ന്യൂനമർദം തായ്ലന്റിൽ പടക്കപ്പലിനെ മുക്കി, 33 നാവികരെ കാണാതായി

തായ്‌ലന്റിൽ ന്യൂനമർദത്തെ തുടർന്നുള്ള കനത്ത മഴയ്ക്കും പ്രളയത്തിനും പിന്നാലെ തായ്‌ലന്റ് കടലിടുക്കിൽ തായ്‌ലന്റ് നാവിക സേനയുടെ കപ്പൽ മുങ്ങി 33 നാവികരെ കാണാതായി. 100 പേരാണ് എച്ച്.ടി.എം.എസ് എന്ന പടക്കപ്പലിലുണ്ടായിരുന്നത്. ഇതിൽ ശേഷിക്കുന്നവരെ രക്ഷപ്പെടുത്തിയതായി നാവിക സേന അറിയിച്ചു. പ്രദേശത്ത് മൂന്നു മീറ്റർ ഉയരത്തിൽ തിരമാലകളും കനത്ത മഴയുമുള്ളതിനാൽ കാണാതായവർക്ക് വേണ്ടി തെരച്ചിൽ മന്ദഗതിയിലാണ്.
പ്രാദേശിക സമയം ഞായറാഴ്ച രാത്രി 11.30 ഓടെയാണ് കപ്പൽ മുങ്ങാൻ തുടങ്ങിയത്. കപ്പലിന്റെ ഇലക്ട്രിക് കൺട്രോൾ റൂമിലാണ് ആദ്യം വെള്ളം കയറിയത്. ബാംഗ് സഫാവൻ തീരത്തു നിന്ന് 32 കി.മി അകലെയായിരുന്നു കപ്പലുണ്ടായിരുന്നത്.

ന്യൂനമർദം ശക്തം, പ്രളയത്തിൽ തായ്‌വാൻ

ന്യൂനമർദം ശക്തമായതിനു പിന്നാലെ മഴ കനത്തതോടെ ഇതിനകം തായ് ലാന്റിൽ എട്ടു പേർ മരിച്ചു. 33 ജില്ലകളിലായി 305 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. 15,000 പേരെ മാറ്റിപാർപ്പിച്ചു. ഡിസാസ്റ്റർ പ്രിവൻഷൻ ആന്റ് മിറ്റിഗേഷൻ വകുപ്പിന്റെ കണക്കനുസരിച്ച് വടക്കുകിഴക്കൻ, കിഴക്കൻ മേഖലയെയാണ് പ്രളയം കൂടുതൽ ബാധിച്ചത്. കടലിൽ തിരമാലകൾക്ക് ഉയരം കൂടുമെന്നും കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും തായ്‌ലന്റ് കാലാവസ്ഥാ വകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. നരാതിവാതിൽ കുടുംബത്തിലെ അഞ്ചു പേർ സഞ്ചരിച്ച വാഹനം ഒഴുകിപ്പോയി. ഇതിൽ രണ്ടു പേർക്ക് പരുക്കേറ്റു. 68 വയസുള്ള സ്ത്രീ, ഇവരുടെ 40 വയസുള്ള മകൻ, 38 കാരിയായ മരുമകൾ, 14 ഉം 2 ഉം വയസുള്ള പേരക്കുട്ടികൾ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയും ഉയർന്ന തിരമാലകളും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Comment