ടൊർണാഡോ പ്രേതഭൂമിയാക്കി യു.എസ് നഗരങ്ങൾ; മരണം 26; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൈഡൻ

അമേരിക്കയിലെ നഗരങ്ങൾ ശക്തമായ ടൊർണാഡോയുടെ ഞെട്ടലിൽ നിന്ന് മോചിതമായിട്ടില്ല. യുദ്ധം കഴിഞ്ഞ പ്രേതഭൂമിപോലെയാണ് മിസിസിപ്പിയിലെ മിക്ക പ്രദേശങ്ങളും. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ടൊർണാഡോയിൽ ഇവിടെ മരിച്ചവരുടെ എണ്ണം 26 ആയി. മിസിസിപ്പിയിൽ 25 പേരും അലബാമയിൽ ഒരാളുമാണ് മരിച്ചത്. അഞ്ചു പേരെ കാണാതായി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ടൊർണാഡോ നൂറു കണക്കിന് വീടുകളും കെട്ടിടങ്ങളും തകർത്തു. ആയിരക്കണക്കിന് മരങ്ങളും വൈദ്യുതി തൂണുകളും ടവറുകളും തകർന്നു. വൈദ്യുതി, വാർത്താ വിനിമയബന്ധങ്ങൾ താറുമാറായി. 26,000 പേർക്ക് രണ്ടാം ദിവസവും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല.

വെള്ളിയാഴ്ച രാത്രി കനത്ത നാശം വിതച്ചാണ് ടൊർണാഡോ കടന്നുപോയത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മിസിസിപ്പിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹൃദയഭേദകമാണ് മിസിസിപ്പിയിലെ കാഴ്ചയെന്നും ദുരിതാശ്വാസ സഹായം നൽകുമെന്നും ജോ ബൈഡൻ പറഞ്ഞു. ട്വീറ്റിനൊപ്പം അദ്ദേഹം മിസിസിപ്പിയിലെ തകർന്ന വീടുകളെയും മറ്റും ചിത്രം പങ്കുവച്ചു. മിസിസിപ്പിയിൽ ടൊർണാഡോ കടന്നുപോയ പ്രദേശങ്ങൾ യുദ്ധഭൂമിപോലെയാണ്. വീടുകളും വാഹനങ്ങളും തകർത്ത ടൊർണാഡോ അവയെ ഒരോ ഇടങ്ങളിലായി കൂനപോലെ കൂട്ടിവച്ചിരിക്കുകയാണ്. മിസിസിപ്പിക്കും മറ്റും ഫെഡറൽ സഹായം നൽകാൻ യു.എസ് പ്രസിഡന്റ് ഉത്തരവിട്ടു. രണ്ടാം ദിവസമായ ഇന്നലെയും രക്ഷാപ്രവർത്തനം തുടരുകയാണ്.

കരോൾ, ഹമ്പിറേയ്‌സ്, മോൺറോ, ഷാർക്കി കൗണ്ടികളിൽ ഫെഡറൽ സഹായം നൽകും. 240 കി.മി ദൂരത്താണ് മിസിസിപ്പിയിലെ ടൊർണാഡോ നാശം വിതച്ചത്. പടിഞ്ഞാറൻ മിസിസിപ്പിയിൽ നിന്ന് 1,900 കി.മി അകലെയുള്ള റോളിംഗ് ഫോർക് ടൗൺ പാടെ തകർന്നു. ഇവിടെ മാത്രം 12 പേർ കൊല്ലപ്പെട്ടു. 24 ടൊർണാഡോകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. യു.എസ് കാലാവസ്ഥാ ഏജൻസിയായ National Weather Service വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ ശക്തമായ കാറ്റിന് മുന്നറിയിപ്പ് നൽകിയിരുന്നു. മിസിസിപ്പിയിലും ്അലബാമയിലും ശക്തമായ കാറ്റും, മഴയും ആലിപ്പഴ വർഷവും ടൊർണാഡോ സാധ്യതയും ഞായറാഴ്ച വരെയുണ്ടെന്നാണ് National Weather Service’s Storm Prediction Center പ്രവചിക്കുന്നത്.

Leave a Comment