വിമാനം ആകാശ ചുഴിയിൽ പെട്ട് 11 പേരുടെ നില ഗുരുതരം

അമേരിക്കയിലെ ഹവായിയിൽ വിമാനം ആകാശച്ചുഴിയിൽ പെട്ട് 20 പേർക്ക് പരുക്കേറ്റു. ഇതിൽ 11 പേരുടെ നില ഗുരുതരമാണ്. ഹവായിയൻ എയർലൈൻസാണ് യു.എസ് നഗരമായ ഫൊനിക്‌സിനും ഹൊനോലുലുക്കും ഇടയിലുള്ള യാത്രയിൽ ആകാശച്ചുഴിയിൽപ്പെട്ടത്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ വിമാന ജീവനക്കാരുമുണ്ടെന്നും തങ്ങളുടെ വിമാനം സമീപ കാലത്ത് ഇത്തരം അപകടത്തിൽപ്പെട്ടിട്ടില്ലെന്നും വിമാനക്കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോൻ സ്‌നൂക് പറഞ്ഞു. 278 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഒരാളെ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും 11 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.യാത്രക്കാർ തലയിടിച്ചു വീണതിനെ തുടർന്നാണ് കൂടുതൽ പേർക്കും പരുക്കേറ്റത്. ഛർദി, വയറിളക്കം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ആശുപത്രിയിലെത്തിച്ചവർ പ്രകടിപ്പിക്കുന്നുണ്ട്.

എന്താണ് ആകാശച്ചുഴി, കാലാവസ്ഥ മുന്നറിയിപ്പുണ്ടായില്ല

അന്തരീക്ഷത്തിൽ മർദം കുറഞ്ഞ മേഖലയിൽ വിമാനം എത്തുമ്പോൾ കുഴിയിൽ വീഴുമ്പോഴുണ്ടാകുന്ന അവസ്ഥയുണ്ടാകുന്നതിനെ ആകാശച്ചുഴിയിൽ പെടുക എന്നത് കൊണ്ട് അർഥമാക്കുന്നത്. വിമാന ഗതാഗതത്തിന് ഉപയോഗിക്കുന്ന ഏവിയേഷൻ മീറ്റിയോറോളജി വിഭാഗം ഇക്കാര്യം കണ്ടെത്താറുണ്ട്. എന്നാൽ ഹവായയൻ എയർലൈൻസ് അപകടത്തിൽപ്പെട്ട മേഖലയിൽ കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നില്ല. അമേരിക്കൻ കാലാവസ്ഥാ വകുപ്പായ നാഷനൽ വെതർ സർവിസ് ഹൊനുലുലുവിലെ മീറ്റിയോറളജിസ്റ്റ് തോമസ് വോഗൻ പറഞ്ഞു. വിമാനം കടന്നു പോയ ഓയാഹു മേഖലയിൽ ഇടിയോടുകൂടെ മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് നൽകിയിരുന്നത്. എന്നാൽ വിമാനത്തിലെ കാലാവസ്ഥാ വിവരത്തിൽ മേഖലയിൽ അസ്ഥിരമായ വായുവിന്റെ മേഖല ഉള്ളതായി അറിയിപ്പുണ്ടായിരുന്നുവെന്നും എന്നാൽ മുന്നറിയിപ്പുണ്ടായിരുന്നില്ലെന്നും വിമാനക്കമ്പനി സി.ഇ.ഒ പറഞ്ഞു. എത്ര ഉയരത്തിലാണ് ആകാശച്ചുഴിയെന്ന് പൈലറ്റിന് അറിയില്ലായിരുന്നു. അപകടത്തെ കുറിച്ച് നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷിക്കുന്നുണ്ട്. ഫ്‌ളൈറ്റ് ഡാറ്റാ റെക്കോർഡർ ഉൾപ്പെടെ അന്വേഷണത്തിന് ഉപയോഗിക്കും.

Leave a Comment