വീടുകള്‍ അഞ്ചോ ആറോ സെന്റിലേക്ക് ഒതുങ്ങിയതോടെ കൃഷി ചെയ്യാന്‍ പലര്‍ക്കും വേണ്ടത്ര സ്ഥല സൗകര്യമില്ല. നേരത്തെ മട്ടുപ്പാവിലെ കൃഷിരീതി ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വീടുകളുടെ നിര്‍മാണ രീതി മാറിയതും ചോര്‍ച്ച തടയാനും മറ്റും മേല്‍ക്കൂരകളിട്ടതോടെയും ഈ സാധ്യതയും ഇല്ലാതെയായി. മുറ്റത്തു ചുറ്റം ഗ്രോ ബാഗുകള്‍ ഉണ്ടെങ്കില്‍ നല്ല വെയില്‍ കിട്ടുമെങ്കില്‍ കൃഷി ചെയ്യാനാകും. ഗ്രോബാഗ് കൃഷിരീതിക്കും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. നല്ല രീതിയില്‍ ചെയ്താല്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ നമുക്ക് ഗ്രോബാഗില്‍ നിന്നു തന്നെയുണ്ടാക്കാം. അതിനു വേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. മുറ്റത്തുമാത്രമല്ല, ടെറസിലും ഗ്രോബാഗ് കൃഷി നല്ലതാണ്. മിക്ക പച്ചക്കറികളും ഗ്രോ ബാഗില്‍ നന്നായി വിളയുന്നവയാണ്. ഗ്രോബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ കൃത്യമായി ചെയ്യുകയാണെങ്കില്‍ ഗ്രോബാഗിലെ പച്ചക്കറി കൃഷിയില്‍ വിജയമുറപ്പിക്കാനാകും. പോട്ടിംഗ് മിശ്രിതം നിറയ്ക്കല്‍ മുതല്‍ ശ്രദ്ധവേണം പോട്ടിംഗ് മിശ്രിതം നിറയ്ക്കുന്നതു മുതല്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗിലെ പച്ചക്കറി കൃഷി വിജയിപ്പിക്കാനാകും. വളക്കൂറുള്ള ചുവന്ന മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് പോട്ടിംഗ് മിശ്രിതം തയാറാക്കേണ്ടത്. മണലിന് പകരം ഉമിക്കരി ഉപയോഗിച്ചാല്‍ നല്ലതാണ്. മണ്ണിന്റെ അമ്ലത്വം ഒഴിവാക്കാനായി 100ഗ്രാം കുമ്മായം കൂടി ഓരോ ഗ്രോബാഗിലും ചേര്‍ക്കണം. ഈ രീതിയില്‍ തയാറാക്കിയ മിശ്രിതം ഗ്രോബാഗിന്റെ മുക്കാല്‍ ഭാഗത്തോളം മാത്രമേ നിറയ്ക്കാവൂ. 40 സെന്റീമീറ്റര്‍ നീളവും 24 സെന്റീമീറ്റര്‍ വീതം വീതിയും ഉയരവുമുള്ള ഗ്രോബാഗാണ് പച്ചക്കറി കൃഷിക്ക് നല്ലത്. കൃഷിയെ രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കാനായി ഓരോ ബാഗിലും 50ഗ്രാം ട്രൈക്കോഡെര്‍മ്മ എന്ന മിത്രകുമിള്‍ ചേര്‍ക്കണം. ഇടയ്ക്ക് നനച്ച് കൊടുത്ത് ഇളക്കി തണലില്‍ രണ്ടാഴ്ച്ച വച്ചതിന് ശേഷം മാത്രമേ പച്ചക്കറി കൃഷിക്ക് വിത്തിടിനോ തൈ നടാനോ പറ്റൂ. പച്ചക്കറി വിത്ത് ആറ് മണിക്കൂര്‍ നേരം കുതിര്‍ത്തുവച്ചതിന് ശേഷം നടുന്നതാണ് നല്ലത്. 