uae weather 16/04/24: യു.എ.ഇയിൽ കനത്ത മഴ നാളെയും തുടരും
യു.എ.ഇയില്‍ പ്രളയത്തിന് കാരണമായ കനത്ത മഴ നാളെ (ഏപ്രില്‍ 17) നും തുടരും. ഇന്നലെ ഉച്ചയ്ക്ക് ശേഷം യു.എ.ഇയില്‍ ഇടിയോടു കൂടെയുള്ള മഴയുടെ രണ്ടാംഘട്ടം സജീവമായതോടെ മിക്ക പ്രദേശങ്ങളിലും വെള്ളം കയറി. ദുബൈയിലെ ഗോള്‍ഡ് സൂക്കിലും മെട്രോ സ്‌റ്റേഷനിലും വെള്ളം കയറി. ചില മേഖലകളില്‍ വൈദ്യുതി തടസവുമുണ്ടായി. നിരവധി റോഡുകള്‍ അടച്ചു. നാളെ വൈകിട്ട് വരെ കനത്ത മഴ തുടരുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു.
ഇന്ന് രാജ്യത്തുടനീളം ആലിപ്പഴ വര്‍ഷത്തോടെ കനത്ത മഴയും ഇടിമിന്നലുമുണ്ടായി. അസ്ഥിര കാലാവസ്ഥ ബുധനാഴ്ച വരെ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അത്യാവശ്യത്തിനല്ലാതെ ഇന്നലെ ജനങ്ങളോട് പുറത്തുപോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് ഇന്നും വര്‍ക്ക് അറ്റ് ഹോം അനുവദിക്കും. വീടുകളില്‍ തന്നെ തുടരാനും എല്ലാ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു. പ്രളയ സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാനും അധികൃതര്‍ നിര്‍ദേശം നല്‍കി.
ഇന്ന് ഇടിയോടെയുള്ള മഴയാണ് രാവിലെ മുതല്‍ ദൃശ്യമായത്. മഴക്കൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു.
അന്തരീക്ഷത്തിലെ താഴ്ന്ന ഉയരത്തിലുള്ള ന്യൂനമര്‍ദം ആണ് കാലാവസ്ഥാ മാറ്റത്തിന് കാരണമായത്. മെറ്റ്ബീറ്റ് വെതര്‍ ഉള്‍പ്പെടെ കഴിഞ്ഞ 14 ന് ഈ വെബ്‌സൈറ്റില്‍ യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലെ കനത്ത മഴ പ്രവചിച്ചിരുന്നു.
കനത്ത മഴ തുടരുന്നതിനാല്‍ ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ, അല്‍ഐന്‍, കല്‍ബ, അബുദാബി എന്നിവിടങ്ങളിലെ പല റോഡുകളും വെള്ളത്തില്‍ മുങ്ങി. വെള്ളം കയറിയതിനെ തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങള്‍ റോഡില്‍ ബ്രേക്ക്ഡൗണായി. ബസ് സര്‍വിസുകള്‍ താളം തെറ്റി.
റോഡില്‍ വെള്ളക്കെട്ടുണ്ടായതിനാല്‍ ഗതാഗതം പലയിടത്തും മുടങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ ജബല്‍ അലിയിലേക്കുള്ള റോഡ് അടച്ചു. ബിസിനസ് ബേ ഏരിയയില്‍ നിന്ന് ജബല്‍ അലിയിലേക്ക് വരുന്ന അല്‍ അസായീല്‍, ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നവരോട് അല്‍ ഖൈല്‍ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ് തുടങ്ങിയ ബദല്‍ റോഡുകള്‍ ഉപയോഗിക്കാന്‍ ആര്‍.ടി.എ ആവശ്യപ്പെട്ടിരുന്നു. ഗ്ലോബല്‍ വില്ലേജും മഴയെ തുടര്‍ന്ന് അടച്ചു.
ഷാര്‍ജ കല്‍ബയിലെ റിംങ് റോഡും കനത്ത വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ചു.
ഇവിടത്തെ വാദികള്‍ കരകവിഞ്ഞു. ഷാര്‍ജയിലും പൊലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ദുബൈ വിമാനത്താവളം അടച്ചു
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 17 സര്‍വീസുകള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തടസപ്പെട്ടു. 25 മിനുട്ട് നേരത്തേക്ക് വിമാനത്താവളം അടച്ചു. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും പലതും വൈകുകയും വഴിതിരിച്ചു വിടുകയും ചെയ്തായി അധികൃതര്‍ പറഞ്ഞു.
ദുബൈ എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗത കുരുക്കുള്ളതിനാല്‍, എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ മെട്രോ ഉപയോഗിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ വൈകിട്ടോടെ മെട്രോ സ്‌റ്റേഷനുകളിലും വെള്ളം കയറി.
