മോക്ക കരകയറുമോ? കേരളത്തെ ബാധിക്കുമോ?

ബംഗാൾ ഉൾക്കടലിൽ തെക്കു കിഴക്കൻ മേഖലയിൽ ഇന്ന് ചക്രവാത ചുഴി (cyclonic circulation) ഇന്ന് രൂപപ്പെടും. ഇത് നാളെയോടെ ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. ഈ ന്യൂനമർദ്ദം ( low pressure area- LPA) അടുത്ത ദിവസങ്ങളിൽ വീണ്ടും ശക്തിപ്പെട്ടു മോക്ക ചുഴലിക്കാറ്റ് (cyclone mocha) രൂപപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) ഉൾപ്പെടെയുള്ള ഏജൻസികൾ പറയുന്നത്. ഇതിന് അനുകൂലമായ അന്തരീക്ഷ സ്ഥിതി ബംഗാൾ ഉൾക്കടലിന്റെ മധ്യമേഖലയിലും വടക്കൻ മേഖലയിലും ഉണ്ടെങ്കിലും ന്യൂനമർദ്ദം ശക്തിപ്പെടുന്നത് വൈകാനിടയുണ്ടെന്നാണ് ഏറ്റവും പുതിയ അന്തരീക്ഷ സ്ഥിതി അവലോകനം സൂചിപ്പിക്കുന്നത്.

കടലിന് ചൂട് കുറഞ്ഞു
ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസത്തേക്കാൾ സമുദ്ര ഉപരിതല താപനില (Sea Surface Temperature) യിൽ നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്. മിക്കയിടങ്ങളിലും 25 ഡിഗ്രിക്ക് മുകളിലാണ് താപനില എങ്കിലും കഴിഞ്ഞദിവസം അത് 28 ഡിഗ്രി വരെ ഉണ്ടായിരുന്നു. ന്യൂനമർദ്ദങ്ങളെ ശക്തിപ്പെടുത്തുന്നതിൽ സമുദ്ര ഉപരിതല താപനിലക്ക് ഗണ്യമായ പങ്കുണ്ട്. കാറ്റിന്റെ ഖണ്ഡധാര (Wind Shear) തുടങ്ങി നിരവധി ഘടകങ്ങൾ ന്യൂനമർദ്ദത്തെ ശക്തിപ്പെടുത്തുന്നതിലും അതിന്റെ സഞ്ചാര പാത നിർണയിക്കുന്നതിലും മാനദണ്ഡമാണ്.

സഞ്ചാരപാത (Track) അവ്യക്തം

ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാത സംബന്ധിച്ച് നിലവിൽ അവ്യക്തതകൾ ഉണ്ട് . ബംഗ്ലാദേശിലോ തായ്‌ലന്റിലേക്കോ ന്യൂനമർദ്ദം കരകയറും എന്നാണ് ലോകത്തെ പ്രധാന കാലാവസ്ഥ നിരീക്ഷണ മോഡലുകൾ (NWP) പറയുന്നത്. എന്നാൽ ഇന്ത്യയുടെ കിഴക്കൻ മേഖലകളിലും ന്യൂനമർദ്ദം കരകയറാം എന്നാണ് നിരീക്ഷണം. കരകയറും മുമ്പ് ന്യൂനമർദ്ദം മോക്കാ ചുഴലിക്കാറ്റ് ആയി മാറാനുള്ള സാധ്യതയും കാലാവസ്ഥ ഏജൻസികൾ നിരീക്ഷിക്കുന്നു.

Metbeat Weather Team ന്റെ നിഗമന പ്രകാരം ന്യൂനമർദ്ദം ശക്തിപ്പെടാൻ സാധ്യതയുണ്ടെങ്കിലും കരകയറും മുമ്പ് ദുർബലമായേക്കും. കേരളത്തിൽ പുൾ എഫക്ട് മഴക്കാണ് മോക്ക ചഴലിക്കാറ്റ് കാരണമാവുക. കേരളത്തെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കുകയുമില്ല. നിലവിലത്തെ സാഹചര്യത്തിൽ വ്യാപകമായ മഴ പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാമെന്നും Metbeat Weather സ്ഥാപകനും കാലാവസ്ഥ നിരീക്ഷകനുമായ weatherman kerala പറയുന്നു.

അറബി കടലിൽ മേഘരൂപീകരണത്തിന്റെ തോത് നിലവിൽ താരതമ്യേന കുറവാണ്. ന്യൂനമർദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തിൽ അറബിക്കടലിൽ നിന്നുള്ള കാറ്റ് കേരളത്തിന് കുറുകെ സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഈ കാറ്റിൽ അറബിക്കടലിന്റെ മുകളിലും മറ്റും രൂപപ്പെടുന്ന ഒറ്റപ്പെട്ട മേഘങ്ങൾ കേരളത്തിനു മുകളിൽ എത്തുകയും മഴ നൽകുകയും ചെയ്യും. ന്യൂനമർദ്ദം രൂപപ്പെട്ട് ശക്തി പ്രാപിച്ചു വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമ്പോഴാണ് കേരളത്തിൽ മഴ സാധ്യത ഉള്ളത്. ഇപ്പോൾ അറബിക്കടലിൽ നിന്നുള്ള കാറ്റ് കന്യാകുമാരി കടൽ വഴി ശ്രീലങ്കയുടെ മുകളിലൂടെയാണ് സ്ട്രീം ചെയ്യപ്പെടുന്നത്. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ പ്രത്യേകിച്ച് മധ്യ , തെക്കൻ ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് ന്യൂനമർദം കാരണമാകും. ഒപ്പം ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി തമിഴ്നാടിന് മുകളിൽ കാറ്റിന്റെ ഗതിമുറിവ് അനുഭവപ്പെടുന്നുണ്ട്. ഇത് തമിഴ്നാട്ടിലും കർണാടകയിലും കേരളത്തിന്റെ കിഴക്കൻ മേഖലയിലും ഇടിയോടു കൂടെയുള്ള മഴക്ക് അടുത്ത രണ്ടു ദിവസങ്ങളിൽ കാരണമാകും. മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുകയും അത് തമിഴ്നാട്ടിൽ കരകയറുകയും ചെയ്തേക്കാമെന്ന നേരിയ സൂചനകൾ ചില കാലാവസ്ഥ നിരീക്ഷകർ പങ്കുവയ്ക്കുന്നുണ്ട്. ചുഴലിക്കാറ്റോ ശക്തി കൂടിയ ന്യൂനമർദ്ദമോ തമിഴ്നാട്ടിൽ കര കയറുകയാണെങ്കിൽ അത് കേരളത്തിലേക്ക് എത്താനും കേരളത്തിൽ ശക്തമായ മഴക്കും കാരണമാകും. എന്നാൽ ഇത്തരം ഒരു സാധ്യത ഇപ്പോൾ വളരെ വിരളമാണ്. അടുത്ത ദിവസങ്ങളിലെ നിരീക്ഷണത്തിലാണ് ന്യൂനമർദ്ദത്തിന്റെ സഞ്ചാരപാത സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. ദൈനന്ദിന കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതിന് വേണ്ടി പുതിയ കാലാവസ്ഥ അപ്ഡേഷനുകൾ അറിയാൻ metbeat.com, metbeatnews.com എന്ന ഞങ്ങളുടെ വെബ്സൈറ്റുകൾ പതിവായി സന്ദർശിക്കുക.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment