കാലവർഷം ഇങ്ങെത്തി:മഴക്കാല യാത്രയ്ക്ക് ഒരുങ്ങുകയാണോ? പരിചയപ്പെടാം ചില സ്ഥലങ്ങൾ

മഴ കേരളത്തിന് ഒരു അലങ്കാരമാണ്. മഴക്കാലമായാൽ കേരളം പച്ച പുതച്ചു കിടക്കും. കേരളത്തിലെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും മഴക്കാലത്ത് യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങളാണ്. മഴക്കാലത്ത് കുടയും ചൂടിൽ പോയി കാണാൻ പറ്റുന്ന കേരളത്തിലെ ചില സ്ഥലങ്ങൾ പരിചയപ്പെടാം.

വയനാട്

മഴക്കാലത്ത് കേരളത്തിൽ ഏറ്റവും സുന്ദരമായ ജില്ലകളിൽ ഒന്നാണ് വയനാട്. കോടമഞ്ഞും, ചാറ്റൽ മഴയും, പച്ചപ്പും വയനാടിന്റെ മുഖമുദ്രയാണ്.

കുറുവ ദ്വീപ്

വയനാട് ജില്ലയിൽ കബനി നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിരവധി പക്ഷികളുടെ ആവാസ കേന്ദ്രമായ ഇവിടേയ്ക്ക് മാനന്തവാടിയിൽ നിന്ന് 17 കിലോമീറ്റർ യാത്ര ചെയ്താൽ എത്തിച്ചേരാം.

പൂക്കോട് തടാകം

കേരളത്തിലെ പ്രശസ്തമായ ശുദ്ധ ജല തടാകമായ പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത് വയനാട് ജില്ലയിലാണ്. വയനാട്ടിലെ വൈത്തിരിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ തടാകത്തിൽ ബോട്ട് സവാരിക്കും സൗകര്യമുണ്ട്.

പക്ഷിപാതാളം

വയനാട് ജില്ലയിൽ ബ്രഹ്മഗിരി മലനിരകളുടെ താഴ്വാരത്താണ് പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു പക്ഷി നിരീക്ഷണ കേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്.

തിരുനെല്ലി

ഉത്തരകാശിയെന്നാണ് വയനാട്ടിലെ തിരുനെല്ലി അറിയപ്പെടുന്നത്. മാനന്തവാടിയിൽ നിന്ന് 30 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന തിരുനെല്ലിയിലൂടെയാണ് പാപനാശം നദി ഒഴുകുന്നത്.
കൂടാതെ ബാണാസുരസാഗർ അണക്കെട്ട്, മീൻമുട്ടി വെള്ളച്ചാട്ടം, ഇടയ്ക്കൽ ഗുഹകൾ, വയനാട് വന്യജീവി സങ്കേതം, തുടങ്ങിയവയെല്ലാം ഈ യാത്രയിൽ സന്ദർശിക്കാവുന്നതാണ്. ചെമ്പ്ര, ബ്രഹ്മഗിരി, ചിറപ്പുല്ല്, കാറ്റു കുന്ന് ഈ സ്ഥലങ്ങളെല്ലാം അതിമനോഹരം ആണെങ്കിലും മഴക്കാലത്ത് അപകടസാധ്യത കണക്കിലെടുത്ത് ട്രക്കിംഗ് നിരോധനം ഏർപ്പെടുത്താറുണ്ട്.

മലമ്പുഴ

കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ്കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴ അണക്കെട്ടും ഗാർഡനുമാണ് ഏറേ പ്രശസ്തം. പാലക്കാട് ജില്ലയിലാണ് മലമ്പുഴ സ്ഥിതി ചെയ്യുന്നത്.

ശിരുവാണി ഡാം

പാലക്കാട് ജില്ലയിലാണ് ശിരുവാണി ഡാം സ്ഥിതി ചെയ്യുന്നത്. പാലക്കാട് നിന്ന് 48 കിലോമീറ്റർ അകലെയായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ കാഴ്ചയാണ് ഈ ഡാമിന്റെ പരിസരത്ത് നിന്നാൽ സഞ്ചാരികൾക്ക് കാണാൻ കഴിയുന്നത്.

നെല്ലിയാമ്പതി

പാലക്കാട് നിന്ന് 39 കിലോമീറ്റർ യാത്ര ചെയ്യണം നെല്ലിയാമ്പതിയിൽ എത്താൻ. ഓറഞ്ച് തോട്ടങ്ങളാണ് നെല്ലിയാമ്പതിയുടെ പ്രത്യേകത.

