24 മണിക്കൂറിൽ 68 സെ.മി മഴ: ബ്രസീലിൽ പ്രളയം, ഉരുൾപൊട്ടൽ: 40 മരണം

ബ്രസീലിലുണ്ടായ പേമാരിയും പ്രളയവും ഉരുൾപൊട്ടലും മൂലം 40 പേർ മരിച്ചു. തെക്കൻ സംസ്ഥാനമായ സാവോപോളോയിലാണ് ഉരുൾപൊട്ടൽ നാശനഷ്ടമുണ്ടാക്കിയത്. സാവോ സെബാസ്റ്റിയോ നഗരത്തിലാണ് ഉരുൾപൊട്ടൽ കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ മാത്രം 35 പേർ മരിച്ചു. രക്ഷാപ്രവർത്തനം സജീവമാണെങ്കിലും മോശം കാലാവസ്ഥ ബാധിക്കുന്നുണ്ട്. മഴ ഏതാനും ദിവസം കൂടി തുടരാനാണ് സാധ്യതയെന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്.

സമീപ പ്രദേശമായ ഉബതുബയിൽ ഏഴു വയസുള്ള കുട്ടി മരിച്ചു. 50 വീടുകൾ തകർന്നു. 40 പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. 8000 പേർ ഭവനരഹിതരായി. 1,730 പേരെ മാറ്റിപാർപ്പിച്ചു. കുന്നിൻ പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത മേഖലയിലേക്ക് പോകണമെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡി സിൽവ പറഞ്ഞു.

വടക്കൻ തീരത്തെ ആറു നഗരങ്ങളിൽ സർക്കാർ 180 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ കാർണിവൽ പരിപാടികൾ റദ്ദാക്കി. 24 മണിക്കൂറിൽ 600 മില്ലി മീറ്റർ മഴയാണ് സാവോ സെബാസ്റ്റിയോ നഗരത്തിൽ ലഭിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണിത്. മഴക്കൊപ്പം 55 കി.മി വേഗത്തിലുള്ള കാറ്റും വീശുന്നുണ്ട്. തിരമാലകൾക്ക് ഒരു മീറ്റർ ഉയരമുണ്ട്.

Leave a Comment