നാളെ രാത്രിയും പകലും തുല്യം, 2024 ലെ മേഷാദി (Vernal Equinox) അഥവാ മഹാവിഷുവം

നാളെ രാത്രിയും പകലും തുല്യം, 2024 ലെ മേഷാദി (Vernal Equinox) അഥവാ മഹാവിഷുവം

2024 ലെ ആദ്യ ഇക്വിനോക്‌സ് (Vernal Equinox 2024) അഥവാ വിഷുവം നാളെ (ബുധനാഴ്ച) യാണ്. സൂര്യന്‍ ഒരു അയനത്തില്‍ നിന്ന് മറ്റൊരു അയനത്തിലേക്ക് മാറുന്ന പ്രതിഭാസം ഭൂമിയിലെ കാലാവസ്ഥയിലും നിര്‍ണായക മാറ്റം വരുത്തും. ഭൂമധ്യരേഖാ പ്രദേശത്ത് (equatorial region) രാത്രിയും പകലും തുല്യമാകുന്ന ദിവസമാണ് വിഷുവം.

സൂര്യന്റെ പ്രകാശം നേരിട്ട് ഇപ്പോള്‍ പതിക്കുന്നത് ദക്ഷിണാര്‍ധ ഗോളത്തിലാണ്. നാളെ ഇത് ഭൂമധ്യരേഖാ പ്രദേശത്തിന് വടക്കായി പതിച്ചു തുടങ്ങും. സാധാരണ മാര്‍ച്ച് 20 നോ 21 നോ ആണ് ഇക്വിനോക്‌സ് സംഭവിക്കുന്നത്. 2024 ല്‍ നാളെ (മാര്‍ച്ച് 20) നാണ് ഇക്വിനോക്‌സ്. അമേരിക്കന്‍ കാലാവസ്ഥാ വകുപ്പായി National Weather Service ന്റെ പ്രസ്താവന പ്രകാരം 2024 ല്‍ വിഷുവം നടക്കുന്നത് മാര്‍ച്ച് 20 ന് രാവിലെ 8.36 നാണ്.

2023 ലെ വിഷുവത്തിന്റെ ദിവസം രാവും പകലും തുല്യമായതിന്റെ ഉപഗ്രഹ ചിത്രം, metbeatnews.com ല്‍ പ്രസിദ്ധീകരിച്ചത്‌Photo Credit- EUMETSAT

ഉത്തരാര്‍ധ ഗോളം വേനലിലേക്ക്

ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്ന് ഉത്തരാര്‍ധ ഗോളത്തിലേക്ക് സൂര്യന്‍ മാറുമ്പോഴാണ് വിഷുവം സംഭവിക്കുന്നത്. ഇന്ത്യയും കേരളവും ഉള്‍പ്പെടുന്ന ഭൂമിയുടെ ഉത്തരാര്‍ധ ഗോളത്തില്‍ ഇപ്പോള്‍ ശൈത്യകാലമാണ്. ദക്ഷിണാര്‍ധ ഗോളത്തില്‍ ഇപ്പോള്‍ വേനല്‍ക്കാലവുമാണ്. ഭൂമധ്യരേഖയില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്നതിനാലാണ് കേരളത്തിലും ശ്രീലങ്കയിലും കടുത്ത വേനല്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്.

വിഷുവം ദിനം ഉത്തരാര്‍ധ ഗോളത്തില്‍ ശൈത്യകാലം അവസാനിച്ച് വേനല്‍ കാലത്തിലേക്ക് മാറുന്ന സമയം കൂടിയാണ്. ഉത്തരാര്‍ധ ഗോളത്തില്‍ ധ്രൂവളങ്ങളിലൊഴികെ ഇനി ചൂടു പിടിച്ചു തുടങ്ങും. ഇന്ത്യയില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് വേനല്‍ ചൂട് ഉത്തരേന്ത്യയിലേക്കും ഗള്‍ഫിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും വ്യാപിക്കും. കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത വിഡിയോ കാണുക.

