കുടിയിറക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങാവാന്‍ റമദാന്‍ ക്യാമ്പയിനുമായി യുഎന്‍എച്ച്‌സിആര്‍

യുദ്ധം, അക്രമം, പീഡനം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ മൂലം നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ടവര്‍ക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ റമദാന്‍ ക്യാമ്പയിനുമായി ഐക്യ രാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആര്‍. കഴിഞ്ഞ വര്‍ഷം 100 ദശലക്ഷത്തിലധികം പേര്‍ അവരുടെ വീടുകളില്‍ നിന്നും നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ടു. ഇതിന്റെ എണ്ണം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും യുഎന്‍എച്ച്‌സിആര്‍ ദുബായ് ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറഞ്ഞു.

തുര്‍ക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പങ്ങള്‍ ഇതിനകം തന്നെ പലായനത്തിലുള്ള ദശലക്ഷക്കണക്കിന് സിറിയക്കാരുടെ ആഘാതം വര്‍ധിപ്പിച്ചതായും, സിറിയയിലെയും തുര്‍ക്കിയിലെയും നിലവിലെ അടിയന്തര ആവശ്യങ്ങളോട് പ്രതികരിക്കാന്‍ 201.3 മില്യണ്‍ ഡോളറാണ് യുഎന്‍എച്ച്‌സിആര്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തി.

ബംഗ്‌ളാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും പോഷകാഹാരം, പാര്‍പ്പിടം, ശുചിത്വം, ഉപജീവനമാര്‍ഗം എന്നിവയുമായി ബന്ധപ്പെട്ട് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ലോകമെമ്പാടും നോമ്പനുഷ്ഠിക്കവേ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ വര്‍ധിച്ചു വരുന്ന മാനുഷിക ആവശ്യങ്ങള്‍ പരിഹരിക്കാനാണ് യുഎന്‍എച്ച്‌സിആര്‍ സകാത്ത് ഫണ്ടിലൂടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നത്.
2017ല്‍ ആരംഭിച്ചതു മുതല്‍ യുഎന്‍എച്ച്‌സിആറിന്റെ അഭയാര്‍ത്ഥി സകാത്ത് ഫണ്ട് 26 രാജ്യങ്ങളിലായി ആറു ദശലക്ഷത്തിലധികം ഗുണഭോക്താക്കളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്.

Leave a Comment