കിഴക്കന്‍ ലഡാക്കില്‍ സിയാച്ചിന്‍ ബേസ് ക്യാംപിലുണ്ടായ വന്‍ ഹിമപാതത്തില്‍ മൂന്നു സൈനികര്‍ക്കു വീരമൃത്യു.
ശിപായി മോഹിത് കുമാര്‍, അഗ്‌നിവീര്‍ നീരജ് കുമാര്‍ ചൗധരി, അഗ്‌നിവീര്‍ ധാഭി രാകേഷ് ദേവഭായ് എന്നിവര്‍ക്കാണു വീരമൃത്യു. അപകട സ്ഥലത്തു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
നിയന്ത്രണരേഖയുടെ വടക്കേ അറ്റത്ത് ഏകദേശം 20,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിയാച്ചിനില്‍ ഹിമപാതങ്ങള്‍ സാധാരണമാണ്. ഇവിടെ താപനില മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.
2021 ല്‍ സിയാച്ചിനിലെ ഹനീഫ് സബ്‌സെക്ടറിലുണ്ടായ ഹിമപാതത്തില്‍ രണ്ട് സൈനികര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ആറു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മറ്റു സൈനികരെയും പോര്‍ട്ടര്‍മാരെയും രക്ഷപ്പെടുത്തിയിരുന്നു.
സിയാചിന്‍ മഞ്ഞു മല 76 കി.മി നീണ്ടുകിടക്കുന്ന മേഖലയാണ്. കാരകോറം റേഞ്ചിലാണ് ഈ പ്രദേശം. 1984 ല്‍ ഇന്ത്യയുടെ ഓപറേഷന്‍ മേഘദൂത് നടന്നത് ഇവിടെയാണ്. നേരത്തെ പാകിസ്ഥാന്‍ കൈയടക്കിവച്ച പ്രദേശമാണ് ഇന്ത്യ തിരിച്ചുപിടിച്ചത്.
2019 ലുണ്ടായ മറ്റൊരു വലിയ ഹിമപാതത്തില്‍ നാലു സൈനികരും രണ്ട് പോര്‍ട്ടര്‍മാരും മരിച്ചിരുന്നു. 18,000 അടി ഉയരത്തിലുള്ള ഒരു പോസ്റ്റിനു സമീപം പട്രോളിങ് നടത്തുകയായിരുന്ന എട്ടംഗ സൈനിക സംഘമാണ് അന്നു ഹിമപാതത്തില്‍ അകപ്പെട്ടത്.
1984 മുതല്‍ തീവ്ര കാലാവസ്ഥാ സാഹചര്യങ്ങള്‍ മൂലവും മഞ്ഞുമലയിടിഞ്ഞു വീണും 1,200 സൈനികര്‍ ഈ മേഖലയില്‍ മരിച്ചിട്ടുണ്ട്. 2019 ല്‍ നാലു സൈനികരും വ്യത്യസ്ത മഞ്ഞുമലയിടിച്ചില്‍ മരിച്ചിരുന്നു. 2016 ല്‍ സൈനിക പോസിറ്റിലും മഞ്ഞുമലയിടിഞ്ഞ് 10 സൈനികരെ രാജ്യത്തിന് നഷ്ടമായിരുന്നു.