മാസപ്പിറ കണ്ടില്ല; സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിൽ പൊതു അവധി ചെറിയ പെരുന്നാള്‍ ശനിയാഴ്ച

കേരളത്തില്‍ വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഈദുല്‍ ഫിത്വര്‍ ശനിയാഴ്ച. ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഈദുല്‍ഫിത്വര്‍ 22ന് (ശനിയാഴ്ച) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കുവേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്ത്, ജന.സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.

കേരളത്തിലെവിടെയും ശവ്വാല്‍ ചന്ദ്രപ്പിറവി ദര്‍ശച്ചതായി വിശ്വാസ്യയോഗ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30 പൂര്‍ത്തീകരിച്ച് ഏപ്രില്‍ 22 ശനിയാഴ്ച ഈദുല്‍ ഫിത്വര്‍ ഒന്നായിരിക്കുമെന്ന് വിസ്ഡം ഹിലാല്‍ വിംഗ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി അറിയിച്ചു.

ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ഈദുല്‍ഫിത്വര്‍ (ശവ്വാല്‍ ഒന്ന്) ശനിയാഴ്ച്ച ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.

ചെറിയ പെരുന്നാൾ തീയതി പ്രഖ്യാപിച്ചതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും.

Leave a Comment