സമുദ്രത്തില്‍ ഇതുവരെ സജീവമായിട്ടില്ല. ഏതാനും ടൈഫൂണുകള്‍ കിഴക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട് ചൈന ഭാഗത്തേക്ക് പോയതൊഴിച്ചാല്‍ ഇന്ത്യന്‍ മണ്‍സൂണിനെ സ്വാധീനിക്കുന്ന രീതിയിലുള്ള അന്തരീക്ഷ മാറ്റം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ പസഫിക് സമുദ്രവും ബംഗാള്‍ ഉള്‍ക്കടലും സജീവമാകാന്‍ സാധ്യതയുണ്ട്. ഇത് കേരളത്തില്‍ വീണ്ടും മഴ നല്‍കും. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ഇത്തരം മഴ പ്രതീക്ഷിക്കാനാകുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു.

Leave a Comment