മഴ പേടിയിൽ തമിഴകം: 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
ഒരു ഇടവേളയ്ക്കു ശേഷം തമിഴ്നാട്ടിൽ വീണ്ടും കനത്ത മഴ തുടരുന്നു. ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർ പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്.കനത്ത മഴയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടിന്റെ മതിൽ ഇടിഞ്ഞുവീണു ഒമ്പത് വയസ്സുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.തിരുവാരൂരിൽ ആണ് സംഭവം.വില്ലുപുരം, കുടലൂർ, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കള്ളക്കുറിച്ചി, ചെങ്കൽപട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിലെ സ്കൂളുകള്‍ക്കും അവധിയാണ്.
വരും ദിവസങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത
തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലും ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലും അടുത്തദിവസം ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് metbeat weather പറഞ്ഞു. ഉത്തരേന്ത്യയിൽ നിന്ന് വരുന്ന വരണ്ട കാറ്റും ബംഗാൾ കടലിൽനിന്ന് എത്തുന്ന ഈർപ്പമുള്ള കാറ്റും സംയോജിക്കുന്നത് മൂലമുണ്ടാകുന്ന കനത്ത മഴയാണ് ഇവിടെ പെയ്യാൻ സാധ്യത എന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷകരുടെ അനുമാനം. ഇടിയോടുകൂടിയുള്ള ശക്തമായ മഴയാണ് പ്രതീക്ഷിക്കേണ്ടത്.
ഞായറാഴ്ച രാവിലെ 8.30 മുതൽ ജനുവരി 8 പുലർച്ചെ 5.30 വരെ നാഗപട്ടണത്ത് 16.7 സെന്റീമീറ്റർ മഴ ലഭിച്ചു. കാരയ്ക്കൽ – 12.2 സെന്റീമീറ്റർ, പുതുച്ചേരി – 9.6 സെന്റീമീറ്റർ, കടലൂർ – 9.3 സെന്റീമീറ്റർ, എന്നൂർ – 9.2 സെന്റീമീറ്റർ എന്നിങ്ങനെയാണ് കനത്ത മഴ ലഭിച്ച മറ്റു സ്ഥലങ്ങള്‍.
തെക്കന്‍ ജില്ലകളില്‍ ഡിസംബറിൽ വ്യാപകമായ മഴ ലഭിച്ചിരുന്നു. തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് പ്രളയമുണ്ടായത്. അതിനുമുമ്പ് ഡിസംബർ ആദ്യം, ചുഴലിക്കാറ്റ് ചെന്നൈയിലെ പല പ്രദേശങ്ങളിലും നാശം വിതച്ചിരുന്നു.
അതേസമയം അടുത്ത ഏഴ് ദിവസത്തേക്ക് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂർ, കാരയ്ക്കൽ മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രചവചനം.