ശൈഖ ഷാമ കഥപറയും, ജനങ്ങളെ കാലാവസ്ഥാ വ്യതിയാനം പഠിപ്പിക്കാന്‍

കാലാവസ്ഥാ വ്യതിയാനവും അതിന്റെ പ്രത്യാഘാതവും കഥപറയുന്നതുപോലെ പറഞ്ഞ് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ യു.എ.ഇ ശൈഖ ഷാമയുടെ പുത്തന്‍ പരീക്ഷണം. മുന്‍ യു.എ.ഇ പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ ഖലീഫ ആല്‍ നഹ്‌യാന്റെ പേരമകളാണ് ശൈഖ ഷാമ ബിന്‍ത് സുല്‍ത്താന്‍. യു.എ.ഇ സ്വതന്ത്ര കാലാവസ്ഥാ വ്യതിയാന ആക്‌സലറേറ്ററിന്റെ പ്രസിഡന്റും സി.ഇ.ഒയുമാണ് അവര്‍.

ദി ക്ലൈമറ്റ് ട്രൈബ് The Climate Tribe എന്ന പേരിട്ട സോഷ്യല്‍ എന്റര്‍പ്രൈസ് വഴിയാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രചാരണം നടത്തുക.

കഥപോലെ പറയും കാര്യം

കഥ പറയുന്നതു പോലെ കാര്യങ്ങള്‍ പറഞ്ഞ് സങ്കീര്‍ണമായ ശാസ്ത്രവിഷമായ കാലാവസ്ഥാ വ്യതിയാനം ജനങ്ങളെ പഠിപ്പിക്കുകയാണ് ലക്ഷ്യം. മലയാളികളെ കാലാവസ്ഥാ അവബോധം നല്‍കാന്‍ നാലു വര്‍ഷം മുന്‍പ് മെറ്റ്ബീറ്റ് വെതര്‍ സ്വീകരിച്ചതുപോലുള്ള ദൗത്യമാണിത്. സങ്കീര്‍ണമായ കാലാവസ്ഥാ ശാസ്ത്രത്തെ ലളിതമായി നാട്ടുകാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കുകയാണ് ചെയ്യുക.

ദി ക്ലൈമറ്റ് ട്രൈബ്

ദി ക്ലൈമറ്റ് ട്രൈബില്‍ സംരഭകര്‍, മനുഷ്യസ്‌നേഹികള്‍ തുടങ്ങി നിരവധി പേരെ കോര്‍ത്തിണക്കും. മിഡില്‍ ഈസ്റ്റിലെ പരിസ്ഥിതി പ്രാധാന്യമുള്ള പൈതൃക കേന്ദ്രങ്ങളെ പരിചയപ്പെടുത്തും. ജനങ്ങള്‍ക്കിടയില്‍ കാലാവസ്ഥാ ശാസ്ത്ര അവബോധം വളര്‍ത്തുക, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ അവരെ പര്യാപ്തരാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.

പുറത്തുവിട്ടത് ന്യൂയോര്‍ക്കില്‍

നേരത്തെ വാഷിങ്ടണ്‍ കാലാവസ്ഥാ വ്യതിയാന അവാര്‍ഡ് ജേതാവായ ശൈഖ ഷാമ, ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ പൊതുസഭയുടെ സമ്മേളത്തില്‍ പങ്കെടുക്കവെയാണ് പുതിയ സംവിധാനത്തെ കുറിച്ച് വിവരം പുറത്തുവിട്ടത്. ന്യൂയോര്‍ക്ക് ക്ലൈമറ്റ് വീക്കിലും അവര്‍ പങ്കെടുത്തിരുന്നു.

ആരും പറയാത്ത കഥകളുണ്ട്

കുറേ വര്‍ഷമായി കാലാവസ്ഥാ വ്യതിയാന രംഗത്തുണ്ട് ശൈഖ ഷാമ. കാലാവസ്ഥാ വ്യതിയാനം ഏങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ആരും പറയാത്ത കഥകളുണ്ടെന്ന് ഷാമ പറയുന്നു.

ഓഡിയോ, വിഷ്വല്‍, ടെക്‌സ്റ്റ് പ്ലാറ്റ്‌ഫോം

14 തീമുകളില്‍ ഓഡിയോ, വിഷ്വല്‍, എഡിറ്റോറിയല്‍ കണ്ടന്റുകളാണ് പുതിയ പ്ലാറ്റ്‌ഫോമിലുണ്ടാകുക. ഗ്രീന്‍ എനര്‍ജി, പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് സാമ്പത്തിക രംഗത്തെ പരിവര്‍ത്തനം ചെയ്യുക, ജൈവ വൈവിധ്യം തുടങ്ങിയ നിരവധി കാര്യങ്ങള്‍ പ്ലാറ്റ്‌ഫോമിലുണ്ടാകും.

പ്ലാറ്റ്‌ഫോം സംബന്ധിച്ച അവസാന പ്ലാന്‍ 2024 ല്‍ പുറത്തുവിടും. അബൂദബി കേന്ദ്രമായാണ് പദ്ധതി. ജനങ്ങളുടെ അഭിപ്രായവും തേടും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും ഇക്കോ ലിവിങ് വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കാനും പുതിയ പ്ലാറ്റ്‌ഫോമിന് കഴിയും.

Share this post

Leave a Comment