കോഴിക്കോട് ജില്ലയില്‍ മലവെള്ളപ്പാച്ചില്‍ ; ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു

മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു 29/08/23

കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴക്ക് സമീപം മലവെള്ളപ്പാച്ചില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി തസ്‌നി (30) ആണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. കുടുംബത്തിനൊപ്പം എത്തിയതായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. ഇവര്‍ പെണ്‍കുട്ടിയെ കരയ്‌ക്കെത്തിച്ച് ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മലപ്പുറത്ത് രണ്ടു വ്യത്യസ് സംഭവങ്ങളിലായി മൂന്നു പേര്‍ മരിച്ചിരുന്നു.
നിലമ്പൂര്‍ മമ്പാട് ഒടായിക്കല്‍ പുഴയിലും കാരാത്തോട് പുഴയിലുമാണ് സംഭവങ്ങള്‍ നടന്നത്. ഞായറാഴ്ച നിലമ്പൂര്‍ മമ്പാട് ഒടായിക്കല്‍ പുഴയില്‍ രണ്ട് വിദ്യാര്‍ഥികളാണ് മുങ്ങി മരിച്ചത്. മമ്പാട് പന്തലിങ്ങല്‍ മില്ലുംപടി സ്വദേശികളായ അഫ്താബ് റഹ്മാന്‍ (14), റയാന്‍ (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. ഞായറാഴ്ച വൈകീട്ട് 5.30നാണ് സംഭവം. മമ്പാട് ഒടായിക്കലില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഫ്താബ് മമ്പാട് എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ വീണ്ടും മഴ തുടങ്ങിയിട്ടുണ്ട്. ഇന്ന് ഇടുക്കി ജില്ലയിലുള്‍പ്പെടെ ഒറ്റപ്പെട്ട ശക്തമായ മഴ രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്കടുത്ത് ഇന്നലെ മലവെള്ളപ്പാച്ചിലുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഓണം പ്രമാണിച്ച് വിനോദയാത്രക്ക് കിഴക്കന്‍ മേഖലയിലേക്ക് പോകുന്നവര്‍ മലവെള്ളപ്പാച്ചില്‍ സൂക്ഷിക്കണം. നിങ്ങള്‍ നില്‍്ക്കുന്നിടത്ത് മഴ പെയ്യുന്നില്ലെങ്കിലും വനാന്തര്‍ഭാഗത്ത് മഴ പെയ്യുകയും മലവെള്ളപ്പാച്ചില്‍ ഉണ്ടാകുകയുമാണ് ചെയ്യുക. അടുത്ത ദിവസങ്ങളില്‍ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം മെറ്റ്ബീറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Comment