weather 29/10/24: മഴ ദുർബലമാക്കി ദന. ഇനി മഴ കൊണ്ടുവരിക എതിർ ചുഴലി
കേരളത്തിൽ തുലാവർഷം ദുർബലമായി. കേരളത്തിൽ ഇന്നും നാളെയും മഴ പൊതുവെ കുറയും. കിഴക്കൻ മേഖലകളിലും ഇടനാട് പ്രദേശങ്ങളിലും രാത്രി വൈകിയും പുലർച്ചെയും ചാറ്റൽ മഴ പ്രതീക്ഷിക്കാം. കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റമാണ് മഴ കുറയാൻ കാരണം. ദന ചുഴലിക്കാറ്റ് കരകയറിയശേഷം ബംഗാൾ ഉൾക്കടലിൽ നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചിരുന്ന കിഴക്കൻ കാറ്റിൻ്റെ ഗതിയിൽ മാറ്റം വരുത്തി. ഇതോടൊപ്പം ഈർപ്പ പ്രവാഹത്തെയും ദക്ഷിണേന്ത്യയുടെ ഭാഗങ്ങളിൽ ഇല്ലാതാക്കി.
ഇതോടെ തമിഴ്നാട്ടിൽ അസഹനീയമായ ചൂടിനും കാരണമായി. തുലാവർഷത്തെ സജീവമാക്കി നിർത്താൻ മറ്റു സിസ്റ്റങ്ങളൊന്നും ഇപ്പോൾ ബംഗാൾ ഉൾക്കടലിലോ പസഫിക് സമുദ്രത്തിലോ നിലവിലില്ല. പസഫിക് സമുദ്രത്തിൽ കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്ന ചുഴലിക്കാറ്റും കേരത്തിൽ മഴ കുറയ്ക്കാൻ ഇടയാക്കി. ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെ കേരളത്തിൽ 18% മഴ കുറവുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് മാത്രം പരിശോധിച്ചാൽ മഴക്കുറവ് 45 ശതമാനമാണ്.
പസഫിക് സമുദ്രത്തിൽനിന്ന് ലഭിച്ചുകൊണ്ടിരുന്ന കാറ്റിന്റെ ശ്രേണിയും ഈ ചുഴലിക്കാറ്റ് ദുർബലമാക്കി. പകരം ഫിലിപ്പൈൻസ് ഉൾപ്പെടെയുള്ള തെക്കു കിഴക്കൻ ഏഷ്യ രാജ്യങ്ങളിൽ മഴ ശക്തിപ്പെടുത്തുകയും ചെയ്തു. കേരളത്തിലേക്ക് പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ നിന്നുള്ള കാറ്റിൻ്റെ സ്വാധീനവും ദൃശ്യമാണ്.
ഇതുമൂലം വടക്കൻ കേരളത്തിൽ ഉൾപ്പെടെ മധ്യകേരളം വരെയുള്ള പ്രദേശങ്ങളിൽ അന്തരീക്ഷവായുവിന്റെ ഗുണനിലവാരത്തിലും നേരിയതോതിൽ കുറവ് രേഖപ്പെടുത്തി. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴികളോ ന്യൂനമർദ്ദങ്ങളോ നിലവിലില്ല. ന്യൂനമർദ്ദ പാത്തികളോ (Trough ) മറ്റു കാലാവസ്ഥ ഘടകങ്ങളോ ഇല്ലാത്തതിനാലാണ് ഉത്തരേന്ത്യയിൽ വരണ്ട കാലാവസ്ഥയും കേരളത്തിൽ മഴ കുറവും അനുഭവപ്പെടുന്നത്.
ഈ അന്തരീക്ഷ സ്ഥിതിക്ക് അടുത്ത ദിവസങ്ങളിൽ മാറ്റം വരുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. നവംബർ ഒന്നാം വാരത്തിന്റെ അവസാന ദിവസങ്ങളിലായി കൂടുതൽ മഴ ലഭിക്കാനുള്ള സാഹചര്യം ഉണ്ട്. തമിഴ്നാട്ടിൽ തുലാവർഷക്കാറ്റ് (North East monsoon wind) ശക്തിപ്പെടുന്നതോടെ കേരളത്തിലും വൈകിട്ട് ഇടിയോടുകൂടെയുള്ള (thunderstorm ) തുലാവർഷം മഴ ലഭിച്ചു തുടങ്ങും.
ചൈനക്ക് മുകളിൽ എതിർ ചുഴലി (Anti cyclone) രൂപപ്പെടുന്നതാണ് പസഫിക് സമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും കാറ്റിനെ ശക്തിപ്പെടുത്തുക. കിഴക്കൻ ചൈന കടലിൽ നിന്ന് പസഫിക് സമുദ്രത്തിലേക്ക് ഈർപ്പമുള്ള കാറ്റ് പ്രവഹിക്കുകയും അത് ബംഗാൾ ഉൾക്കടൽ വഴി തമിഴ്നാട് ഉൾപ്പെടെയുള്ള കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവേശിക്കുകയും ചെയ്യും.
ഇത് കേരളത്തിലേക്ക് എത്താനും കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ഇടിയോടുകൂടെ ശക്തമായ മഴ ഉണ്ടാക്കാനും സാധ്യതയുണ്ട്. നവംബർ 6 ന് ശേഷം നവംബർ അവസാനം വരെയുള്ള ദിവസങ്ങളിൽ ഈ സാഹചര്യം തുടരാനാണ് സാധ്യത. അതിനാൽ നവംബർ ഒന്നാം വാരത്തിനുശേഷം കിഴക്കൻ മേഖലകളിൽ മഴവെള്ളപ്പാച്ചിലിനും ശക്തമായ മഴയും മുന്നിൽ കണ്ട് മുന്നൊരുക്കം നടത്തുന്നത് നല്ലതാണ്. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിലെ നിരീക്ഷണത്തിൽ വ്യക്തമാകും.