കനത്ത മണ്ണിടിച്ചിലും
വടക്കന്‍ എമിറേറ്റുകളില്‍ മണ്ണിടിച്ചിലില്‍ രണ്ട് റോഡുകള്‍ തകര്‍ന്നു. അല്‍ഐനിലെ അല്‍ ഖത്താറ ഏരിയയിലെ ഒരു അപാര്‍ട്ട്‌മെന്റില്‍ വെള്ളം കയറി. കനത്ത മഴ മൂലം ഫ്ലാറ്റുകളിൽ വെള്ളം നിറഞ്ഞു.
ഷാര്‍ജ അല്‍ മജാസില്‍ അല്‍ ഖാന്‍ ജംഗ്ഷനിലേക്കുള്ള റോഡില്‍ വെള്ളം കെട്ടി നിന്നതിനെ തുടര്‍ന്ന് പൊലീസ് അടച്ചു.
സ്‌കൂളുകളും റിമോട്ട് പഠനമാണ് പ്രോല്‍സാഹിപ്പിക്കുന്നത്.
കനത്ത മഴ മൂലം ചില ഡെലിവറി കമ്പനികള്‍ ചില പ്രദേശങ്ങളില്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. ഡെലിവറികള്‍ തുടരുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ക്കടക്കം കാലതാമസം പ്രതീക്ഷിക്കാന്‍ ഉപഭോക്താക്കളെ അധികൃതര്‍ ഉണര്‍ത്തി.
മെട്രോ സ്റ്റേഷനില്‍ വെള്ളം കയറി
മെട്രോ സ്റ്റേഷനില്‍ വെള്ളം കയറി
ചൊവ്വാഴ്ച രാവിലെ ഓണ്‍പാസ്സിവ് മെട്രോ സ്റ്റേഷനില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. സ്‌കൂളുകള്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കി.
അല്‍ ഐനിന്റെ തെക്ക് ഭാഗത്തെ അല്‍ ഖുവയില്‍ ഭീമാകാരമായ കുഴി രൂപപ്പെട്ട് മണ്ണിടിഞ്ഞു. റോഡിന്റെ ഒരു വലിയ ഭാഗമാണ് ഇടിഞ്ഞു പോയത്. ഇതേത്തുടര്‍ന്ന്, ഇവിടത്തേക്കുള്ള ഗതാഗതം വഴിതിരിച്ചു വിട്ടു. മണ്ണിടിച്ചിലില്‍ റാസല്‍ഖൈമ എമിറേറ്റ്‌സ് റോഡിലേക്കുള്ള ഒരു ഭാഗം തകര്‍ന്നു.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അജ്മാന്‍ ലൈസന്‍സിംഗ് കേന്ദ്രം രണ്ട് ദിവസത്തേക്ക് താല്‍ക്കാലികമായി അടച്ചു.
തിങ്കളാഴ്ച രാത്രി വൈകിയും ചൊവ്വാഴ്ച രാവിലെയും പെയ്ത കനത്ത മഴയില്‍ ഷാര്‍ജയിലെ പല തെരുവുകളിലും പ്രാദേശിക പ്രളയമുണ്ടായി.
റോഡില്‍ സുരക്ഷവേണം, ഇല്ലെങ്കില്‍ പിഴ
പ്രതികൂല കാലാവസ്ഥയില്‍ ജീവന് അപകടമുണ്ടാക്കുന്ന വിധത്തില്‍ ട്രാഫിക് നിയമ ലംഘനം നടത്തിയാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് പൊലീസ്. 2000 ദിര്‍ഹം വരെ പിഴയും 23 ബ്ലാക്ക് പോയിന്റുകളും രണ്ട് മാസത്തേക്ക് വാഹനങ്ങള്‍ കണ്ടുകെട്ടലുമാണ് ശിക്ഷ.
സ്വകാര്യ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്
ഇന്ന് സ്വകാര്യ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടക്കും. സര്‍ക്കാര്‍ ജീവനക്കാരും ഓണ്‍ലൈനില്‍ ജോലി ചെയ്താല്‍ മതി. ദുബൈ മീഡിയ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ സ്ഥാപനങ്ങളും വര്‍ക്ക് അറ്റ് ഹോം അനുവദിക്കണം. ദുബൈ മെട്രോ റെഡ് ലൈന്‍ യു.എ.ഇ എക്‌സേഞ്ച് മുതല്‍ ദുബൈന്‍ ഇന്റര്‍നെറ്റ് സിറ്റി സ്‌റ്റേഷന്‍ വരെയുള്ള ഭാഗത്ത് സര്‍വിസ് തടസ്സപ്പെട്ടു. യാത്രക്കാര്‍ക്ക് സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴി 8009090 നമ്പര്‍ വഴിയും ബന്ധപ്പെടാം.
പ്രവാസികൾ നാട്ടിലെയും ഗൾഫിലെയും കാലാവസ്ഥ അറിയാൻ ഈ WhatsApp ഗ്രൂപ്പിൽ ചേരുക.
FOLLOW US ON GOOGLE NEWS