ഋതുമാറ്റത്തിന് കാരണം ഭൂമിയുടെ പരിക്രമണം

നിങ്ങളുടെ വീട്ടില്‍ നിന്ന് ഏപ്രില്‍ വരെയുള്ള മാസം സൂര്യന്‍ തെക്കുഭാഗത്തു കൂടി ഉദിച്ച് തെക്കുപടിഞ്ഞാറ് ഭാഗത്ത് അസ്ഥമിക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ടാകും. ഇല്ലെങ്കില്‍ നാളെ ഇക്കാര്യം ശ്രദ്ധിക്കുക. സെപ്റ്റംബര്‍ ആകുമ്പോഴേക്കും സൂര്യന്‍ വടക്കു ഭഗത്തുകൂടെ കടന്നുപോയി വടക്കുപടിഞ്ഞാറായി അസ്ഥമിക്കുന്നത് കാണാം.

ഒരു സി.ബി.ഐ സിനിമയില്‍ മമ്മൂട്ടി പറയും പോലെ സൂര്യന്‍ എവിടെ ഉദിക്കുന്നുവോ അത് കിഴക്ക്, എവിടെ അസ്തമിക്കുന്നുവോ അത് പടിഞ്ഞാറ് എന്നത് ശാസ്ത്രീയമായി പൂര്‍ണമായും ശരിയല്ല. ഭൂമിയുടെ കാന്തിക മണ്ഡലത്തിന് അനുസരിച്ച് ദിശ നിര്‍ണയിക്കുന്നതാകും കൂടുതല്‍ ശാസ്ത്രീയം.

യഥാര്‍ഥത്തില്‍ സൂര്യന്‍ ഭൂമിയുടെ തെക്കുനിന്ന് വടക്കോട്ടു പോകുകയല്ല. ഭൂമി അതിന്റെ സാങ്കല്‍പിക അച്ചുതണ്ടില്‍ 23.5 ഡിഗ്രി ചെരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത് എന്ന് നമുക്കറിയാം. ഈ ചെരിവാണ് ഭൂമിയില്‍ കാലാവസ്ഥയുണ്ടാക്കുന്നതും മനുഷ്യര്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതും. വിവിധ സീസണുകളില്‍ സൂര്യന്‍ തെക്കു വശത്തുകൂടിയും വടക്കുവശത്തുകൂടിയും പോകുന്നതായി നമുക്ക് അനുഭവപ്പെടുന്നത് ഭൂമിയുടെ പരിക്രമണം (revolution of earth) ആണ്. 365 ദിവസവും 6 മണിക്കൂറും 9 മിനുട്ടും എടുത്താണ് സൂര്യനെ ഭൂമി പരിക്രമണം ചെയ്യുന്നത്. ഇതാണ് നമുക്ക് ഒരു വര്‍ഷം. ഭൂമിയേക്കാള്‍ ഇരട്ടി സമയമെടുത്താണ് ചൊവ്വ പരിക്രമണം നടത്തുന്നത്. ചൊവ്വയിലെ ഒരു വര്‍ഷം എന്നാല്‍ ഭൂമിയിലെ രണ്ടു വര്‍ഷമാണ് എന്നര്‍ഥം.

രണ്ടു വിഷുവങ്ങളുണ്ട് നമുക്ക്

ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യന്‍ കടക്കുമ്പോഴാണ് വിഷുവം ഉണ്ടാകുന്നത്. ഇതിനെ Equinox എന്നാണ് അറിയപ്പെടുന്നത്. സാങ്കേതികമായി പറഞ്ഞാല്‍ ക്രാന്തിവൃത്തവും (eclipitic) ഖഗോളമധ്യരേഖയും (celestial equator) തമ്മില്‍ സന്ധിക്കുന്ന ബിന്ദുക്കളെയാണ് Equinox അഥവാ വിഷുവങ്ങള്‍ എന്നു പറയുന്നത്.

