കാലവർഷം സ്ഥിരീകരണം വൈകുന്നത് മാനദണ്ഡം പൂർത്തിയാകാത്തതിനാൽ; എന്താണ് അവ? എപ്പോൾ മഴയെത്തും?

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) കേരളത്തിൽ എത്തിയില്ല. ഇന്ന് കാലവർഷം കേരളത്തിൽ എത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ ഇപ്പോഴത്തെ സൂചനകൾ അനുസരിച്ച് രണ്ടു ദിവസത്തിനു ശേഷമേ കാലവർഷക്കാറ്റ് കേരളത്തിൽ എത്താൻ സാധ്യതയുള്ളൂ. മെറ്റ്ബീറ്റ് വെതറിന്റെ പ്രവചന പ്രകാരം ജൂൺ എട്ടിനും മറ്റൊരു സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്‌കൈമെറ്റ് വെതറിന്റെ പ്രവചന പ്രകാരം ജൂൺ 7 നുമാണ് കാലവർഷം കേരളത്തിൽ എത്തേണ്ടത്. കാലവർഷം കേരളത്തിൽ എത്തിയെന്ന് സ്ഥിരീകരിക്കാൻ കാലവസ്ഥാ വകുപ്പിന് ചില മാനദണ്ഡങ്ങളുണ്ട്. അവ പൂർത്തിയായിട്ടില്ല. ഇതാണ് കാലവർഷം എത്തി എന്ന പ്രഖ്യാപനം വൈകാൻ കാരണം.

എന്താണ് ആ മാനദണ്ഡങ്ങൾ

നാലു മാനദണ്ഡങ്ങൾ പൂർത്തിയായാൽ മാത്രമേ കാലവർഷം കേരളത്തിൽ എത്തി എന്ന് സ്ഥിരീകരിക്കാൻ കാലാവസ്ഥാ വകുപ്പിന് കഴിയൂ. എന്തെല്ലാമാണ് അവയെന്ന് നോക്കാം.

മഴ മാനദണ്ഡം:

കാലാവസ്ഥാ വകുപ്പിന്റെ 14 സ്റ്റേഷനുകളിലെ മഴ മാപിനികളിൽ മെയ് 10 ന് ശേഷം 60 ശതമാനത്തിലെങ്കിലും തുടർച്ചയായ രണ്ടു ദിവസമോ അതിൽ കൂടുതലോ 2.5 എം.എം മഴ രേഖപ്പെടുത്തണം. മിനികോയ്, അമിനി, തിരുവനന്തപുരം, പുനലൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കുഡ്‌ലു, മംഗലാപുരം എന്നീ സ്റ്റേഷനുകളാണിവ. ഈ മാനദണ്ഡം നിലവിൽ പൂർത്തിയായിട്ടില്ല.

കാറ്റിന്റെ മാനദണ്ഡം

പടിഞ്ഞാറു നിന്നുള്ള കാറ്റ് അന്തരീക്ഷത്തിലെ 600 മില്ലിബാർ മർദമുള്ള ഉയരത്തിൽ വരെ (ഏകദേശം സമുദ്രോപരിതത്തിൽ നിന്ന് 2.5 കി.മി ഉയരത്തിൽ വരെ) സജീവമാകണം. അക്ഷാംശ രേഖ 5 മുതൽ 10 ഡിഗ്രിവരെ വടക്കിനും രേഖാംശ രേഖ 70 മുതൽ 80 ഡിഗ്രിവരെ കിഴക്കുമുള്ള പ്രദേശത്തെ കാറ്റിന്റെ വേഗത 925 മില്ലി ബാർ ഉയരത്തിൽ വരെ 15 മുതൽ 20 നോട്ടിക്കൽ മൈൽ വേണം. ഈ കാറ്റിന്റെ അളവ് കാലാവസ്ഥാ വകുപ്പിന്റെ ഉപഗ്രഹങ്ങളിലെ ഡാറ്റ മാത്രമേ പരിഗണിക്കൂ.


നിലവിൽ ഈ മാനദണ്ഡവും പൂർത്തിയായിട്ടില്ല. മെറ്റ്ബീറ്റ് വെതർ ഉൾപ്പെടെയുള്ള ഏജൻസികൾ ഈ ഡാറ്റക്ക് അമേരിക്ക ഉൾപ്പെടെയുള്ള വിദേശ ഉപഗ്രഹങ്ങളുടെ ഡാറ്റയാണ് അവലംബിക്കുന്നത്.

ഔട്ട്‌ഗോയിങ് ലോങ് വേവ് റേഡിയേഷൻ (OLR)
ഇൻസാറ്റ് ഉപഗ്രഹ ഡാറ്റ ഉപയോഗിച്ച് അക്ഷാംശ രേഖ 5 ഡിഗ്രി വടക്കു മുതൽ 10 ഡിഗ്രിവരെയും രേഖാംശ രേഖ 70 ഡിഗ്രി മുതൽ 75 ഡിഗ്രി കിഴക്ക് വരെയും ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് ബഹിർഗമിക്കുന്ന റേഡിയേഷൻ അളവ് ചതുരശ്ര മീറ്ററിൽ 200 മെഗാവാട്ട് ആയിരിക്കണം. ഞങ്ങളുടെ നിരീക്ഷണത്തിൽ ഈ ഡാറ്റ ഏതാണ്ട് ഒത്തുവരുന്നുണ്ട്.

ഇനിയെപ്പോഴെത്തും മഴ

അടുത്ത 48 മണിക്കൂറിനകം കാലവർഷക്കാറ്റ് കേരളത്തിൽ എത്താനുള്ള സാധ്യതയുണ്ടെന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്. രണ്ടു ദിവസം തുടർച്ചയായി മുകളിൽ പറഞ്ഞ 14 സ്റ്റേഷനുകളിൽ 60 ശതമാനത്തിലെങ്കിലും മഴ രേഖപ്പെടുത്തണം.

നാളെ ചക്രവാതച്ചുഴി, പിന്നെ ന്യൂനമർദം

നാളെ തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. തുടർന്ന് അത് ശക്തിപ്പെട്ട് ന്യൂനമർദമാകും. കേരളത്തിന് സമാന്തരമായാണ് ന്യൂനമർദം രൂപം കൊള്ളുക. ഇത് പിന്നീട് ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങും. ഈ നീക്കത്തിൽ കാലവർഷക്കാറ്റ് കേരളത്തിലേക്ക് എത്തും. ന്യൂനമർദം ശക്തിപ്പെട്ട് വടക്കു വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുമ്പോൾ കേരളത്തിൽ മഴ കുറയുകയും ചെയ്യും.

കാലവർഷക്കാറ്റിനെ ന്യൂനമർദം ആകർഷിക്കുന്നതും കേരളത്തിലെ ഈർപ്പത്തെ വടക്കോട്ട് കൊണ്ടുപോകുന്നതുമാണ് കാരണം. പിന്നീട് ന്യൂനമർദം ദുർബലമാകുമ്പോൾ കാലവർഷം തിരികെയെത്തുകയും ചെയ്യും. ജൂൺ 7 മുതൽ 12 വരെ കേരളത്തിൽ പ്രത്യേകിച്ച് എറണാകുളും മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment