കേരളത്തിലെ മഴ ഉത്തരേന്ത്യയിലെത്തി; തീവ്രമഴ, മിന്നൽ പ്രളയം, കാരണം അറിയാം

കേരളത്തിൽ മഴ ഒഴിഞ്ഞതിനു പിന്നാലെ ഉത്തരേന്ത്യയിൽ തീവ്രമഴയും അതിശക്തമായ മഴയും. കേരളത്തിൽ ഇന്ന് രാവിലെ പലയിടത്തും ഒറ്റപ്പെട്ട മഴ ലഭിച്ചു. ജൂൺ 3 മുതൽ ശക്തമായി കേരളത്തിലൂടെ സഞ്ചരിച്ച കാലവർഷക്കാറ്റ് ഇപ്പോൾ വഴി പിരിഞ്ഞ് ഉത്തരേന്ത്യയിലേക്കും കേരളത്തിന് സമാന്തരമായി സഞ്ചരിച്ച് ഇന്ത്യയുടെ തെക്കേ അറ്റം ചുറ്റി സഞ്ചരിക്കുകയുമാണ്. അതിനാൽ മേഘങ്ങൾ കരകയറുന്നത് ദുർബലമാണ്. കേരള തീരത്തും മേഘസാന്നിധ്യം കുറഞ്ഞു. കടൽക്ഷോഭവും നാളെ മുതൽ കുറയും.

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ എവിടെയും ശക്തമായ മഴ ലഭിച്ചില്ല. വിവിധ സ്റ്റേഷനുകളിലെ മാപിനികളിൽ ഇടത്തരം മഴയോ ചാറ്റൽ മഴയോ ആണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റമാണ് ഇന്ന് പലയിടത്തും വെയിൽ തെളിയാൻ കാരണം. എന്നാൽ ഗുജറാത്ത് തീരം മുതൽ വടക്കൻ ജില്ലകളിൽ വരെ നീണ്ടു നിൽക്കുന്ന ന്യൂനമർദ പാത്തി കാരണം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം.

ഉത്തരേന്ത്യയിൽ തീവ്രമഴ, യാത്രക്കാർ ശ്രദ്ധിക്കുക

തെക്കുപടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മി ഉയരത്തിലായി ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. കാലവർഷ പാത്തിയും ഉത്തരേന്ത്യയിൽ സജീവമാണ്. ഇതോടൊപ്പം പശ്ചിമവാതത്തിന്റെ സ്വാധീനവുമുള്ളതിനാൽ തീവ്രമഴയും അതിശക്തമായ മഴയും അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു.


കാലവർഷ പാത്തിയുടെ പടിഞ്ഞാറൻ അഗ്രം തെക്ക് നോർമൽ പൊസിഷനിലും കിഴക്കൻ അഗ്രം വടക്ക് നോർമൽ പൊസിഷനിലുമാണ്. ഹിമാചൽ പ്രദേശിൽ ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ 16.6 സെ.മി മഴ ലഭിച്ചു. രാവിലെ മുതൽ കനത്ത മഴ തുടർന്നു. മിന്നൽ പ്രളയവും റിപ്പോർട്ട് ചെയ്തു. ജൂലൈ 12 വരെ ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തിന് വരെ സാധ്യതയുള്ളതിനാൽ ഈ മേഖലയിലേക്കുള്ള വിനോദസഞ്ചാരമോ യാത്രയോ സുരക്ഷിതമല്ല.


പടിഞ്ഞാറൻ ഹിമാലയത്തിലും മഴ തുടരുമെങ്കിലും ഉത്തരാഖണ്ഡിലും ഹിമാചലിലുമാകും കനത്ത മഴ തുടരുക. ന്യൂനമർദം ഇന്ത്യയുടെ കിഴക്കൻ മേഖലയിലേക്ക് നീങ്ങുന്നതിനാൽ മഴ ഏതാനും ദിവസത്തിനുള്ളിൽ ബംഗാളിലേക്കും വ്യാപിക്കും.

Leave a Comment