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയാണ് വിത്ത് മുക്കിവയ്ക്കാന്‍ തയാറാക്കേണ്ടത്. വിത്തിന്റെ വലുപ്പമാണ് വിത്താഴം എന്നു പറയുന്നത്. ഗ്രോബാഗിലാണെങ്കിലും പച്ചക്കറി വിത്തുകള്‍ ആഴത്തില്‍ നടാന്‍ പാടില്ല. വിത്തിന് പകരം തൈയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ പ്രോട്രേയുടെ അടിവശം അമര്‍ത്തി തൈകള്‍ പുറത്തെടുത്ത് ഗ്രോബാഗില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കിയ ശേഷമേ നടാന്‍ പാടുള്ളൂ. ആദ്യത്തെ രണ്ടാഴ്ച്ച തണലില്‍ വച്ച് രാവിലേയും വൈകുന്നേരവും നനയ്ക്കണം. ലീക്ക് പ്രൂഫ് കോമ്പൗണ്ട് ഒരു കോട്ട് ടെറസില്‍ അടിച്ചു ടെറസ് ഒരുക്കിയാല്‍ പിന്നെ താഴെ പൂപ്പല്‍ പേടി വേണ്ട. ടെറസില്‍ രണ്ട് വരി ഇഷ്ടിക നിരത്തി അതിനു മുകളിലായി ഗ്രോബാഗ് വയ്ക്കുന്നതാണ് നല്ലത്. ഗ്രോബാഗ് പച്ചക്കറി കൃഷിയില്‍ രണ്ട് വരികള്‍ തമ്മിലും രണ്ട് ബാഗുകള്‍ തമ്മിലും രണ്ടടി അകലം നല്‍കണം. കരിയില കൊണ്ട് ഗ്രോബാഗില്‍ പുത നല്‍കുന്നതും ചൂടിനെ പ്രതിരോധിക്കാന്‍ അത്യാവശ്യമാണ്. മിക്ക പച്ചക്കറി കൃഷിയും മൂന്നും നാലും മാസം വിളദൈര്‍ഘ്യമുള്ളവയാണ്. വളര്‍ച്ചയിലും വിളവിലും പുരോഗതിയുണ്ടാകാന്‍ പത്തുദിവസത്തില്‍ ഒരിക്കല്‍ ജൈവവളക്കൂട്ടുകള്‍ തയാറാക്കി നല്‍കണം. പലതരം വളം ചേര്‍ത്തു കൊടുക്കണം. ജീവാണുവളങ്ങളായ പി.ജി.പി.ആര്‍ മിക്‌സ് 1, വാം, അസോള തുടങ്ങിയവ മാറിമാറി ചേര്‍ക്കുന്നത് വിളയുടെ വളര്‍ച്ചയും ആരോഗ്യവും മെച്ചപ്പെടുത്തും. കാന്താരി മുളക്, ഗോമൂത്ര മിശ്രിതം, നേര്‍പ്പിച്ച് ആഴ്ച്ചയിലൊരിക്കല്‍ തളിക്കുന്നത് കീടങ്ങളെ അകറ്റാന്‍ സഹായിക്കും. രോഗങ്ങളെ പ്രതിരോധിക്കാന്‍ 20ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയാണ് ഉത്തമം. മിത്ര കീടങ്ങളെ ആകര്‍ഷിക്കുവാനും സ്ഥിരമായി പച്ചക്കറി തോട്ടത്തില്‍ നിലനിര്‍ത്താനും വിവിധ സ്വഭാവ സവിശേഷതകളുള്ള ചെണ്ടുമല്ലി, മുള്ളങ്കി, പുതിന, തുളസി തുടങ്ങിയ ചെടികളെ കൂടി ഗ്രോബാഗ് കൃഷിയില്‍ ഒപ്പം കൂട്ടുന്നത് നല്ലതാണ്. Metbeat News