ഇന്നത്തെ കാലാവസ്ഥ അവലോകനം വായിക്കാം

കേരളത്തിൽ മൺസൂൺ ബ്രേക്ക് തുടരുന്നു. ഇതോടെ ഈ മാസം അവസാനം വരെ മൺസൂൺ മഴ കുറയാൻ സാധ്യത. കാലവർഷ പാത്തി എന്ന Monsoon Trough അതിൻറെ സാധാരണ പൊസിഷനിൽ നിന്ന് മാറി വടക്കേ ഇന്ത്യയുടെ ഭാഗത്തേക്ക് നീങ്ങിയിരിക്കുകയാണ്. ഹിമാലയത്തിനോട് ചേർന്നാണ് നിലവിൽ കാലവർഷ പാത്തി നിലകൊള്ളുന്നത്. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷത്തിന്റെ ഭാഗമായ മഴ കുറയാനും ഹിമാലയൻ മേഖലകളിലും മധ്യ ഇന്ത്യയിലും കനത്ത മഴക്കും കാരണമാകും. ഒരാഴ്ച ഹിമാലയൻ താഴ്വാരങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഉത്തർപ്രദേശ് ,ഡൽഹി, ഹരിയാന മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ട്.
ഹിമാലയൻ മേഖലയിലും ഉത്തരേന്ത്യയിലും കനത്ത മഴ
കേരളത്തിൽ മൺസൂൺ ബ്രേക്ക് തുടരുന്ന സാഹചര്യങ്ങളിൽ ഹിമാലയൻ മേഖലയിലൂടെയുള്ള യാത്ര സുരക്ഷിതമല്ല. മൺസൂൺ ട്രഫ് ആ ഭാഗത്തേക്ക് നീങ്ങിയതിനാൽ കനത്ത മഴക്കും മണ്ണിടിച്ചിലിനും മലയിടിച്ചിലിനും ആ മേഖലകളിൽ സാധ്യതയുണ്ട്. ഹിമാലയൻ മേഖലകളിലേക്ക് സഞ്ചാരത്തിനും തീർത്ഥാടനത്തിനും പോകുന്നവർ ഈ സമയം ജാഗ്രത പാലിക്കുക.
തീരത്ത് മഴ കുറയും, കാറ്റിനും സാധ്യത
കേരളത്തിൽ തീരദേശ ജില്ലകളിൽ മഴ താരതമ്യേന കുറയും. പകൽ വെയിൽ ഉണ്ടാകും. വൈകിട്ടും രാത്രിയിലും കാറ്റും. വടക്കൻ കേരളത്തിൽ വരെ നീളുന്ന ഒരു ന്യൂനമർദ പാത്തി ഉളളതിനാൽ രാത്രി വൈകി ചാറ്റൽ, ഇടത്തരം മഴ ചിലയിടങ്ങളിൽ പ്രതീക്ഷിക്കാം.
മലയോരത്ത് ഒറ്റപ്പെട്ട ശക്തമായ മഴ
മലയോര മേഖലകളിൽ വൈകുന്നേരങ്ങളിലും രാത്രിയിലും ഇടിയോടു കൂടെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. കാലവർഷക്കാറ്റ് ദുർബലമാകുന്നതിനാൽ ഈ മേഖലകളിൽ സംവഹനം ഉണ്ടാവുകയും മേഘരൂപീകരണം നടക്കുകയും മഴ പെയ്യുകയും ചെയ്യും. അതിനാൽ കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ മലയോര മേഖലകളിലും മലയോരമേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇവിടെ നിന്ന് പടിഞ്ഞാറേക്ക് 15 – 20 കിലോമീറ്റർ വരെയുള്ള ഇടനാട് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈകിട്ടും രാത്രിയിലും ഒറ്റപ്പെട്ട ഇടത്തരം / ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്. വന മേഖലകളിൽ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ അരുവികളിലും മറ്റും മലവെള്ളപ്പാച്ചിൽ ഉണ്ടായേക്കും. പശ്ചിമഘട്ടത്തിന്റെ തമിഴ്നാടൻ മേഖലയിലും ശക്തമായ മഴ ലഭിക്കും. തമിഴ്നാടിന്റെ ഉൾനാടൻ മേഖലയിലും വൈകിട്ട് ഇടിയോടു കൂടെ മഴക്ക് സാധ്യതയുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കുന്നതിനാൽ കേരളത്തിലെ ഡാമുകളിലും നീരൊഴുക്ക് വർദ്ധിക്കും.
കാറ്റിന് സാധ്യത
പടിഞ്ഞാറൻ പ്രദേശങ്ങളിലും ഇടനാട്ടിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിൻറെ വേഗം മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ ആകാം . പ്രത്യേക ജാഗ്രത വേണ്ടി വരില്ല.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment