കാലവർഷം വിടവാങ്ങുന്നത് ഒരാഴ്ച വൈകി, നടപടിക്രമങ്ങൾ എങ്ങനെ എന്നറിയാം

ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) വിടവാങ്ങുന്നത് ഒരാഴ്ചയിലേറെ വൈകി. സെപ്റ്റംബർ 25 ന് കാലവർഷം വിടവാങ്ങൽ രാജസ്ഥാനിൽ നിന്ന് തുടങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. എന്നാൽ ഈ മാസം 27 എങ്കിലും കഴിഞ്ഞേ വിടവാങ്ങൽ തുടങ്ങാൻ ഇടയുള്ളൂവെന്നാണ് ഞങ്ങളുടെ നിരീക്ഷകരുടെ അനുമാനം.

എതിർച്ചുഴലി രൂപപ്പെടാൻ വൈകി

സാധാരണ കാലവർഷം വിടവാങ്ങൽ തുടങ്ങേണ്ടത് സെപ്റ്റംബർ 17 നാണ്. ഇത്തവണ 20 ന് തുടങ്ങുമെന്നായിരുന്നു നേരത്തെ മെറ്റ്ബീറ്റ് വെതർ നിരീക്ഷിച്ചിരുന്നത്. എന്നാൽ പുതിയ കാലാവസ്ഥാ വിവരങ്ങൾ പ്രകാരം ഒരാഴ്ച വൈകുമെന്ന് ഉറപ്പായി. അതിമർദ മേഖല രൂപപ്പെടുന്നതു മൂലം പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്നാണ് കാലവർഷം വിടവാങ്ങൽ തുടങ്ങുക.

വിടവാങ്ങൽ തുടങ്ങുക എങ്ങനെ

വടക്കുപടിഞ്ഞാറൻ ഇന്ത്യക്ക് മുകളിൽ എതിർച്ചുഴലി (anti- cyclone) എന്ന അതിർമർദ മേഖല രൂപപ്പെടുകയാണ് വിടവാങ്ങൽ പ്രക്രിയയുടെ ആദ്യ ചുവട്. കാലവർഷക്കാറ്റ് സജീവമായി ഈർപ്പം നിലനിർത്തുന്ന ലോവർ ട്രോപോസ്ഫിയറിൽ നിന്ന് ഇത് ഈർപ്പത്തെ ഇല്ലാതാകും. തുടർന്ന് ഏതാനും ദിവസം വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ഇതോടെ വിടവാങ്ങലിനുള്ള ഒരുക്കം പൂർത്തിയാകും. സെപ്റ്റംബർ 25 ഓടെ എതിർച്ചുഴലി രൂപപ്പെടും. പിന്നീട് വിടവാങ്ങൽ പ്രഖ്യാപനം നടത്താനാകും.

ഒടുവിൽ വിടവാങ്ങൽ കേരളത്തിൽ

കേരളത്തിൽ നിന്നും കാലവർഷം വിടവാങ്ങുന്നതോടെയാണ് കാലവർഷം പൂർണമായും വിടവാങ്ങുക. ഇതിന് 30 മുതൽ 45 ദിവസം എടുക്കാറുണ്ട്. ഒക്ടോബർ പകുതിയോടെയെ കേരളത്തിൽ നിന്ന് കാലവർഷം വിടവാങ്ങി വടക്കു കിഴക്കൻ മൺസൂൺ എന്ന തുലാവർഷം എത്തുകയുള്ളൂ. ഇപ്പോഴത്തെ വിന്റ് പാറ്റേൺ മാറിയാലെ തുലാവർഷം എത്തുകയുള്ളൂ.

കാലവർഷം വിടവാങ്ങുന്നത് ഒരാഴ്ച വൈകി, നടപടിക്രമങ്ങൾ എങ്ങനെ എന്നറിയാം
കാലവർഷം വിടവാങ്ങുന്നത് ഒരാഴ്ച വൈകി, നടപടിക്രമങ്ങൾ എങ്ങനെ എന്നറിയാം

കേരളത്തിൽ ഒക്ടോബറിലും മഴ തുടരും

പടിഞ്ഞാറു നിന്നും വടക്കുപടിഞ്ഞാറു നിന്നും വരണ്ട കാറ്റ് വീശുന്നതോടെയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കാലവർഷം പൂർണമായി വിടവാങ്ങിയതായി മനസിലാക്കാനാകുക. ഇത് കേരളം ഉൾപ്പെടെ വ്യാപിക്കും. പക്ഷേ ഈമാസം 30 വരെയുള്ള മഴയാണ് കാലവർഷത്തിന്റെ ഔദ്യോഗിക കണക്കെടുപ്പിൽ വരിക. പക്ഷേ കാലവർഷ കാറ്റിന്റെ ഭാഗമായ മഴ ഒക്ടോബറിലും കേരളത്തിൽ തുടരും.

Share this post

Leave a Comment