നാളെ വിഷുദിനത്തിൽ ചൂട് കൂടുമോ ? ഇന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ചൂട് 40 ഡിഗ്രിക്ക് മുകളിൽ

കേരളത്തിലെ വിവിധ ജില്ലകളിൽ ചൂട് ഇന്ന് 40 മുതൽ 42 ഡിഗ്രി വരെ എത്തും. പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളിലും എറണാകുളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലുമായിരിക്കും കൂടുതൽ ചൂട് അനുഭവപ്പെടുക. കഴിഞ്ഞ രണ്ടു ദിവസത്തെ അപേക്ഷിച്ച് യു വി ഇൻഡക്സ് താരതമ്യേന കുറയാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നാളെ മുതൽ ചൂട് കുറയുമെന്ന് മെറ്റ്ബീറ്റ് വെതർ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വെതർമാൻ കേരള പറഞ്ഞു.

ചൊവ്വ വരെ ചൂട് തുടരും . എന്നാൽ ഇന്നു മുതൽ കാറ്റിന്റെ പാറ്റേൺ മാറുന്നുണ്ട് . തീരദേശ മേഖലകളിൽ ഈർപ്പമുള്ള കാറ്റ് ഉണ്ടാകും. ഈ ഈർപ്പം മഴയ്ക്ക് സാധ്യത നൽകുന്നില്ല എങ്കിലും തീരദേശത്ത് ചൂട് കുറയും. നാളെ വിഷുദിനത്തിൽ പാലക്കാട് , തൃശൂർ എറണാകുളം ജില്ലയുടെ കിഴക്കൻ ഭാഗങ്ങൾ വയനാട്, മലപ്പുറo ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ചൂട് 40 ഡിഗ്രി വരെ എത്തും .

മറ്റു ജില്ലകളിൽ ചൂടിന് നേരിയ ആശ്വാസം ഉണ്ടാകും . ഞായറാഴ്ച ചൂട് 40 ഡിഗ്രിയിൽ നിന്ന് രണ്ട് ഡിഗ്രി വരെ കുറയാൻ സാധ്യതയുണ്ട് . വടക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിൽ ചൂട് 39 ഡിഗ്രിയിൽ തുടരും . 16,17 തീയതികളിൽ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട വേനൽമഴ സാധ്യതയുണ്ട്. എന്നാൽ ഈ മഴയിൽ ചൂട് കുറയാൻ സാധ്യതയില്ല . ഇരുപതാം തീയതിയോടെ മഴ കുറച്ചുകൂടെ ശക്തമാകും. വടക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിക്കും.

കേരളം മുതൽ വിദർഭ വരെ നീളുന്ന ന്യൂനമർദ പാത്തിയാണ് മഴക്ക് കാരണം. കർണാടക വഴിയാണ് ഈ ന്യൂനമർദ്ദ പാത്തി അന്തരീക്ഷത്തിന്റെ താഴ്ന്ന ലെവലിലൂടെ കടന്നു പോകുന്നത്. അതിനാൽ ഇത് മൂലം ഉണ്ടാകുന്ന കാറ്റിൻറെ ഗതിമുറിവാണ് ഇടിയോടുകൂടെയുള്ള മഴക്ക് കാരണമാകുന്നത്. മെയ് മാസത്തിൽ വേനൽമഴ കൂടാൻ സാധ്യതയുണ്ട് . ന്യൂനമർദ്ദം ഉൾപ്പെടെ പ്രതീക്ഷിക്കാം. കുടിവെള്ളക്ഷാമം ഒരു പരിധി വരെ പരിഹരിക്കാനും പറ്റും . എൽ നിനോ വർഷമാണ് 2023 .

Share this post

Leave a Comment