kerala wind forecast 01/01/25 : ശക്തമായ കാറ്റിൽ വീട് തകർന്നു, പൊന്മുടിയിൽ ഗതാഗതം തടസ്സപ്പെട്ടു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പലയിടത്തും ശക്തമായ കാറ്റ് റിപ്പോർട്ട് ചെയ്തു. പലയിടത്തും മരം വീണ് വീടുകൾക്കും മറ്റും നാശനഷ്ടം ഉണ്ടായി. തിരുവനന്തപുരത്തെ മലയോര മേഖലയിൽ ശക്തമായ കാറ്റാണ് ഇന്നലെ ഉണ്ടായത്. പൊന്മുടിയിൽ മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപെട്ടു. പൊന്മുടി മൂന്നാം വളവിലും നാലാം വളവിലും മരം വീണ് ഗതാഗതം തടസ്സം ഉണ്ടായത്. പൊന്മുടിയിൽ അടക്കം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഇന്നും കാറ്റ് തുടരുമെന്ന് Metbeat Weather ലെ നിരീക്ഷകർ പറഞ്ഞു.
വിതുരയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി മരങ്ങൾ മുറിച്ചുമാറ്റി രാവിലെ 9 ഓടെ ഗതാഗതം പുനസ്ഥാപിച്ചു. ബോണക്കാടിന് സമീപവും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ മേഖലയിലെ ആദിവാസി പ്രദേശങ്ങളിലും കാറ്റ് നാശനഷ്ടം ഉണ്ടാക്കി. കൃഷിനാശവും വരുത്തിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടും ശക്തമായ കാറ്റിൽ വീടുകൾക്ക് നാശമുണ്ടായി. മണ്ണാർക്കാട് പാലക്കയം ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് ശക്തമായ കാറ്റുണ്ടായത്. കാറ്റിൽ അച്ചിലിട്ടി വാഴക്കൂട്ടത്തിൽ ആൻ്റണിയുടെ വീടിനു മുകളിലേക്ക് മരം പൊട്ടി വീണ് വീടിന് ഭാഗികമായ നാശം സംഭവിച്ചു.
ഇവ ഗസ്റ്റ് വിൻ്റുകൾ
പെട്ടെന്നുണ്ടാകുന്ന ഇത്തരം ശക്തമായ കാറ്റിനെ ഗസ്റ്റ് വിന്റുകൾ എന്നാണ് പറയുന്നത്.
ഇവ നേരത്തെ പ്രവചിക്കാൻ കഴിയാറില്ല. ഈ കാറ്റ് ഒരു പ്രത്യേക മേഖലയിൽ മാത്രം പ്രാദേശിക കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. ഏറെ നേരം നീണ്ടുനിൽക്കില്ല. ഒരു ഭാഗത്തെ മരങ്ങളും മറ്റും കടപുഴക്കി കടന്നു പോകുകയാണ് ചെയ്യുക. തുടർന്നുള്ള ദിവസങ്ങളിലും ഇത്തരത്തിലുള്ള കാറ്റിന് സാധ്യതയുണ്ടെന്ന് Metbeat Weather അറിയിച്ചു. അതിനാൽ ജാഗ്രത പാലിക്കുക. ശക്തമായ കാറ്റും മഴയും വന്നാൽ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വാഹനം സൈഡിൽ ഒതുക്കി ഏറ്റവും ഉറപ്പുള്ള കെട്ടിടത്തിലേക്ക് മാറുക.
കാർ ഉൾപ്പെടെ മറ്റു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ തുറസായ സ്ഥലത്ത് വാഹനം ഒതുക്കി നിർത്തുന്നതാണ് ഉചിതം. വീടിനുള്ളിൽ ഉള്ളവർ ഒരു കാരണവശാലും വീടിനു പുറത്തേക്ക് ഇറങ്ങരുത്.
ഇന്നത്തെ കാറ്റ് സാധ്യത പ്രദേശങ്ങൾ
തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, ആര്യങ്കാവ്, തെന്മല, കുളത്തുപ്പുഴ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയുള്ള കാറ്റിന് സാധ്യത. തമിഴ്നാട്ടിലെ തെങ്കാശി മുതൽ വിതുര വരെയുള്ള മലയോര മേഖലകളിലാണ് ശക്തമായ കാറ്റ് ഉണ്ടാവുക.
പത്തനംതിട്ട ജില്ലയിലെ ഗവി , ഇടുക്കിയിലെ മൂന്നാർ, കുമളി എന്നിവിടങ്ങളിലും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യത.
പാലക്കാട് ജില്ലയിലെ ഒലവക്കോട്, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, ഒറ്റപ്പാലം, പഴയന്നൂർ, കാരപ്പാറ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ, ഒട്ടുപാറ, കുന്നംകുളം, എന്നിവിടങ്ങളിൽ 35 കിലോമീറ്റർ വരെയും വേഗത്തിലുള്ള കാറ്റിന് സാധ്യത.
വയനാട് ജില്ലയിൽ കർണാടക തമിഴ്നാട് അതിർത്തി മുതൽ കൽപ്പറ്റ വരെയുള്ള പ്രദേശങ്ങളിലും, മാനന്തവാടി, സുൽത്താൻബത്തേരി, പുൽപ്പള്ളി മേഖലകളിലും മണിക്കൂറിൽ 35 – 45 കിലോമീറ്റർ വരെയുള്ള കാറ്റിന് സാധ്യത. കർണാടകയിലെ വിരാജ് പേട്ട, ഗുണ്ടൽപേട്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കാറ്റുണ്ടാകും.
കണ്ണൂർ ജില്ലയിലെ ഇരിട്ടി, പേരാവൂർ, പയ്യാവൂര്, മട്ടന്നൂർ എന്നിവിടങ്ങളിലും കാറ്റിന് സാധ്യത. ഇന്ന് പകൽ 11:00 മണി മുതൽ രാത്രി 9 വരെയാണ് ഈ പ്രദേശങ്ങളിൽ കാറ്റ് ഉണ്ടാകുകയെന്നും ഉച്ചക്ക് ശേഷം കൂടുതൽ ശക്തമായ രീതിയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.
വായനക്കാർക്ക് Metbeat News ൻ്റെ പുതുവത്സര ആശംസകൾ.