മൊറോക്കോയില്‍ ഒരു മണിക്കൂറില്‍ തീവ്രമഴ, മിന്നല്‍ പ്രളയത്തില്‍ 37 മരണം
വടക്കന്‍ ആഫ്രിക്കന്‍ മഗാരിബ് മേഖലയിലെ രാജ്യമായ മൊറോക്കോയിലെ സാഫി പ്രവിശ്യയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. ഒരു മണിക്കൂര്‍ നേരം പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് അറ്റാലാന്റിക് തീരദേശ പ്രവിശ്യയായ സാഫിയില്‍ മിന്നല്‍ പ്രളയമുണ്ടായത്. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ദേശീയ ടി.വി ചാനല്‍ എസ്.എന്‍.ആര്‍.ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ചയാണ് മഴ കനത്തത്.
The death toll has now risen to 37, with many others injured.
— Weather Monitor (@WeatherMonitors) December 15, 2025
The moment sudden flooding hit Safi, Morocco. pic.twitter.com/uK2aFUW5V8
മലവെള്ളപ്പാച്ചിലില്‍ കാറുകളും മറ്റും ഒഴുകിപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തലസ്ഥാനമായ റബാത്തില്‍ നിന്ന് 300 കി.മി അകലെയാണ് സാഫി. ഇവിടെ 70 വീടുകളും വാണിജ്യ സ്ഥാപനങ്ങളും തകര്‍ന്നു. ഒരു മണിക്കൂര്‍ നേരം പെയ്ത മഴയാണ് മിന്നല്‍ പ്രളയത്തിന് കാരണമായത്.
റോഡുകൾ ഒലിച്ചുപോയി
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മൊറോക്കോ സര്‍ക്കാര്‍ അറിയിച്ചു. റോഡുകളും മറ്റും ഒലിച്ചുപോയി ഗതാഗത സംവിധാനം താറുമാറായി. അറ്റ്‌ലാന്റിക് തീരത്തെ തുറമുഖ നഗരം ഇതോടെ ഒറ്റപ്പെട്ടു. സാഫിയില്‍ നിന്ന് ഹരാരയിലേക്കുള്ള പ്രവിശ്യാ റോഡായ 2300 പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നുവെന്ന് പ്രാദേശിക ദിനപത്രം ലെ മാര്‍ട്ടിന്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പ്രവിശ്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു.
24 പേർ കൊല്ലപ്പെട്ടു
കനത്ത മഴയെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. പിന്നീടാണ് പൊടുന്നനെ വെള്ളം കയറിയത്. അറ്റ്‌ലസ് പര്‍വതം കാരണം ഇടക്കിടെ കനത്ത മഴ ലഭിക്കുന്ന രാജ്യമാണ് മൊറോക്കോ. 2024 മൊറോക്കോയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് മീറ്റിയോറോളജിയുടെ കണക്ക്.
2021 ലും മൊറോക്കോയില്‍ കനത്ത മഴയില്‍ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു. അനധികൃത ഭൂഗര്‍ഭ ടെക്‌സ്റ്റൈല്‍ വര്‍ക്ക്‌ഷോപ്പില്‍ വെള്ളം കയറിയാണ് ദുരന്തം. ഒരു വീടിനോട് ചേര്‍ന്നായിരുന്നു ടെക്‌സ്‌റ്റൈല്‍ വര്‍ക് ഷോപ് പ്രവര്‍ത്തിച്ചിരുന്നത്.
English Summary : Morocco's government reports ongoing rescue operations as roads vanish, disrupting transport. The coastal city is isolated after severe flooding damaged key routes.