കേരളത്തിൽ വേനൽ മഴ തുടരും, കാലവർഷം പുരോഗമനം മന്ദഗതിയിൽ, കേരളത്തിൽ എത്താൻ വൈകുമോ

വടക്കൻ കേരളത്തിൽ ഇന്നും ഉച്ചയ്ക്ക് ശേഷം മഴ സാധ്യത. വടക്കൻ കേരളം മുതൽ വിദർഭ വരെ നീണ്ട ന്യൂനമർദപാത്തിയും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയും മഴക്ക് അനുകൂലമാണെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നു. സമുദ്രോപരിതലത്തിൽ നിന്ന് 0.9 കി.മി ഉയരത്തിലാണ് ന്യൂനമർദ പാത്തി കടന്നുപോകുന്നത്. ഉൾനാടൻ കർണാടക, മറാത്ത്‌വാഡ വഴിയാണ് ന്യൂനമർദപാത്തിയുള്ളത്. ഇതിനാൽ വടക്കൻ കേരളത്തിലും കർണാടകയിലും അടുത്ത രണ്ടു ദിവസം വൈകിട്ട് ഇടിയോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. കിഴക്കൻ മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

കാലവർഷം പുരോഗതി മന്ദഗതിയിൽ

കേരളത്തിൽ ജൂൺ ആദ്യ വാരം എത്തുമെന്ന് പ്രതീക്ഷിക്കുന്ന കാലവർഷത്തിന്റെ പുരോഗതി ഇപ്പോഴും മന്ദഗതിയിൽ തുടരുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മെയ് 19 ന് എത്തി 23 വരെ പുരോഗമിച്ച കാലവർഷം പിന്നീട് വടക്കോട്ട് നീങ്ങിയില്ല. ആൻഡമാൻ ദ്വീപു സമൂഹങ്ങൾ പൂർണമായി കാലവർഷം ഇതുവരെ പുരോഗമിച്ചിട്ടില്ല. മെയ് 22 നാണ് സാധാരണ ഗതിയിൽ കാലവർഷം ആൻഡമാൻ ദ്വീപുകളിൽ പൂർണമായി എത്തേണ്ടത്. മെയ് 26 ന് ശ്രീലങ്കയിലും ജൂൺ 1 ന് കേരളത്തിലും കാലവർഷം സാധാരണ ഗതിയിൽ എത്തേണ്ടതാണ്. എന്നാൽ ഇത്തവണ കാലവർഷം വൈകുമെന്ന സൂചന തന്നെയാണ് ഇപ്പോഴും കാണാനാകുന്നതെന്ന് മെറ്റ്ബീറ്റ് വെതർ സ്ഥാപകനും എം.ഡിയുമായ വെതർമാൻ കേരള പറയുന്നു. തെക്കൻ ആൻമാൻ കടലിലും തെക്കൻ ബംഗാൾ ഉൾക്കടലിലും കാലവർഷം അടുത്ത രണ്ടു ദിവസത്തിനകം പുരോഗമിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.

മവാർ ചുഴലിക്കാറ്റ് സ്വാധീനിക്കും
പസഫിക് സമുദ്രത്തിലെ മവാർ ചുഴലിക്കാറ്റ് കാലവർഷം കേരളത്തിൽ എത്തുന്നതിനെ നേരിയ തോതിൽ സ്വാധീനിച്ചേക്കും. ഫിലിപ്പൈൻസിന് കിഴക്കായി അതിശക്തമായ ടൈഫൂണായാണ് മവാർ നിലകൊള്ളുന്നത്. ഇത് ഫിലിപ്പൈൻസിനു സമീപത്തുകൂടെ തായ് വാൻ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ കാറ്റിനെയും ഇത് സ്വാധീനിക്കുന്നുണ്ട്. കാലവർഷക്കാറ്റ് ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുന്ന സാഹചര്യം ഇത് സൃഷ്ടിക്കും. കേരളത്തിലെ മൺസൂൺ കരകയറുന്നതിനെ മവാൻ സ്വാധീനിച്ചേക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം. എങ്കിലും ജൂൺ ആദ്യവാരം തന്നെ മൺസൂൺ കേരളത്തിൽ വരവറിയിക്കും.

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment