ഉഗാണ്ടയില്‍ ഉരുള്‍പൊട്ടലില്‍ 17 മരണം
ഉഗാണ്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ ഉഗാണ്ടയിലുണ്ടായ മണ്ണിടിച്ചിലില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 100 പേരെ കാണാതായിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ബുധനാഴ്ച ബുലാംബുളി ജില്ലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. തലസ്ഥാനമായ കംപാലയില്‍ നിന്ന് 300 കി.മി അകലെയാണ് ഈ പ്രദേശം.
വലിയൊരു ഭാഗം ചെളിയും മറ്റു അവശിഷ്ടങ്ങളും നിറഞ്ഞ നിലയിലാണുള്ളതെന്നും വീടുകളും സ്‌കൂളുകളും ഉരുള്‍പൊട്ടലിന് ഇരയായെന്നും പ്രാദേശിക ടി.വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. ആളുകള്‍ വടിയും മറ്റുമായി മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കു വേണ്ടി തെരച്ചില്‍ നടത്തുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് ഈ മേഖലയില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വക്താവ് ചാള്‍സ് ഒഡോങ്‌തോ പറഞ്ഞു. നേരത്തെ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ഈ പ്രദേശത്തുണ്ട്. 45 വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായെന്ന് ഉഗാണ്ട റെഡ് ക്രോസ് സൊസൈറ്റി പ്രസ്താവനയില്‍ പറഞ്ഞു. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് ഒക്ടോബര്‍ മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. ചില പ്രദേശങ്ങളില്‍ വ്യാപകമായ പ്രളയം നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് നിലെ നദി കരകവിഞ്ഞു. ഈ നദിയുടെ പ്രധാന കൈവഴി കടന്നു പോകുന്നത് ഉഗാണ്ടയിലൂടെയാണ്. 2010 ലും ഇവിടെ മഞ്ഞുമലയിടിഞ്ഞും മണ്ണിടിഞ്ഞും 80 പേര്‍ കൊല്ലപ്പെട്ടിരുന്നു.