പശ്ചിമവാതത്തെ തുടർന്ന് കശ്മിരിലുണ്ടായ കനത്ത ഹിമപാതത്തിൽ മൂന്നു ജവാന്മാർ മരിച്ചു. കുപ്‌വാര മേഖലയിൽ മച്ചിലിൽ 56 രാഷ്ട്രീയ റൈഫിളിലെ ജവാന്മാരാണ് മരിച്ചത്. പട്രോളിങ് നടത്തുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
തെരച്ചിലിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയെന്ന് കുപ്‌വാര പൊലിസ് പറഞ്ഞു. അതിർത്തിയിൽ പട്രോളിങ് നടത്തുകയായിരുന്നവരാണ് ഹിമപാതത്തിൽപ്പെട്ടത്. നിയന്ത്രണ രേഖയ്ക്ക് അടുത്താണ് ഈ പ്രദേശം. ഇന്നലെ പുലർച്ചെ 2.30 രണ്ടു തവണ മഞ്ഞുവീഴ്ചയുണ്ടായി. ഒരു ജവാൻ ഹൈപോതെർമിയ എന്ന ശരീരതാപനില കുറഞ്ഞതിനെ തുടർന്നും മറ്റു രണ്ടു പേർ ഹിമപാളികളിൽ പരുക്കേറ്റുമാണ് മരിച്ചത്.
ഹിമാലയൻ മേഖലയിൽ പശ്ചിമവാത സ്വാധീനം ശക്തമാകുമ്പോൾ ഹിമപാതം പതിവാണ്. പെട്ടെന്നുണ്ടാകുന്ന ഹിമപാതത്തിൽ രക്ഷപ്പെടാൻ പർവതാരോഹകർക്കും സൈനികർക്കും കഴിയാറില്ല. ശീതകാറ്റിന്റെ പ്രവാഹമാണ് ഹിമപാതത്തിന് കാരണമാകുന്നത്. കഴിഞ്ഞ മാസം 27 പർവതാരോഹകർ ഉത്തരാഖണ്ഡിൽ ഹിമപാതത്തിൽ മരിച്ചിരുന്നു.