കോപ് 28 നവംബര്‍ 30 മുതല്‍ യുഎഇയില്‍; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി യുഎഇ ഭരണാധികാരികള്‍

ഐക്യ രാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ ‘കോണ്‍ഫറന്‍സ് ഓഫ് ദി പാര്‍ട്ടീസ് 28-ാം സെഷന്‍’ (കോപ് 28) ഈ വര്‍ഷം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ ദുബായ് എക്‌സ്‌പോ സിറ്റിയില്‍ നടത്തുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ നിര്‍ണായക യോഗം ചേര്‍ന്നു.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും മേല്‍നോട്ടം വഹിക്കുന്ന ഉന്നത ആസൂത്രണ സമിതി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

ആഗോള കണ്‍വീനര്‍ എന്ന നിലയിലുള്ള തങ്ങളുടെ പങ്കിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും യുഎഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സമീപനത്തിനനുസൃതമായി ചുറ്റുമുള്ള സമൂഹങ്ങളുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അഭിപ്രായപ്പെട്ടു.

ഇന്നത്തെയും നാളത്തെയും ലോകത്തിന്റെ സുസ്ഥിതിക്കും സുസ്ഥിര വികസനത്തിനുമുള്ള നൂതനവും പ്രായോഗികവുമായ അവസരങ്ങള്‍ തുറക്കുന്നതിലൂടെ കാലാവസ്ഥാ പ്രവര്‍ത്തനത്തോടുള്ള യുഎഇയുടെ സമീപനം വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോപ് 28ന്റെ വിജയത്തിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് സംഭാവന നല്‍കാനാഗ്രഹിക്കുന്ന എല്ലാ പങ്കാളികളുമായും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഎഇ വ്യവസായ, മുന്നേറ്റ സാങ്കേതികതാ മന്ത്രിയും കോപ് 28ന്റെ നിയുക്ത പ്രസിഡന്റുമായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബിര്‍ ആതിഥേയത്വം വഹിച്ച ആദ്യ പരിപാടിയായ ‘റോഡ് റ്റു കോപ്28’ന്റെ സംക്ഷിപ്ത വിവരണവും യോഗത്തിലുണ്ടായിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദേശ നയതന്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, യുവ കാലാവസ്ഥാ വക്താക്കള്‍, മുതിര്‍ന്ന പൗരന്മാര്‍, ബിസിനസ് പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ 3,000ത്തിലധികം പങ്കാളികള്‍ ഈ പരിപാടിയില്‍ സംബന്ധിച്ചു.

Leave a Comment