kerala weather 15/05/24: മഴ തുടരും ; കാലവർഷം 19 ന് ആൻഡമാനിലെത്തും
കേരളത്തിൽ ഇന്നും വേനൽ മഴ (summer rain) തുടരും. ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ കാസർകോട് തുടങ്ങിയ ജില്ലകളുടെ തീരദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. രാത്രിയും പുലർച്ചെയുമാണ് മഴ സാധ്യത. ഈ തീരദേശത്തോട് ചേർന്ന് കടൽ മേഖലയിലും മഴ ലഭിക്കും.
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴ അടുത്ത ദിവസങ്ങളിലും തുടരും. വേനൽ മഴയെ തുടർന്ന് സംസ്ഥാനത്ത് ചൂട് മൂന്നു മുതൽ 4 ഡിഗ്രി വരെ കുറഞ്ഞു. മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലയിലും കണ്ണൂർ ജില്ലയുടെ ഇടനാട് പ്രദേശങ്ങളിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ സാധ്യത.
കഴിഞ്ഞദിവസം കന്യാകുമാരി കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ഇപ്പോൾ തെക്കു കിഴക്കൻ അറബിക്കടലിൽ എത്തിയിരിക്കുന്നു. കേരളതീരത്തോടെ ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതുമൂലം ഇപ്പോൾ പെയ്യുന്ന മഴ കാലവർഷത്തിന്റെ സ്വഭാവം കാണിച്ചേക്കാം.
കേരളത്തിന് കുറുകെ ഈർപ്പമുള്ള കാറ്റിന്റെ പ്രവാഹം ഉള്ളതിനാൽ ചൂടിലും കുറവുണ്ടാകും. മഴ പെയ്ത ഇടങ്ങളിൽ വെള്ളത്തിന് തണുപ്പ് അനുഭവപ്പെടും.
കാലവർഷക്കാറ്റ് (south west monsoon wind) ഭൂമധ്യരേഖ കടന്ന് (Cross equatorial flow) കേരളത്തിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലാണ്. 2024 മെയ് 19 ഓടെ കാലവർഷം ആൻഡമാൻ ദ്വീപിൽ എത്താനാണ് സാധ്യത. ഇക്കാര്യം കേന്ദ്ര കാലാവസ്ഥ വകുപ്പും (IMD) സ്ഥിരീകരിച്ചു. തുടർന്ന് 10 ദിവസത്തിനു ശേഷം കാലവർഷം കേരളത്തിൽ (onset of south west monsoon) എത്തും.
കാലവർഷം എത്തുന്നത് വരെ കേരളത്തിൽ വേനൽ മഴ തുടരും. ഇതുവരെ അനുഭവപ്പെട്ട കൊടുംചൂടിനും ഇനി ആശ്വാസമുണ്ടാകും. കുടിവെള്ളക്ഷാമം നേരിട്ട പ്രദേശങ്ങളിലും കുടിവുള്ള പ്രശ്നത്തിനും പരിഹാരമാകും.
കടൽ ചിലയിടങ്ങളിൽ പ്രക്ഷുബ്ധമാകും വടക്കൻ കേരള തീരങ്ങളിൽ ഇടിയോടുകൂടിയുള്ള മഴ സാധ്യത തുടരുന്നു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കില്ല. എന്നാൽ ഉയർന്ന തിരമാലകൾക്കും (high tide) കടൽക്ഷോഭത്തിനും (rough sea) സാധ്യതയുള്ളതിനാൽ കാലാവസ്ഥാവകുപ്പിന്റെയോ ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെയോ (incois) മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS