മലവെള്ളപ്പാച്ചിലിൽ പെട്ട കാറിന് ബുൾഡോസറിന്റെ രക്ഷാ കൈ നൽകി ഡ്രൈവർ (വിഡിയോ)

ജീവിതത്തിലേക്ക് കൈ കൊടുത്ത് ബുൾഡോസർ

സൗദി അറേബ്യയിലെ മലവെള്ളപ്പാച്ചിലിൽപ്പെട്ട കാറിന് രക്ഷാ കൈ നൽകി ബുൾഡോസർ .  വിഡിയോ വൈറലാകുന്നു. തെക്കു പടിഞ്ഞാറൻ സൗദി അറേബ്യയിലെ അൽ ബഹയിലെ അൽ മകാവ ഗവർണറേറ്റിലാണ് സംഭവം.

കഴിഞ്ഞ ദിവസം ഇവിടെ കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായിരുന്നു. ഇതിനിടെ വാദികൾ നിറഞ്ഞൊഴുകി. ഇതറിയാതെ വന്ന കാർ കുത്തൊഴുക്കിൽപ്പെടുമെന്ന അവസ്ഥയിലായി.

തന്ത്രപരമായ നീക്കം

അതുവഴിവന്ന ബുൾഡോസർ മലവെള്ളപ്പാച്ചിലിന്റെ ശക്തിയെ തടഞ്ഞു നിർത്തി കാറിന് മുന്നോട്ടുപോകാൻ അവസരമൊരുക്കി. കാറിൽ സൗദി കുടുംബമായിരുന്നുണ്ടായിരുന്നത്. ബുൾഡോസർ ഓടിച്ചയാളും സൗദിയായിരുന്നു. ബുൾഡോസർ ഡ്രൈവറുടെ തന്ത്രപരമായ നീക്കമാണ് ഈ കുടുംബത്തെ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന് സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ പറയുന്നു.

കൈ

കാറിനെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ച ശേഷം ബുൾഡോസർ ഡ്രൈവർ ആഹ്ലാദം പ്രകടിപ്പിക്കുന്നതും കാണാം. കനത്ത മഴയിൽ വാദികൾ മുറിച്ചു കടക്കുന്നത് അപകടമാണെന്ന് പൊലിസ് മുന്നറിയിപ്പ് നൽകാറുണ്ട്. ഇത് അവഗണിച്ചാണ് പലരും അപകടത്തിൽപ്പെടുന്നത്.

അബൂ മേസെൽ എന്നയാളാണ് ബുൾഡോസർ ഓടിച്ചത്. ഓടിയെത്തിയവർ താങ്കൾക്ക് ദൈവം ശക്തി പകരട്ടെയെന്ന് പറയുന്നതും വിഡിയോയിൽ കാണാം. കഴിഞ്ഞ ദിവസം മക്ക, താഇഫ്, അൽ ഖുൻഫുദ, മദീന എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. ഇവിടെ സ്‌കൂളുകൾക്ക് അവധി നൽകി. ഓൺലൈൻ ക്ലാസുകളാണ് ഇന്നലെ നടന്നത്.

ചൊവ്വ വരെ മഴ തുടരും

ചൊവ്വ വരെ സൗദിയിൽ ഇടത്തരം മഴ തുടരുമെന്നാണ് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇന്ന് മദീന, തബൂക്ക്, അൽ ജൗഫ്, അസീർ എന്നിവിടങ്ങളിൽ കനത്ത മഴക്കും ഇടിമിന്നലിനും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇവിടങ്ങളിൽ മഴയും പ്രാദേശിക പ്രളയവും റിപ്പോർട്ട് ചെയ്തു. ഇന്ന് അർധരാത്രി വരെ ഇവിടെ കനത്ത മഴ തുടരുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരും പറയുന്നു. ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വീട്ടിൽ തന്നെ തുടരണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment