ഹിമാചലില്‍ മേഘവിസ്‌ഫോടനം: ക്ഷേത്രം തകര്‍ന്ന് 9 മരണം, ഇതുവരെ മരണം 21 കവിഞ്ഞു

ഹിമാചലില്‍ മേഘവിസ്‌ഫോടനം
ഹിമാചല്‍ പ്രദേശില്‍ ഇന്നുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ക്ഷേത്രം ഒലിച്ചുപോയി. ഒന്‍പതു പേര്‍ മരിച്ചെന്നാണ് പ്രാഥമിക കണക്ക്. രണ്ടു വ്യത്യസ്ത ഉരുള്‍പൊട്ടലുകളിലായി 20 പേര്‍ മണ്ണിനടിയില്‍പ്പെട്ടു. കുളു, മണ്ഡി ഉള്‍പ്പെടെയുള്ള മേഖലകളിലേക്കുള്ള റോഡുകള്‍ അടച്ചു. ചാണ്ഡിഗഢ്- മണാലി ദേശീയപാതയും മണ്ഡി-കാടൗള-ബജൗര റോഡും അടച്ചു. കനത്ത മഴയെ തുടര്‍ന്ന് 750 റോഡുകള്‍ അടച്ചെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

കനത്ത മഴയില്‍ ഷിംലയിലെ ശിവക്ഷേത്രമാണ് തകര്‍ന്നത്. ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു പറഞ്ഞു. നിരവധി പേര്‍ മണ്ണിനടിയില്‍പ്പെട്ടു. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. പൊലിസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും രംഗത്തുണ്ട്. ശിവപൂജ നടത്താന്‍ രാവിലെ നിരവധി പേര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. ഇത്തരത്തില്‍ ഒത്തുചേര്‍ന്ന 50 പേരെങ്കിലും അപകടത്തില്‍പ്പെട്ടെന്നാണ് കരുതുന്നത്. ക്ഷേത്രം തകര്‍ന്ന സ്ഥലത്ത് താന്‍ സന്ദര്‍ശനം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഹിമാചലിലെ സോളനിലും ഇന്ന് മേഘവിസ്‌ഫോടനമുണ്ടായി. ഇവിടെ ജാഡോണ്‍ ഗ്രാമത്തില്‍ 7 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു പേരെ കാണാതായിട്ടുണ്ട്. രണ്ടു വീടുകളും ഒരു ഗോശാലയും ഒഴുക്കില്‍പ്പെട്ടു. ഡെറാഡൂണില്‍ കെട്ടിടം തകരുന്ന വിഡിയോ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ പുറത്തുവിട്ടു. ഡെറാഡൂണ്‍ പൊലിസാണ് വിഡിയോ പങ്കുവച്ചതെന്ന് വാര്‍ത്താ ഏജന്‍സി പറഞ്ഞു.

Leave a Comment