ദിവസങ്ങള്‍ക്കുള്ളില്‍ യുഎഇയിലെ വേനല്‍ക്കാലം അവസാനിക്കും. രാജ്യം ഉടന്‍ ശരത്കാല സീസണിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, സെപ്റ്റംബര്‍ 23 വെള്ളിയാഴ്ചയാണ് ശരത്കാലം ആരംഭിക്കുന്നത്. അതേ ദിവസം പുലര്‍ച്ചെ 5.04 ന് ശരത്കാലദിനം ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി അറിയിച്ചു.
ഇത് ശരത്കാല സീസണിന്റെ ആരംഭത്തെ അടയാളപ്പെടുത്തുന്നു. പകലുകളും രാത്രികളും തുല്യ ദൈര്‍ഘ്യമുള്ളതായിരിക്കും, അതായത് സൂര്യോദയവും സൂര്യാസ്തമയവും യഥാക്രമം രാവിലെയും വൈകുന്നേരവും ഏതാണ്ട് ഒരേ സമയത്തായിരിക്കും. സീസണ്‍ പുരോഗമിക്കുകയും രാജ്യം പൂര്‍ണമായി ശീതകാലത്തിലേക്ക് മാറുകയും ചെയ്യുമ്പോള്‍, രാത്രികള്‍ നീണ്ടുനില്‍ക്കുകയും പകലുകള്‍ കുറയുകയും ചെയ്യും.ശരത്കാല സീസണില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും മരുഭൂമിയില്‍ മെര്‍ക്കുറി 20 ഡിഗ്രി സെല്‍ഷ്യസിനു താഴെയാകുമെന്നും എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അടുത്തിടെ ഒരു ട്വീറ്റില്‍ പറഞ്ഞിരുന്നു.
വേനല്‍ച്ചൂടിന് വിരാമമിട്ട് ഓഗസ്റ്റ് 24-ന് സുഹൈല്‍ നക്ഷത്രം ഉദിച്ചിരുന്നു. യു.എ.ഇ.യുടെ ശരത്കാലത്തിലേക്കുള്ള മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ക്രമേണ താപനില കുറയുമെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് സിഇഒ ഹസന്‍ അല്‍ ഹരീരി അടുത്തിടെ വ്യക്തമാക്കിയിരുന്നു.