നാളെ അനുഭവപ്പെടുന്ന താപനില 58 ഡിഗ്രിവരെയാകും എന്നു വായിച്ച് ഞെട്ടേണ്ട. താപനിലയും അനുഭവപ്പെടുന്ന താപനിലയും രണ്ടാണ്. ഇനി എന്താണ് അനുഭവപ്പെടുന്ന താപനില (Feels Like Temperature) എന്ന താപസൂചിക (Heat Index) എന്നു നോക്കാം.
നാളെ താപസൂചിക 58 ഡിഗ്രിവരെ
നാളെ (ബുധൻ) കോട്ടയം, പത്തനംതിട്ട, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ താപ സൂചിക 58 ഡിഗ്രിയിലെത്തുമെന്നാണ് പ്രവചനം. കണ്ണൂർ, കാസർകോട്, വയനാട്, ജില്ലകളിലും താപനില 52നു മുകളിൽ കടക്കും. ഹൈറേഞ്ച് മേഖലകളിൽ മാത്രമാണ് ചൂടിന്റെ കാഠിന്യം അല്പം കുറഞ്ഞു നിൽക്കുന്നത്.
എന്താണ് താപസൂചിക
എങ്ങനെ 58 ഡിഗ്രി ആകും
മനുഷ്യ ശരീരത്തിന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപസൂചിക (Heat Index) എന്നു പറയുന്നത്. ഇതിനെ ആപ്പുകളിലും മറ്റും Feels Like Temperature എന്നാണ് കാണുക. അന്തരീക്ഷത്തിലെ താപനിലയും (Temperature) ആർദ്രത (Humidity) യും തമ്മിലുള്ള അനുപാതമാണിത്. അന്തരീക്ഷ താപനില എന്നു പറയുന്നത് വെയിലത്തു നിന്നുള്ള താപനിലയല്ല. തണലുള്ള ഭാഗത്തെ അന്തരീക്ഷവായുവിന്റെ താപനിലയാണിത്. സാധാരണ ഭൗമോപരിതലത്തിൽ നിന്ന് രണ്ടു മീറ്റർ ഉയരത്തിൽ നിന്നാണ് ഈ താപനില രേഖപ്പെടുത്തുക. അതിനാൽ ഇതിന് 2M Temperature എന്നും പേരുണ്ട്. താപസൂചിക കൂടും തോറും നമുക്ക് ഉഷ്ണം കൂടും. ആകെ അസ്വസ്ഥത അനുഭവപ്പെടും. ചില രാജ്യങ്ങളിൽ ചൂട് കൂടുതലാണെങ്കിലും ആർദ്രത കുറവായിരിക്കും. അപ്പോൾ ചൂട് അനുഭവപ്പെടാതെ തോന്നും. കേരളത്തിൽ ആർദ്രത കൂടുതലായതിനാൽ ചൂട് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. വിയർത്തൊലിക്കും, ആകെ അസ്വസ്ഥത തോന്നും. തളർച്ചയും ക്ഷീണവും എല്ലാം അനുഭവപ്പെടും. ചിലർക്ക് തലവേദനയും മറ്റു മാനസിക പ്രശ്നങ്ങളും.
താപ സൂചിക 58 ഡിഗ്രി ആകുമ്പോൾ അന്തരീക്ഷ താപനില 37 ഡിഗ്രിയേ കാണൂ. അപ്പോൾ ഹ്യുമിഡിറ്റി 70 ശതമാനവും ആകും. അതായത് 70 ശതമാനം ആർദ്രതയും 37 ഡിഗ്രി ചൂടുമാണെങ്കിൽ നമുക്ക് അനുഭവപ്പെടുന്ന ചൂട് 58 ഡിഗ്രിയാകും എന്നർഥം. അതാണ് താപസൂചിക 58 ഡിഗ്രി എന്നു പറയുന്നത്. ഇനി താപനില 39 ഡിഗ്രിയും ആർദ്രത 70 ഡിഗ്രിയും ആണെങ്കിൽ താപസൂചിക 67 ഡിഗ്രിയിലെത്തും. നമുക്ക് 67 ഡിഗ്രി ഉള്ളതുപോലെ തോന്നും. സാധാരണ ചൂട് കൂടുന്ന പാലക്കാട് ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിൽ ആർദ്രത കുറവായതിനാണ് നമുക്ക് ചൂട് അത്രയധികം തോന്നാത്തത്. അവിടെ ആർദ്രത കൂടി കൂടുതലാണെങ്കിൽ പുകഞ്ഞുപോയേനെ. ഇതോടൊപ്പമുള്ള ചാർട്ടിൽ നോക്കി അന്തരീക്ഷ താപനിലയും ആർദ്രതയും മാറുന്നത് അനുസരിച്ച് അനുഭവപ്പെടുന്ന താപനില എത്രയെന്നു വ്യക്തമാകും.