പ്രളയം : കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് നൽകിയത് പേമാരി തുടങ്ങിയ ശേഷം: എം.കെ സ്റ്റാലിൻ
ചക്രവാത ചുഴിയെ തുടർന്ന് തമിഴ്നാട്ടിൽ പേമാരിയും പ്രളയവും പ്രവചിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് പരാജയപ്പെട്ടുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കനത്ത മഴ പെയ്തു തുടങ്ങിയ ശേഷം മാത്രമാണ് റെഡ് അലർട്ട് നൽകിയതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഡിസംബർ 17, 18 തീയതികളിൽ തെക്കൻ തമിഴ്നാട്ടിലെ 4 ജില്ലകളിലാണ് പ്രളയത്തിന് ഇടയാക്കിയ പേമാരി പെയ്തത്. തൂത്തുകുടി, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് പ്രളയമുണ്ടായത്. 1871 ന് ശേഷം ഈ മേഖലയിൽ പെയ്ത റെക്കോർഡ് മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് നൽകിയത്. അപ്പോഴേക്കും മഴ കനത്തിരുന്നു. 24 മണിക്കൂറിൽ 21 സെ.മിനു മുകളിൽ മഴയാണ് റെഡ് അലർട്ടിൽ പ്രവചിച്ചത്. എന്നാൽ ഒരു ദിവസം കൊണ്ട് മാത്രം 95 സെ.മീ മഴ പെയ്തു. ഒരു ജില്ലയിൽ ഒരു വർഷം പെയ്യേണ്ട ശരാശരി മഴയേക്കാൾ കൂടുതൽ ആണിത്. 70 സെ.മി മഴയാണ് ജില്ലയിലെ വാർഷിക ശരാശരി .
രക്ഷാപ്രവർത്തന, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കാലാവസ്ഥ മുന്നറിയിപ്പ് വൈകിയത് ബാധിച്ചെന്നും സ്റ്റാലിൻ പറഞ്ഞു. നേരത്തെ കൃത്യമായ മഴ മുന്നറിയിപ്പ് ലഭിച്ചാൽ ആഘാതം കുറയ്ക്കാൻ കഴിയുമായിരുന്നു എന്ന് ക്ഷീര മന്ത്രി മനോ തങ്കരാജ് പറഞ്ഞു. റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോഴേക്കും പ്രളയം തുടങ്ങിയെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ ട്വീറ്റ് ചെയ്തു.
ചുഴലിക്കാറ്റ് നൽകുന്നതിനേക്കാൾ കനത്ത മഴ ചക്രവാത ചുഴി നൽകിയെന്നും പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ഈർപ്പം ചക്രവാത ചുഴിയിൽ ഉണ്ടായിരുന്നതാണ് പേമാരിക്ക് കാരണം എന്ന് കാലാവസ്ഥാ വകുപ്പിന്റെ മേഖലാ കാലാവസ്ഥാ കേന്ദ്രം (RMC) മേധാവി സേതുരത്നം ബാലചന്ദ്രൻ പറഞ്ഞു.
ഈ സിസ്റ്റത്തിൽ ഇത്ര മഴ കാലാവസ്ഥ നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിർന്ന ചുഴലിക്കാറ്റ് വിദഗ്ധനായ ശാസ്ത്രജ്ഞനും ഭൗമശാസ്ത്ര മന്ത്രാലയം മുൻ സെക്രട്ടറിയും മലയാളിയുമായ എം. രാജീവൻ പറഞ്ഞു. shallow സിസ്റ്റം എന്നറിയപ്പെടുന്ന സിസ്റ്റം ആയിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. ചക്രവാത ചുഴിയും ശക്തമായ കിഴക്കൻ കാറ്റും ചേർന്നതായിരുന്നു ഇത്. വെറും ചക്രവാത ചുഴി പോലെ കണക്കാക്കരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വകുപ്പിനോ മറ്റ് ഏജൻസികൾക്കോ മഴയുടെ ശക്തി പ്രവചിക്കാൻ കഴിഞ്ഞില്ല എന്നും 2005 ൽ മുംബൈ പ്രളയവും ഇത്തരത്തിൽ shallow സിസ്റ്റം നൽകിയതാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതേ അഭിപ്രായം മലയാളിയും IITM ലെ ശാസ്ത്രജ്ഞനും ആയ റോക്സി മാത്യു കോൾ പങ്കുവച്ചു. ഉപഗ്രഹ , സാഹചര്യ വിവരങ്ങൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.