തേജ് യമനില്‍ കരകയറി; പ്രളയം പേമാരി, ഒമാനില്‍ മഴ തുടരും

കഴിഞ്ഞദിവസം അറബിക്കടലില്‍ രൂപപ്പെട്ട് അതി തീവ്ര ചുഴലിക്കാറ്റ് ആയി മാറിയ തേജ് ശക്തി കുറഞ്ഞ ശേഷം യമനില്‍ കരകയറി. ഇന്ന് പുലര്‍ച്ചെയോടെ യമന്‍ തീരത്ത് ഇത് കരകയറും എന്നായിരുന്നു നേരത്തെ മെറ്റ്ബീറ്റ് വെതര്‍ ഉള്‍പ്പെടെയുള്ള കാലാവസ്ഥ നിരീക്ഷകരുടെ അനുമാനം.

തേജ് യമനില്‍ കരകയറി ; യമനില്‍ പ്രളയം, നാശനഷ്ടം

കനത്ത മഴയില്‍ യമനിലെ അല്‍ ഗെയ്ദയില്‍ വെള്ളപ്പൊക്കമുണ്ടായി. കരകയറുന്നതിന്റെ മുന്നോടിയായി കനത്ത മഴയുടെയും കാറ്റിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. അല്‍ മഹാറ ഗവര്‍ണറേറ്റിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍. ഇവിടെ 936 കുടുംബങ്ങളെയും അല്‍ ഗെയ്ദ ജില്ലയില്‍ 600 കുടുംബങ്ങളെയും മാറ്റിപാര്‍പ്പിച്ചതായി അല്‍ മഹാറ ഗവര്‍ണര്‍ അല്‍ ഖത്ബി അലി അല്‍ ഫാര്‍ജി പറഞ്ഞതായി യമന്‍ വാര്‍ത്താ ഏജന്‍സിയായ സാബ റിപ്പോര്‍ട്ട് ചെയ്തു.

കര കയറുമ്പോള്‍ അതി തീവ്ര ചുഴലി

തേജ് അതി തീവ്ര ചുഴലിക്കാറ്റായാണ് കരകയറിയത്. പരമാവധി വേഗത മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെയെത്തി. പ്രാദേശിക സമയം അര്‍ധരാത്രി 12 നും 1.30 നും ( ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 നും 3.30 നും ഇടയിലാണ് യമന്റെ വടക്കന്‍ മേഖലയായ തെക്കന്‍ അല്‍ ഗെയ്ദക്കും ഒമാന്‍ അതിര്‍ത്തിക്കും ഇടയില്‍ കരകയറിയതെന്നും കാറ്റിന്റെ വേഗത 125 കി.മി മുതല്‍ 150 കി.മി വരെ എത്തിയെന്നും യമന്‍ കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

തേജ് യമനില്‍ കരകയറി
തേജ് യമനില്‍ കരകയറി

ഇപ്പോള്‍ തീവ്ര ചുഴലിക്കാറ്റ്, രാത്രിയോടെ ഡിപ്രഷനാകും

തീവ്ര ചുഴലിക്കാറ്റായ തേജ് അടുത്ത 12 മണിക്കൂറില്‍ വീണ്ടും ശക്തികുറയുമെന്ന് യമന്‍ കാലാവസ്ഥാ വകുപ്പും ആറു മണിക്കൂറില്‍ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പും ബുള്ളറ്റിനില്‍ അറിയിച്ചു. ഇപ്പോള്‍ അല്‍ ഗെയ്ദക്കു മുകളിലാണ് തേജ് ഉള്ളത്. ഒമാനിലെ സലാലയില്‍ നിന്ന് 240 കി.മി അകലെയാണിത്.

യമനിലെ അല്‍ മഹ്‌റ ഗവര്‍ണറേറ്റില്‍ ഇന്ന് രാത്രിയോടെ തന്നെ തേജ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദവും തുടര്‍ന്ന് ന്യൂനമര്‍ദവുമായി മാറുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നത്.

യമന്‍, സൗദി അറേബ്യ, ഒമാന്‍ മഴ തുടരും

തേജ് ചുഴലിക്കാറ്റ് കരകയറി ദുര്‍ബലമാകുന്നതോടെ ഇതിന്റെ ശേഷിപ്പുകള്‍ ഇന്നും നാളെയും ഒമാനിലെ സലാല ഉള്‍പ്പെടെയുള്ള മേഖലകളിലും സൗദി അറേബ്യയിലും യമനിലും മഴ നല്‍കും. ഒമാനിലെ ദോഫാര്‍, തെക്കന്‍ അല്‍ വുസ്ത എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്നും ചുഴലിക്കാറ്റിന്റെ വാണിങ് 9 മുന്നറിയിപ്പ് നല്‍കിയതായും ഒമാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒമാനില്‍ കാറ്റു ശക്തമാകും, കടല്‍ ക്ഷോഭവും

ഒമാനില്‍ കാറ്റിന്റെ വേഗത 34 മുതല്‍ 50 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തിലാകും. തീരദേശത്തും പര്‍വത മേഖലയിലും ദോഫാര്‍ ഗവര്‍ണറേറ്റിലെ മരുഭൂമിയിലും ശക്തമായ കാറ്റും മഴയും തുടരും. വാദികള്‍ നിറഞ്ഞൊഴുകും. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ തെക്കന്‍ മേഖലയിലും ശക്തമായ കാറ്റും മഴയും ഇന്നു വൈകിട്ട് വരെ തുടരും. ഇവിടെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയമുണ്ടാകും. കടല്‍ പ്രക്ഷുബ്ധമാകും. തിരമാലകള്‍ക്ക് 5 മുതല്‍ 8 മീറ്റര്‍ വരെ ഉയരമുണ്ടാകും. വാദികള്‍ മുറിച്ചു കടക്കരുതെന്നും റോയല്‍ ഒമാന്‍ പൊലിസും സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Metbeat News

 


There is no ads to display, Please add some
Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment