24 മണിക്കൂറിൽ കുലുങ്ങിയത് 38 തവണ ; ഉറക്കമില്ലാതെ തായ്‌വാൻ ജനത
വീണ്ടും കുലുങ്ങി തായ്‌വാൻ. കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിനു പിന്നാലെ തിങ്കളാഴ്ച 24 മണിക്കൂറിനിടയിൽ 38 തവണ കുലുങ്ങി തായ്‌വാൻ . 7.2 തീവ്രതയുള്ളതായിരുന്നു ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ രാജ്യത്തുണ്ടായ ഭൂകമ്പം. അന്ന് നിരവധി പേർ മരിക്കുകയും നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു.
തിങ്കളാഴ്ചയുണ്ടായ ഭൂമികുലുക്കങ്ങളിൽ 9 എണ്ണം തീവ്രതയുള്ള ഭൂചലനങ്ങൾ ആയിരുന്നു . വൈകീട്ട് 5.08ന് 5.3 തീവ്രതയുള്ള ഭൂകമ്പമുണ്ടായതോടെയാണ് തുടക്കം. പിന്നീട് ചെറുതും വലുതുമായ നിരവധി ഭൂചലനങ്ങൾ അനുഭവപ്പെട്ടു. ആദ്യത്തെ ഒമ്പത് മിനിറ്റിൽ മാത്രം 5 കുലുക്കങ്ങളുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത് തായ്‌വാനിലെ ഹോല്യൻ നഗരവും ചുറ്റുപാടുമാണ്. ഭൂകമ്പത്തിനു ശേഷം സാധാരണയുണ്ടാകുന്ന പ്രകമ്പനങ്ങളാണോ ഇന്നലെയുണ്ടായതെന്ന് എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷെ ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ ഉണ്ടായ ഭൂമികുലുക്കത്തിനു പിന്നാലെയുണ്ടായ നൂറുകണക്കിന് പ്രകമ്പനങ്ങളെക്കാൾ തീവ്രതയുള്ളതായിരുന്നു തിങ്കളാഴ്ച ഉണ്ടായ ഭൂചലനങ്ങൾ.
തായ്‌വാൻ പൊതുവെ ഭൂകമ്പസാധ്യത കൂടുതലുള്ള പ്രദേശമാണ് . ഭൂമിക്കടിയിൽ രണ്ട് ഫലകങ്ങൾ കൂട്ടിമുട്ടുന്ന പ്രദേശം ആണ് ഇത് . ഇക്കാരണത്താൽ തന്നെ ഭൂമികുലുക്കങ്ങൾ സർവ്വസാധാരണമാണ് ഇവിടെ . 1999 രാജ്യത്തുണ്ടായ ഭൂകമ്പത്തെ അപേക്ഷിച്ച് ഈ മാസമുണ്ടായ ഭൂകമ്പങ്ങളെല്ലാം ശക്തി കുറഞ്ഞവയാണ് . അന്നത്തെ ഭൂകമ്പത്തിൽ 2400 പേർ മരിച്ചു . തായ്‌വാന്റെ ചരിത്രത്തിലെ ഏറ്റവും നാശനഷ്ടമുണ്ടാക്കിയ പ്രകൃതിക്ഷേഭമായാണ് അന്നത്തെ ഭൂകമ്പത്തെ കണക്കാക്കുന്നത്.
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ
FOLLOW US ON GOOGLE NEWS