തുർക്കി ഭൂചലനം: ഇതുവരെ 6,200 തുടർ ചലനങ്ങൾ, ഇന്നലെ മാത്രം 90

തുർക്കിയിൽ 45000 പേരുടെ മരണത്തിനിടയാക്കിയ ഫെബ്രുവരി 6 ലെ ഭൂചലനമുണ്ടായ പ്രദേശത്ത് തിങ്കളാഴ്ച രാത്രിയും 6.3 തീവ്രതയുള്ള ഭൂചലനം. ഏറ്റവും പുതിയ വിവരം അനുസരിച്ച് ആറു പേരാണ് പുതിയ ഭൂചലനത്തിൽ മരിച്ചത്. 250 ൽ പരം പേർക്ക് പരുക്കേറ്റെന്നും വാർത്താ ഏജൻസി അറിയിച്ചു. 28 കെട്ടിടങ്ങൾ തകർന്നു.

ഇന്നലെ രാത്രിയും ഇന്നുമായി മാത്രം 90 തുടർ ചലനങ്ങളാണ് തുർക്കിയിൽ ഭൂചലന ദുരന്ത മേഖലയിലുണ്ടായത്. 20 മിനുട്ടിനകം നിരവധി തവണ 5 ൽ കൂടുതൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 5.8 തീവ്രതയുള്ള ഭൂചലനമാണ് തുടർചലനങ്ങളിൽ ഏറ്റവും ശക്തിയുള്ളത്.

തുർക്കി ദുരന്ത പ്രതികരണ സേനയായ എ.എഫ്.എ.ഡിയുടെ കണക്കനുസരിച്ച് 6,200 തുടർ ചലനങ്ങളാണ് ഫെബ്രുവരി 6 ലെ 7.8 തീവ്രതയുള്ള ഭൂചലനത്തിന് ശേഷമുണ്ടായത്. ഈ ഭൂചലനത്തിൽ 41,156 പേർ തുർക്കിയിലും 3.688 പേർ സിറിയയിലും മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. തുർക്കിയിൽ 11 പ്രവിശ്യകളിലാണ് ഭൂചലനം ബാധിച്ചത്. ഇതിൽ പ്രഭവ കേന്ദ്രങ്ങളായ രണ്ടു പ്രവിശ്യകളിലൊഴികെ മറ്റെല്ലാ പ്രവിശ്യകളിലും രക്ഷാപ്രവർത്തനം ഇന്നലെ നിർത്തിവച്ചു. ഹതായ്, കഹർമൻനറാസ് പ്രവിശ്യകളിൽ ഇപ്പോഴും തെരച്ചിൽ തുടരുന്നുണ്ട്. വിദേശ സേനകൾ അവരുടെ നാട്ടിലേക്ക് മടങ്ങി. 185 ദശലക്ഷം ഡോളർ സഹായം യു.എസ് തുർക്കിക്കും സിറിയക്കുമായി നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ തുർ്ക്കിയിലെത്തി തുർക്കി വിദേശകാര്യ മന്ത്രി മെവ്്‌ലൂത് കാവുസൊഗ്ലുവിനെ കണ്ടിരുന്നു.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment