cyclone fengal update 30/11/24 : ഫിന്‍ജാല്‍ ഇന്ന് കരകയറും, കേരളത്തില്‍ ചൊവ്വ തീവ്രമഴ സാധ്യത
തമിഴ്‌നാട് തീരത്ത് കഴിഞ്ഞ ദിവസം രൂപം കൊണ്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരത്ത് കരകയറും. ചെന്നൈ, പുതുച്ചേരി തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ചെന്നൈ മുതല്‍ പുതുച്ചേരി വരെയുള്ള തീരപ്രദേശത്ത് ഇന്നലെ മുതല്‍ മഴ ലഭിക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ മുതല്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം വരെയുള്ള പ്രദേശങ്ങളില്‍ ഇന്ന് കനത്ത മഴക്ക് സാധ്യത. ആന്ധ്രാപ്രദേശിലെ നല്ലൂര്‍ മുതല്‍ തമിഴ്‌നാട്ടിലെ പുതുച്ചേരി വരെ ശക്തമായ മഴയും കാറ്റും ഇന്ന് പ്രതീക്ഷിക്കാം.
ചുഴലിക്കാറ്റിന്റെ സ്ഥാനം എവിടെ?
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് രാവിലെയുള്ള ഉപഗ്രഹ നിരീക്ഷണ പ്രകാരം പുതുച്ചേരിയില്‍ നിന്ന് 150 കി.മി തെക്കു കിഴക്കാണ് സ്ഥിതി ചെയ്യുന്നത്. ചെന്നൈയില്‍ നിന്ന് ചുഴലിക്കാറ്റിലേക്കുള്ള ദൂരം 140 കി.മി ആണ്. നാഗപട്ടണത്തു നിന്ന് 210 കി.മി ഉം ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ നിന്ന് 400 കി.മി അകലെയുമാണ് ഇന്ന് രാവിലെയുള്ള ചുഴലിക്കാറ്റിന്റെ സ്ഥാനം.
Cyclone Fengal Update: Heavy rain causes flooding in Chennai's Triplicane area, inundating Dr. Besant Road. Stay safe, stay informed!
— DT Next (@dt_next) November 30, 2024
🎥: @_Hemanathan_ #dtnext #CycloneFengal #ChennaiRains #Flood #TamilNaduRains #RedAlert#FloodMitigation #Chennai #WeatherUpdate #CycloneAlert pic.twitter.com/CU2404ozZs
കരകയറല്‍ ഇന്ന് വൈകിട്ട്
ഇന്ന് വൈകിട്ടോടെ തമിഴ്‌നാട് തീരത്ത് ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരകയറും. കാരൈക്കലിനും മഹാബലിപുരത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് കരകയറുക. കരകയറുമ്പോള്‍ ചുഴലിക്കാറ്റ് വേഗതയിലായിരിക്കുമെന്നും കാറ്റിന് 70-80 കി.മി വേഗതയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
കേരളത്തിലെ മഴ സാധ്യത
കേരളത്തിലും കര്‍ണാടകയുടെ തെക്കുകിഴക്കന്‍ മേഖലയിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. തമിഴ്‌നാട്, തീരദേശ ആന്ധ്രാപ്രദേശ് മേഖലകളില്‍ അതിശക്തമായതോ തീവ്രമായതോ ആയ മഴ സാധ്യത. തമിഴ്‌നാട്ടില്‍ തിരുവണ്ണാമലൈ, സേലം, ഈറോഡ്, ധര്‍മപുരി, ദിണ്ഡുകല്‍, കോയമ്പത്തൂര്‍, നീലഗിരി, തഞ്ചാവൂര്‍, തിരുച്ചി, കടലൂര്‍, തുടങ്ങിയ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴ ഉണ്ടാകും.
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴ തെക്കന്‍ കേരളത്തില്‍ പ്രതീക്ഷിക്കാം. നാളെ (ഞായര്‍) മുതലാണ് ഫിന്‍ജാലിന്റെ ഭാഗമായ മഴ കേരളത്തില്‍ ലഭിച്ചു തുടങ്ങുക. തിങ്കളാഴ്ച കേരളത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കും. കോഴിക്കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഇടത്തരം മഴയോ ശക്തമായ മഴയോ പ്രതീക്ഷിക്കുന്നതായി മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.
ചൊവ്വാഴ്ച കേരളത്തിലുടനീളം അതിശക്തമായ മഴയുണ്ടാകും. തമിഴ്‌നാടിനു മുകളില്‍ നിന്ന് ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കേരളത്തിനു മുകളില്‍ ന്യൂനമര്‍ദമായി നിലകൊള്ളുന്നത് മൂലമാണിത്. ചൊവ്വാഴ്ച കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിശക്തമായതോ തീവ്രമായതോ ആയ മഴയും ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴയോ ലഭിച്ചേക്കുമെന്നാണ് മെറ്റ്ബീറ്റിന്റെ പ്രവചനം.
ഔദ്യോഗിക കാലാവസ്ഥാ പ്രവചനത്തിന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സന്ദേശങ്ങള്‍ പിന്തുടരണം.