മഴക്കുറവ് 43 ശതമാനം, അടുത്തമാസം മഴ തിരികെ എത്തും
കേരളത്തില്‍ കാലവര്‍ഷം മന്ദഗതിയില്‍ തുടരുന്നതോടെ മഴക്കുറവ് 40 ശതമാനം പിന്നിട്ടു. ഇന്നു വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 43 ശതമാനമാണ് മഴക്കുറവ്. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 14 വരെ 1541.0 എം.എം മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 877.1 എം.എം മഴയാണ് ഇതുവരെ രേഖപ്പെടുത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളിലും മഴക്കുറവാണ് രേഖപ്പെടുത്തിയത്. ഒപ്പം കേന്ദ്ര ഭരണ പ്രദേശങ്ങളായ പുതുച്ചേരിയിലെ മാഹിയിലും ലക്ഷദ്വീപിലും മഴക്കുറവ് രേഖപ്പെടുത്തി.
ഓഗസ്റ്റ് മാസം ആദ്യ ആഴ്ചയില്‍ മഴയുടെ അളവില്‍ 88 ശതമാനമാണ് കുറവുണ്ടായത്. 120 മി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 14 മി മീ. മഴ മാത്രമാണ് പെയ്തത്. ഓഗസ്റ്റ് ഒന്നു മുതല്‍ 09 വരെയുള്ള കണക്കാണിത്. കാലവര്‍ഷത്തില്‍ ഇതുവരെ 43 ശതമാനം മഴ കുറഞ്ു. ഇടുക്കിയില്‍ 59, വയനാട്ടില്‍ 54, കോഴിക്കോട് 52 ശതമാനം വീതം മഴയുടെ അളവില്‍ കുറവുണ്ട്.
പസഫിക് സമുദ്രത്തില്‍ രൂപമെടുത്ത എല്‍നിനോ പ്രതിഭാസമാണ് സംസ്ഥാനത്ത് മണ്‍സൂണ്‍ ദുര്‍ബലമാക്കിയതെന്നാണ് വിലയിരുത്തല്‍. കാലവര്‍ഷക്കാറ്റ് ശക്തിപ്പെടാത്തതും മഴ കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കുറഞ്ഞു നിന്നാല്‍ സ്ഥിതി സങ്കീര്‍ണമാകും. എന്നാല്‍ ഒറ്റപ്പെട്ട മഴ വൈകുന്നേരങ്ങളില്‍ കിഴക്കന്‍ മലയോര മേഖലയില്‍ ലഭിക്കും.
സംഭരണികളിലേക്കുള്ള നീരൊഴുക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മഴ വീണ്ടും ശക്തമായില്ലെങ്കില്‍ ജലസംഭരണികള്‍ വറ്റി വരളാന്‍ സാധ്യതയേറി. ഇടുക്കിയില്‍ സംഭരണശേഷിയുടെ 32 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ഇടമലയാറില്‍ 43 ശതമാനവും മാത്രമാണുള്ളത്.
മഴ തീര്‍ന്നിട്ടില്ല, ഇനിയും വരാനുണ്ട്
ഓഗസ്റ്റ് മാസം മഴ കുറഞ്ഞു നില്‍ക്കുമെങ്കിലും സെപ്റ്റംബറില്‍ കേരളത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് Metbeat Weather നിരീക്ഷണം. പസഫിക് സമുദ്രത്തില്‍ ഇതുവരെ സജീവമായിട്ടില്ല. ഏതാനും ടൈഫൂണുകള്‍ കിഴക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട് ചൈന ഭാഗത്തേക്ക് പോയതൊഴിച്ചാല്‍ ഇന്ത്യന്‍ മണ്‍സൂണിനെ സ്വാധീനിക്കുന്ന രീതിയിലുള്ള അന്തരീക്ഷ മാറ്റം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ പസഫിക് സമുദ്രവും ബംഗാള്‍ ഉള്‍ക്കടലും സജീവമാകാന്‍ സാധ്യതയുണ്ട്. ഇത് കേരളത്തില്‍ വീണ്ടും മഴ നല്‍കും. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ഇത്തരം മഴ പ്രതീക്ഷിക്കാനാകുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു.
ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എ.ജെ.ഒ) അനുകൂലമാകുന്നതാണ് പസഫിക് സമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും മാറ്റംവരുത്തുക. എല്‍നിനോയുടെ സാഹചര്യത്തില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയില്ലെങ്കിലും മഴക്കുറവ് നേരിടുന്ന സാഹചര്യത്തില്‍ നേരിയ തോതില്‍ ആശ്വാസം എന്നരീതിയില്‍ മഴ ലഭിക്കും. അടുത്ത ദിവസങ്ങളില്‍ ഈ ഭാഗത്തെ കാലാവസ്ഥ നിരീക്ഷിച്ച ശേഷമേ കേരളത്തില്‍ മഴ ലഭിക്കുമോ ഇല്ലെയോ എന്ന് തീര്‍ച്ചപ്പെടുത്താനാകൂ. ഇത്തരം വിവരങ്ങള്‍ക്കായി മെറ്റ്ബീറ്റ് വെതറിന്റെ വെബ്‌സൈറ്റില്‍ സ്ഥിരമായി സന്ദര്‍ശിക്കുക.