ഈ ദിവസങ്ങളില്‍ പകലിനും രാത്രിക്കും തുല്യ ദൈര്‍ഘ്യമാണ് എന്നതാണ് പ്രത്യേകത. ഒരു വര്‍ഷത്തില്‍ രണ്ടു വിഷുവങ്ങള്‍ ആണ് ഉണ്ടാവുക. ഈ ദിവസം ഉപഗ്രഹ ചിത്രങ്ങളില്‍ രാത്രിയും പകലും തുല്യമായി ദര്‍ശിക്കാനാകും. ലാറ്റിന്‍ ഭാഷയില്‍ തുല്യ രാത്രി എന്നര്‍ഥം വരുന്ന പദത്തില്‍ നിന്നാണ് ഇക്വിനോക്‌സ് എന്ന വാക്കുണ്ടായത്. സൂര്യന്‍ ഈ രണ്ടു വിഷുവങ്ങളില്‍ എത്തുമ്പോള്‍ മാത്രമാണ് ഭൂമിയില്‍ പകലും രാത്രിയും തുല്യമാകുന്നത്.

എന്താണ് മഹാ വിഷുവം (Vernal Equinox )

വിഷുവങ്ങളും കാലാവസ്ഥയും വിഷു എന്ന ഉത്സവം മുന്‍പ് വിഷുവത്തോട് ചേര്‍ന്ന് ഉണ്ടായതാണ് പറയപ്പെടുന്നുണ്ട്. മാര്‍ച്ച് 20 ന് മേഷാദി അഥവാ മഹാവിഷുവം (Vernal Equinox) നടക്കുന്നത്. ഇതാണ് ഒരു വര്‍ഷത്തിലെ ആദ്യ വിഷുവം. സൂര്യന്‍ തെക്കു നിന്ന് വടക്കോട്ടുപോകുമ്പോള്‍ ആദ്യം ഭൂമധ്യരേഖാ പ്രദേശത്ത് എത്തുന്നതിനെയാണ് മേഷാദി അഥവാ മഹാവിഷുവം ആയി അറിയപ്പെടുന്നത്.

അപര വിഷുവം (Autumnal Equinox)

സൂര്യന്റെ സഞ്ചാരമാണ് ഋതുക്കളുടെ മാറ്റത്തിന് കാരണം. അതിനാല്‍ വിഷുവം ഋതുമാറ്റം കൂടിയാണ്. കൃഷിയും കാര്‍ഷിക ഉത്സവങ്ങളും എല്ലാം വിഷുവവുമായി ബന്ധപ്പെട്ട് കിടക്കുന്നു. സൂര്യന്‍ ഉത്തര അയനത്തില്‍ എത്തിയ ശേഷം ദക്ഷിണ അയനത്തിലേക്ക് പോകും. തിരികെയുള്ള ആ യാത്രയില്‍ സൂര്യന്‍ വീണ്ടും ഭൂമധ്യരേഖ പിന്നിടുന്നു ഇതിനെയാണ് അപരവിഷുവം (Autumnal Equinox) എന്നു പറയുന്നത്. അഥവാ തുലാദി എന്നും തുലാ വിഷുവം എന്നും വിളിക്കാം.

Image credit : luca.co.in

നേരത്തെ സൂചിപ്പിച്ചതു പോലെ വിഷു മാര്‍ച്ച് 20 ന് പകരം ഏപ്രിലില്‍ ആയതു പോലെ തുലാദി വരാറുള്ളത് ചിങ്ങത്തിലാണ് എന്ന് ഓര്‍ക്കുക.

സൂര്യന്റെയും ഭൂമിയും സഞ്ചാരം അനുസരിച്ചാണ് ഋതുമാറ്റം സംഭവിക്കുന്നത്. ഇംഗ്ലീഷ്, മലയാള മാസങ്ങള്‍ അനുസരിച്ചല്ല എന്നര്‍ഥം. ഭൂമിയിലാകമാനമാണ് ഋതുമാറ്റം സംഭവിക്കുമ്പോള്‍ കാലാവസ്ഥയില്‍ മാറ്റംവരുന്നത്.

