പശ്ചിമ ബംഗാളിൽ ക്ഷേത്രോത്സവത്തിനിടെ കടുത്ത ചൂടും ഉയർന്ന ആപേക്ഷിക ആർദ്രത (humidity) യും മൂലം മൂന്നു പേർ മരിച്ചു. 125 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് 24 പർഗാനസ് ജില്ലയിലെ പനിഹാതിയിലെ ദാന്ധ ഉത്സവത്തിനാണ് ദുരന്തം. മരിച്ചവർ വയോധികരാണ്. സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി നടുക്കം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തെ അവർ അനുശോചനം അറിയിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇവർ മരിച്ചിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഹൂഗ്ലി നദീ തീരത്താണ് ക്ഷേത്രം. ഇവിടെ നിരവധി പേർ തടിച്ചുകൂടിയിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് ജോയിന്റ് കമ്മിഷണർ ദുരുബജ്യോതി ദേ പറഞ്ഞു. എല്ലാവർഷവും ഇവിടെ ഉത്സവം നടക്കാറുണ്ട്. പുരിയിൽ നിന്ന് ചൈതന്യദേവ് എത്തിയ ദിവസത്തെ അനുസ്മരിച്ചാണ് ഉത്സവം നടത്താറുള്ളത്. രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർ മരിച്ചെന്നാണ് പനിഹാതി മുനിസിപ്പൽ ചെയർമാർ മൂലോയ് റോയ് പറഞ്ഞതെങ്കിലും സർക്കാർ കണക്കിൽ മൂന്നു മരണമാണ് സ്ഥിരീകരിച്ചത്.