പോത്തുണ്ടി ഡാം

പാലക്കാട് ജില്ലയിൽ നെല്ലിയാമ്പതിക്ക് സമീപത്തായാണ് പോത്തുണ്ടി ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രകൃതി സൗന്ദര്യമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിപ്പിക്കുന്നത്.

സയലന്റ് വാലി

ലോകത്തിലെ തന്നെ നിത്യഹരിത മഴക്കാടുകളിൽ പേരുകേട്ടതാണ് സയലന്റ് വാലി. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് പാലാക്കാട് ജില്ലയിലാണ്. പാലക്കാട് ജില്ലയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് സയലന്റ് വാലി സ്ഥിതി ചെയ്യുന്നത്. ഒറ്റപ്പാലത്ത് നിന്ന് വളരെ എളുപ്പത്തിൽ സയലന്റ് വാലിയിൽ എത്താം. ഇവിടെ നിന്ന് 30 കിലോമീറ്റർ ആണ് സയലന്റ് വാലിയിലേക്കുള്ള ദൂരം.

അട്ടപ്പാടി

കേരളത്തിലെ നിരവധി ഗോത്രവർഗക്കാർ താമസിക്കുന്ന അട്ടപ്പാടിയെ പൊതുവെ അവികസിത സ്ഥലമായാണ് പരിഗണിക്കുന്നതെങ്കിലും സഞ്ചാരിക്കാൻ പറ്റിയ സ്ഥലമാണ്. പാലക്കാട് ജില്ലയിലാണ് അട്ടപ്പാടി സ്ഥിതി ചെയ്യുന്നത്.

മയിലാടുംപാറ

മയിലുകൾ നൃത്തം ചെയ്യുന്ന പാറ എന്നാണ് മയിലാടുംപാറ എന്ന വാക്കിനർത്ഥം. പാലക്കാട് നിന്ന് 30 കിലോമീറ്റർ യാത്ര
ചെയ്താൽ മയിലാടും പാറയി‌ൽ എത്താം. വനവാസകാലത്ത് രാമനും, ലക്ഷ്മണനും, സീതയും ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സീതാർക്കുണ്ട്, കേശവൻ പാറ, ചുള്ളിയാർ, മീൻകാര അണക്കെട്ടുകൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന മണലരു എസ്റ്റേറ്റ് തുടങ്ങിയവയെല്ലാം ഈ യാത്രയിൽ സന്ദർശിക്കാം.

ആതിരപ്പള്ളി

പ്രശസ്തമായ ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലാണ്. നിരവധി സിനിമകളിൽ ആതിരപ്പള്ളി
വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ചിത്രീകരിച്ചിട്ടുണ്ട്.

വാഴച്ചാൽ

തൃശൂർ ജില്ലയിൽ തന്നെ, ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപത്തായാണ് വാഴച്ചാൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

തേക്കടി

ഇന്ത്യയിലെ തന്നെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് തേക്കടി. പെരിയാർ തടാകം, വന്യജീവി സങ്കേതം, പക്ഷി സങ്കേതം തുടങ്ങിയവയാണ് തേക്കടിയിലെ പ്രധാന ആകർഷണങ്ങൾ. ബോട്ട് സവാരി നടത്താനും ഇവിടെ സൗകര്യമുണ്ട്. തേക്കടിക്കടുത്ത് വണ്ടൻമേട് എന്ന ഒരു കൊച്ചു ഗ്രാമം ഉണ്ട്. ലോകത്തിൽ ഏറ്റവും അധികം ഏലക്ക ഉൽപാദിപ്പിക്കുന്ന ഗ്രാമവും ഈ യാത്രയിൽ ഉൾപ്പെടുത്താം.

ദേവികുളം

മൂന്നാറി‌ൽ നിന്ന് 7 കിലോമീറ്റർ അകലെയായാണ് തേയില, കാപ്പിത്തോട്ടങ്ങ‌ൾക്ക് പേരുകേട്ട ദേവികുളം സ്ഥിതി ചെയ്യുന്നത്.

വാഗമൺ

ഇടുക്കി ജില്ലയിലെ സുന്ദരമായ മറ്റൊരു സ്ഥലമാണ് വാഗമൺ. കോട്ടയം നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയായാണ് വാഗമൺ സ്ഥിതി ചെയ്യുന്നത്.

പൊൻമുടി

തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനാണ് പൊൻമുടി. തിരുവനന്തപുരത്ത് നിന്ന് 61 കിലോമീറ്റർ അകലെയായി പശ്ചിമഘട്ട മലനിരകളിലാണ് പൊൻമുടി സ്ഥിതി ചെയ്യുന്നത്.

Leave a Comment