വിഷുവിന്റെ വരവ് അറിയിച്ചു പൂത്തുലഞ്ഞു നിൽക്കുന്ന സ്വർണ സുന്ദരി ഒരു രാജ്യത്തിന്റെ ഔദ്യോഗിക പുഷ്പമാണ് എന്നറിയാമോ ?

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ആഘോഷമാണ് വിഷു. വിഷുവിന്റെ പ്രതീക്ഷകളുമായി വീട്ടുമുറ്റത്തും നാട്ടുവഴിയോരങ്ങളിലും എല്ലാം കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കും. ഏപ്രിൽ മെയ് മാസങ്ങളിൽ ആണ് കണിക്കൊന്ന വിരിയുക . വിഷുക്കണിയിൽ പ്രധാന സ്ഥാനം കണിക്കൊന്നക്ക് തന്നെ.ഫാബേഷിയ കുടുംബത്തില്‍പ്പെട്ട കണിക്കൊന്നയുടെ ശാസ്ത്രീയനാമം ‘കാസ്സിയ ഫിസ്റ്റുല’ എന്നാണ്. കനത്തവേനലില്‍ സ്വര്‍ണാഭമായ പൂക്കളാണ് കണിക്കൊന്നയുടെ ഏറ്റവും വലിയ പ്രത്യേകത. കാണാന്‍ ഭംഗിയുള്ള പൂക്കള്‍ മാത്രമല്ല കണിക്കൊന്നയുടെ പ്രത്യേകത. മറിച്ച് അതിന് ഔഷധഗുണങ്ങളും ഏറേയുണ്ട്.

കണിക്കൊന്നയുടെ ഗുണങ്ങൾ

ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ ശമിപ്പിക്കുന്നതിനായി കൊന്നപ്പൂക്കള്‍ ഉപയോഗിക്കാറുണ്ട്. രക്തശുദ്ധിക്കും, മലബന്ധം മാറ്റുവാനും വൈദ്യന്മാര്‍ കൊന്നപ്പൂക്കള്‍ ചേര്‍ത്ത ഔഷധങ്ങള്‍ നല്‍കാറുണ്ട്. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക്ക് രോഗങ്ങള്‍ മാറാനും സഹായിക്കുന്നു. തലേദിവസം കണിക്കൊന്നപ്പൂവിട്ട വെള്ള ഒഴിച്ചു മുഖം കഴുകുന്നത് നേത്രരോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ നല്ലതാണ്. കണിക്കൊന്നയുടെ വേര് ചതച്ച് പാലില്‍ ചേര്‍ത്ത് സേവിക്കുന്നത് മസ്തിഷ്‌ക രോഗങ്ങള്‍ക്കും ഉത്തമമാണെന്ന് പറയപ്പെടുന്നു. ഇതിനെല്ലാം പുറമെ കൊന്ന ഒരു കൊതുകു നാശിനി കൂടിയാണ്.കൊതുകിനെയും അതിന്റെ ലാര്‍വയെയും നശിപ്പിക്കുന്ന ജൈവവസ്തുവായ ആസിഡിന്റെ സാന്നിധ്യം കൊന്നയിലുള്ളതായും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

കണിക്കൊന്നയുടെ ഔഷധഗുണങ്ങളെപ്പറ്റി മിക്കവർക്കും അറിയില്ലെങ്കിലും അലങ്കാര ചെടിയായും തണൽ മരമായും കണിക്കൊന്ന നട്ടു പിടിപ്പിക്കുന്നവർ നിരവധിയാണ്.
ഇന്ത്യയെക്കൂടാതെ പാകിസ്ഥാന്‍, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും കൊന്നകള്‍ വ്യാപകമായി കാണാന്‍ സാധിക്കും.  കൂടാതെഗോൾഡൻ ഷോവർ ഫ്ലവർ ( സ്വർണപ്പൂ മഴ) എന്ന ഇവളാണ് തായ് ലാൻഡിന്റെ ഔദ്യോഗിക പുഷ്പം .

വിഷുവിന് കണിയൊരുക്കാന്‍ പ്രധാനമായ കണിക്കൊന്നയ്ക്കുമുണ്ട് ഐതീഹ്യം


ക്ഷേത്രപൂജാരി അമ്പലം അടച്ച് പോകുമ്പോള്‍ ചെറിയൊരു കുട്ടി ചുറ്റുമതിലിനകത്ത് പെട്ടുപോകുന്നു. കുട്ടിയെ സന്തോഷിപ്പിക്കാന്‍ സാക്ഷാല്‍ ഉണ്ണിക്കണ്ണന്‍ തന്നെ പ്രത്യക്ഷപ്പെടുകയും തന്റെ അരഞ്ഞാണം കുട്ടിക്ക് കളിക്കാന്‍ കൊടുക്കുകയും ചെയ്യുന്നു. പൂജാരി വന്ന് വീണ്ടും ക്ഷേത്രം തുറന്നപ്പോള്‍ ശ്രീകോവിലിനകത്തെ ദേവാഭരണം കുട്ടിയുടെ കൈയ്യില്‍ കാണുകയും ക്ഷോഭിക്കുകയും ചെയ്യുന്നു. കരഞ്ഞുകൊണ്ട് കുട്ടി വലിച്ചെറിഞ്ഞ അരഞ്ഞാണം ചെന്ന് തങ്ങിയത് തൊട്ടടുത്തുള്ള മരത്തിലാണ്. കുലകുലയായി പൂക്കളുടെ രൂപത്തില്‍ അത് മരം മുഴുവന്‍ തൂങ്ങിക്കിടന്നെന്നാണ് കണിക്കൊന്നയുടെ ഐതീഹ്യം.

Leave a Comment