കനത്ത മഴ: ഹിമാചലിൽ മണ്ണിടിച്ചിലിൽ 5 പേർ മരിച്ചു, മാണ്ഡി, ചണ്ഡീഗഡ്-മണാലി ഹൈവേയിൽ നിരവധി കടകൾ ഒലിച്ചുപോയി

ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ അഞ്ച് പേർ മരിക്കുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. ഷിംല ജില്ലയിലെ കോട്ഗഢ് മേഖലയിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.
മണ്ണിടിച്ചിലിൽ കുളു ടൗണിനടുത്തുള്ള താൽക്കാലിക വീടിനും കേടുപാടുകൾ സംഭവിച്ചു. ഒരു സ്ത്രീ മരിച്ചു.
കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ ഹിമാചലിൽ 13 ഉരുൾപൊട്ടലും ഒമ്പത് ഇടങ്ങളിൽ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.

കനത്ത മഴ മാണ്ഡി, കുളു, ലാഹൗൾ, സ്പിതി ജില്ലകളിൽ നാശം വിതച്ചു. മണാലിക്കടുത്തുള്ള ബഹാംഗിൽ വെള്ളപ്പൊക്കത്തിൽ നിരവധി കടകൾ ഒലിച്ചുപോയി, കുളു ജില്ലയിലെ പട്‌ലികുഹാലിനടുത്തുള്ള വെള്ളപ്പൊക്കത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു വീട് മുങ്ങി. ഷിംല ജില്ലയുടെ പല ഭാഗങ്ങളിലും മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. തൂത്തിക്കണ്ടി ബൈപ്പാസിനു സമീപം റോഡിൽ മരങ്ങളും അവശിഷ്ടങ്ങളും വീണ് ഗതാഗതം തടസ്സപ്പെട്ടു. ആനദാലെ റോഡും പന്തഘട്ടി-കസുംപ്തി റോഡും അടച്ചു.

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഞായറാഴ്ച മുഴുവൻ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജമ്മു കശ്മീരിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ തിങ്കളാഴ്ച വരെയും കിഴക്കൻ രാജസ്ഥാൻ, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ ഞായറാഴ്ച വരെയും ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രവചിക്കപ്പെടുന്നു. കനത്ത മഴയെ തുടർന്ന് പാണ്ഡോ അണക്കെട്ട് തുറന്നതിനെ തുടർന്ന് ബിയാസ് നദിയിലെ ജലനിരപ്പ് വർധിച്ച് അപകടരേഖയ്ക്ക് മുകളിൽ ഒഴുകുകയാണ്. ബിയാസ് നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി. ഹിമാചല്‍ പ്രദേശിലെ ഏഴ് ജില്ലകളിലും ഉത്തരാഖണ്ഡിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഡല്‍ഹിയില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറിനിടെ 153 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്നാണ് കണക്ക്. 1982 ജൂലൈയ്ക്ക് ശേഷം സംസ്ഥാനത്ത് ഒരു ദിവസം പെയ്യുന്ന ഉയര്‍ന്ന മഴയാണ്. കനത്ത മഴയില്‍ നഗരത്തിന്‌റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇത് ഗതാഗതം താറുമാറാക്കി. വീടിന്‌റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഡല്‍ഹിയില്‍ 58 കാരി മരിച്ചു. തെക്കു പടിഞ്ഞാറന്‍ രാജസ്ഥാനിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശ നഷ്ടമാണ് ഉണ്ടായത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.

Leave a Comment