വിഷുവങ്ങള്‍ക്ക് കാലാവസ്ഥയുമായി ബന്ധമുള്ളതിനാല്‍ ഉത്തരാര്‍ധ ഗോളത്തില്‍ മഹാവിഷുവത്തെ വിഷു വസന്തം എന്നും ദക്ഷിണാര്‍ധ ഗോളത്തില്‍ തുലാദിയെ ഗ്രീഷ്മ വിഷുവം എന്നും പറയാറുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ കാര്‍ഷികോത്സവമായ വിഷുവിലെ സമാന കാലാവസ്ഥയാണ് നാളെ ഭൂമധ്യ രേഖാ പ്രദേശത്തുണ്ടാകുക. സൂര്യന്‍ കേരളത്തിനു മുകളില്‍ വരുന്നത് ഏകദേശം നമ്മുടെ വിഷു സമയത്തു തന്നെയാകും. നാളെ ഭൂമധ്യാ പ്രദേശത്തു നിന്ന് പതിയെ വടക്കോട്ട് നീങ്ങിത്തുടങ്ങും. ഭൂമധ്യരേഖാ പ്രദേശത്തു നിന്ന് വടക്ക് 10 ഡിഗ്രിയിലാണ് കൊച്ചി സ്ഥിതി ചെയ്യുന്നത്.

അയനങ്ങളും വിഷവുങ്ങളും

സൂര്യന്റെ സഞ്ചാരം പരമാവധി വടക്കേ അറ്റത്ത് എത്തുന്നതിനെ ഉത്തര അയനമെന്നും തെക്കെ അറ്റത്ത് എത്തുന്നതിനെ ദക്ഷിണ അയനം എന്നും പറയുന്നു. ഇതിന്‍ മധ്യത്തില്‍ എത്തുമ്പോഴാണ് വിഷുവങ്ങള്‍. അങ്ങനെ നോക്കിയാല്‍ നാലു ബിന്ദുക്കള്‍ ഈ സഞ്ചാരത്തില്‍ കാണാം. സൂര്യന്റെ പരിക്രമണം മൂലം ഈ നാലു ബിന്ദുക്കളും ചലിച്ചുകൊണ്ടിരിക്കുന്നു.

ഇവ വര്‍ഷം തോറും 50.26 ആര്‍ക് സെക്കന്റ് വീതം നീങ്ങുന്നു എന്നാണ് കണക്ക്. ഒരു ആര്‍ക്ക് സെക്കന്റ് എന്നാല്‍ 1/3,600 ഡിഗ്രിയാണ് ആംഗിള്‍ വ്യതിയാനം. ഒരു ആര്‍ക്ക് ഡിഗ്രി എന്നാല്‍ ഏകദേശം 111 കി.മി ആണ്. ഉത്തര അയനത്തില്‍ സൂര്യനെത്തുമ്പോള്‍ ദക്ഷിണ ഗോളത്തിലുള്ളവര്‍ക്ക് പകല്‍ കുറവും രാത്രി കൂടുതലും ആകും. തിരികെ ആകുമ്പോള്‍ തിരിച്ചും.

ഇന്ത്യക്കാര്‍, പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ക്ക് ഈ വ്യതിയാനം അറിയാത്തത് നാം ഭൂമധ്യരേഖയോട് അടുത്ത് താമസിക്കുന്നതിനാലാണ്. കേരളം ഭൂമധ്യരേഖയില്‍ നിന്ന് ഏകദേശം അക്ഷാംശം 8 നും 12 നും ഡിഗ്രി വടക്കാണ് സ്ഥിതി ചെയ്യുന്നത്. ആകെ ഭൂമിയുടെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ അയല്‍വാസിയാണ് ഭൂമധ്യ രേഖ. തെക്കന്‍ കേരളത്തിലുള്ളവരാണ് കൂടുതല്‍ അടുത്ത്. അതിനാല്‍ നമുക്ക് പകലും രാത്രിയും വര്‍ഷത്തില്‍ മിക്ക ദിവസവും വ്യതിയാനം ഉണ്ടാകില്ല എന്നര്‍ഥം.

Metbeat News


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment