എടയൂർ മൂന്നാക്കലിൽ കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിൽ ടെറസ് വീട് ഭാഗികമായി തകർന്നു. മൂന്നാക്കൽ കുത്തുകല്ലിങ്ങൽ ഉമൈബയുടെ വീടിന്റെ ഒരു മുറിയും മുറിയിലെ സാധനങ്ങളുമാണ് പൂർണമായും നശിച്ചത്. കട്ടിൽ, കിടക്ക, അലമാര, ജനൽ കർട്ടനുകൾ, ടൈൽസ് എന്നിവയാണ് കത്തിക്കരിഞ്ഞത്.
വീട്ടിൽ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാത്രി ശക്തമായ ഇടിയും മിന്നലും ആരംഭിച്ചതോടെ ഭയന്ന് തൊട്ടടുത്ത വീട്ടിൽ ഇവർ അഭയം തേടുകയായിരുന്നു. പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറി പൂർണമായും കത്തിനശിച്ചത് ശ്രദ്ധയിൽപ്പെട്ടത്.ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡൻറ് കെ.പി. വേലായുധൻ, വാർഡ് അംഗം കെ.പി. വിശ്വനാഥൻ എന്നിവരും വില്ലേജ് അധികൃതരും വീട് സന്ദർശിച്ചു.