സൗദിയിൽ തിങ്കൾ വരെ ഇടിയോടു കൂടെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

റിയാദ്: രാജ്യത്തിന്റ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഏപ്രിൽ 3 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ അമ്പത് കിലോമീറ്റർ വരെ വേഗതയിലുള്ള പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടി.

അസിർ, അൽ ബാഹ, ജസാൻ, നജ്‌റാൻ മുതലായ മേഖലകളിൽ തിങ്കളാഴ്ച വരെയുള്ള കാലയളവിൽ ഇടിയോട് കൂടിയ അതിശക്തമായ മഴ ലഭിച്ചേക്കും. റിയാദിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും, മക്കയുടെ ഏതാനം ഭാഗങ്ങളിലും ശനി, ഞായർ ദിനങ്ങളിൽ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

പ്രവചനമനുസരിച്ച് വ്യാഴം മുതൽ തിങ്കൾ വരെ അസീർ, അൽബഹ, ജസാൻ, നജ്‌റാൻ മേഖലകളിൽ മിതമോ കനത്തതോ ആയ ഇടിമിന്നൽ ബാധിക്കും. ഇതിന്റെ ആഘാതം വ്യാഴം വെള്ളി ദിവസങ്ങളിൽ അൽസുലൈൽ, വാദി അൽദവാസിർ എന്നീ ഗവർണറേറ്റുകളിൽ അനുഭവപ്പെടും. റിയാദ് മേഖലയിലെ ഭൂരിഭാഗം ഗവർണറേറ്റുകളും മക്ക മേഖലയുടെ ചില ഭാഗങ്ങളും ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലിനു സാക്ഷ്യം വഹിക്കും.

തബൂക്ക്, മക്ക മേഖലകൾ, പ്രത്യേകിച്ച് അവയുടെ കിഴക്കൻ ഭാഗങ്ങൾ, ഹായിൽ, വടക്കൻ അതിർത്തി മേഖല, അൽജൗഫ്, റിയാദ്, അൽഖാസിം, കിഴക്കൻ പ്രവിശ്യകൾ, പ്രത്യേകിച്ച് അതിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ വ്യാഴാഴ്ച മുതൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയുള്ള ശക്തമായ മണൽക്കാറ്റ് അനുഭവപ്പെടും. ഇത് അന്തരീക്ഷ കാഴ്ചയെ സാരമായി ബാധിക്കും. തീരദേശ നഗരങ്ങളിൽ തിരമാലകൾ 2.5 മീറ്ററിൽ കൂടുതൽ ഉയരും. ശനി, ഞായർ ദിവസങ്ങളിൽ തിരമാലകളുടെ തീവ്രത വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താപനില ഗണ്യമായി കുറയും. ഇവിടങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ താപനില 26 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞേക്കും. മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാനും കാലാവസ്ഥയെക്കുറിച്ചുള്ള സംഭവവികാസങ്ങൾ പിന്തുടരാനും എൻസിഎം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Leave a Comment