ചൈനയിൽ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചു, 5 പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തതായി പ്രാദേശിക സർക്കാർ അറിയിച്ചു.

ലെഷാൻ നഗരത്തിനടുത്തുള്ള ജിങ്കൗഹെയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഫോറസ്റ്ററി സ്റ്റേഷനിൽ രാവിലെ 6 മണിക്ക് (2200 ജിഎംടി ശനിയാഴ്ച) ആണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് പ്രാദേശിക സർക്കാർ ഒരു ഓൺലൈൻ പ്രസ്താവനയിൽ പറഞ്ഞു.

“വൈകിട്ട് 3:30 വരെ, 14 പേരുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു, അഞ്ച് പേരെ കാണാതായി”. അധികൃതർ 180-ലധികം ആളുകളെയും രക്ഷാപ്രവർത്തന, ഉപകരണങ്ങളും സൈറ്റിലേക്ക് അയച്ചതായി പ്രസ്താവനയിൽ പറയുന്നു.

നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രവിശ്യാ തലസ്ഥാനമായ ചെങ്ഡുവിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ (150 മൈൽ) തെക്ക് പർവതപ്രദേശത്താണ് ഈ സ്ഥലം.

ചൈനയിലെ ഗ്രാമപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും, പ്രത്യേകിച്ച് മഴയുള്ള വേനൽ മാസങ്ങളിൽ, മണ്ണിടിച്ചിലുകൾ പതിവാണ്. ഏകദേശം 40,000 ആളുകൾ താമസിക്കുന്ന ഈ പ്രദേശം മലനിരകൾക്കും , നദികൾക്കും ഇടയിലാണ്. 2017ൽ ഈ പ്രദേശത്ത് നിരവധി മണ്ണിടിച്ചിലുകൾ ഉണ്ടായിട്ടുണ്ട് . അന്ന് അറുപതിൽ അധികം വീടുകൾക്കു മുകളിൽ മണ്ണിടിഞ്ഞു വീണിരുന്നു.

കൂടാതെ 2019 ൽ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു ഈ പ്രദേശത്ത്. ഇടയ്ക്കിടെ ഭൂകമ്പവും ഈ പ്രദേശത്ത് അനുഭവപ്പെടാറുണ്ട്. 2008ൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 5335 സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ 87,000ത്തിലധികം ആളുകൾ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു.

ഡിസംബറിൽ വടക്കു പടിഞ്ഞാറൻ സിൻജിയാങ് മേഖലയിലെ ഒരു സ്വർണക്കനി തകർന്നിരുന്നു. അന്നവിടെ 40 ഓളം പേർ ഭൂമിക്ക് അടിയിൽ ജോലി ചെയ്യുകയായിരുന്നു.

Leave a Comment