ഉത്തരേന്ത്യയിൽ ശൈത്യകാലം ആരംഭിച്ചതിനു പിന്നാലെ കേരളത്തിലും തണുപ്പെത്തുന്നു. ഡൽഹിയിൽ ഈ സീണലിൽ ഏറ്റവും കുറഞ്ഞ താപനിലയായ 10 ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. ഗുരുഗ്രാമിൽ 9.4 ഡിഗ്രിയായിരുന്നു ഇന്നത്തെ താപനില. ഡൽഹി സഫ്ദർജംഗിൽ 11.3 ഡിഗ്രിയും താപനില രേഖപ്പെടുത്തി. അടുത്ത ഏതാനും ദിവസം തണുപ്പ് കൂടാനാണ് സാധ്യത. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലാണ് ഏറ്റവും കുറവ് താപനില പ്രതീക്ഷിക്കുന്നത്.
തണുപ്പിന് കാരണം പശ്ചിമവാതം
പശ്ചിമവാതം എന്നറിയപ്പെടുന്ന വെസ്റ്റേൺ ഡിസ്റ്റർബൻസാണ് ഇന്ത്യയിൽ തണുപ്പിന് കാരണം. മധ്യധരണ്യാഴിയിൽ നിന്ന് കിഴക്കോട്ടുള്ള ശീതകാറ്റിന്റെ പ്രവാഹമാണിത്. തുർക്കി, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ വഴി വടക്കുപടിഞ്ഞാറൻ ഇന്ത്യ വഴിയാണ് ഇത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെത്തുന്നത്. ഹിമാലയത്തിൽ തട്ടി ഇത് മധ്യ ഇന്ത്യയിലേക്കും തെക്കേ ഇന്ത്യയിലേക്കും എത്തുന്നു. നിലവിൽ കിഴക്കൻ ദിശയിലാണ് പശ്ചിമവാതത്തിന്റെ ഒഴുക്ക്. പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ മേഖലകളിൽ ഇപ്പോൾ സമാന്യം നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ിവിടെ ഇനിയും താപനില താഴും.
തെക്കോട്ടും തണുപ്പെത്തും, കേരളത്തിലും
രണ്ടു ദിവസത്തിനു ശേഷം വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പശ്ചിമവാതത്തിന്റെ ഒഴുക്ക് തെക്കേ ഇന്ത്യയിലേക്കും നീളുമെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു. മഹാരാഷ്ട്രവഴി ശൈത്യം കർണാടകയിലേക്കും തുടർന്ന് വടക്കൻ കേരളത്തിലേക്കും എത്തും. നിലവിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്ന് കിഴക്കൻ കാറ്റ് ദുർബലമായതും പടിഞ്ഞാറൻ കാറ്റ് ദുർബലമായതുമായ സാഹചര്യം ശൈത്യക്കാറ്റിനെ കേരളത്തിൽ എത്തിക്കാനുള്ള അന്തരീക്ഷസ്ഥിതി അനുകൂലമാണ്. എന്നാൽ ബുധനാഴ്ചക്ക് ശേഷം വീണ്ടും കിഴക്കൻ കാറ്റ് എത്തുന്നതോടെ മഴ തിരെകെയെത്തുകയും തണുപ്പ് കുറയുകയും ചെയ്യും.
വടക്കുകിഴക്കൻ ഇന്ത്യയിൽ പുകമഞ്ഞ്
ഒഡിഷ, അസം, മേഘാലയ, നാഗാലാന്റ്, മണിപ്പൂർ, മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും അടുത്ത നാലു ദിവസം താപനില താഴുകയും പുകമഞ്ഞ് അനുഭവപ്പെടുകയും ചെയ്യും.