കേരളത്തിൽ ശീതകാല മഴ സാധാരണ നിലയിൽ. ജനുവരി 1 മുതൽ ഫെബ്രുവരി 18 വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച് -1 ശതമാനമാണ് കേരളത്തിലെ ശീതകാല മഴ കുറവ്. 18 ശതമാനം വരെ കൂടുതലോ കുറവോ സാങ്കേതികമായി സാധാരണ മഴയായാണ് കണക്കാക്കുക. ഈ കാലയളവിൽ കേരളത്തിൽ ലഭിക്കേണ്ടത് 15.3 എം.എം മഴയാണ്. ഇതുവരെ ലഭിച്ചത് 15.1 എം.എം മഴയും. വെറും 2 മില്ലി മീറ്റർ മഴക്കുറവാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള മഴയാണ് ശീതകാല മഴ സീസൺ. മാർച്ച് 1 മുതൽ മെയ് 31 വരെ പെയ്യുന്ന മഴ വേനൽ മഴയുടെ കണക്കിലും ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള മഴ കാലവർഷ കണക്കിലുമാണ് ഉൾപ്പെടുത്തുക. കാസർകോട് ജില്ലയിൽ ജനുവരി മുതൽ ഒരു മില്ലി മീറ്റർ പോലും മഴ ലഭിച്ചില്ല. കാസർകോട്ടെ മഴക്കുറവ് 100 ശതമാനമാണ്. തൊട്ടടുത്ത ജില്ലയായ കണ്ണൂരിലും 99 ശതമാനം മഴക്കുറവുണ്ട്. ഇതുവരെയുള്ള ശീതകാല മഴ കണക്കിൽ ഏറ്റവും മഴ കുറവുള്ളത് കണ്ണൂർ (-99%), മലപ്പുറം (-66%) ജില്ലകളിലാണ്.
49 % മഴ കുറഞ്ഞ വയനാട്ടിലാണ് മഴ കുറവ് എന്ന വിഭാഗത്തിൽ പെടുന്നത്. മാഹിയിലും 100 ശതമാനം മഴക്കുറവാണ്. എറണാകുളം (-11%), ഇടുക്കി (9%), കൊല്ലം (-19), കോട്ടയം (17%), പാലക്കാട് (-13%) സാധാരണ മഴ രേഖപ്പെടുത്തി. കോഴിക്കോട്ടാണ് ഏറ്റവും കൂടുതൽ മഴ പെയ്തത. 135 % അധിക മഴയാണ് കോഴിക്കോട്ട് ലഭിച്ചത്. 4.6 എം.എം മഴ ലഭിക്കേണ്ടതിനു പകരം 10.8 എം.എം മഴയാണ് കോഴിക്കോട്ട് ലഭിച്ചത്.
ജനുവരിയിൽ മൂന്നാം വാരം വരെ ഏതാണ്ട് 100 ശതമാനം മഴക്കുറവാണ് കേരളത്തിൽ രേഖപ്പെടുത്തിയിരുന്നത്. ജനുവരി 20 ന് ശേഷം കേരളത്തിൽ പെയ്ത മഴയാണ് മഴക്കുറവിനെ 100 ശതമാനത്തിൽ നിന്ന് 10 ശതമാനം അധിക മഴയിൽ എത്തിച്ചത്. ഈ ദിവസങ്ങളിൽ പെയ്യുന്ന മഴ മഴക്കുറവിനെ നികത്തുമെന്ന് നേരത്തെ മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണങ്ങളിൽ പറഞ്ഞിരുന്നു. ഫെബ്രുവരി ആദ്യ വാരത്തിനു ശേഷം മഴ ലഭിച്ചില്ലെങ്കിലും മഴക്കുറവ് 1 ശതമാനത്തിൽ എത്തിനിൽക്കാൻ കാരണവും അന്ന് ലഭിച്ച ശക്തമായ മഴയാണ്. ഈ സീസണിലെ കണക്കെടുപ്പ് കഴിയാൻ 10 ദിവസം കൂടി ശേഷിക്കുന്നുണ്ട്. ഇതിനിടെ കാര്യമായ മഴ സാധ്യതയൊന്നും പ്രതീക്ഷിക്കുന്നില്ല.